'യവനിക' താഴ്ന്നു; സ്വപ്നാടനം മുതൽ ഇലവങ്കോട് ദേശം വരെ..!

മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച ജീനിയസായ സംവിധായകനാണ് കെ.ജി.ജോർജ്. മലയാളത്തിലെ ആദ്യത്തെ ഇൻവസ്റ്റിഗേഷൻ ത്രില്ലറായ യവനിക, സൈക്കോളജിക്കൽ ത്രില്ലറായ ഇരകൾ, പഞ്ചവടിപ്പാലം പോലുള്ള ലക്ഷണമൊത്ത ഒരു രാഷ്ട്രീയ ആക്ഷേപഹാസ്യ ചിത്രം, ആദാമിന്റെ വാരിയെല്ല് പോലുള്ള ഒരു സ്ത്രീപക്ഷ സിനിമ, ഇലവങ്കോട് ദേശം പോലുള്ള ഒരു പീരിയഡ് സ്റ്റോറി, സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന ബയോപിക് – ലേഖയുടെ മരണം ഒരു ഫ്ലാഷ്ബാക്ക് തുടങ്ങി വൈവിധ്യങ്ങളുടെ ഘോഷയാത്രയായിരുന്നു കെ.ജി.ജോർജിന്റെ സിനിമകൾ.

മറ്റ് സംവിധായകരിൽ നിന്ന് വ്യത്യസ്തമായി വ്യക്തിത്വമുള്ള സ്ത്രീ കഥാപാത്രങ്ങളാണ് കെ. ജി ജോർജിന്റെ  സിനിമകളിൽ പ്രത്യക്ഷപ്പെടുന്നത്. നിത്യ ജീവിതത്തിൽ നാം കാണുന്ന നന്മയുടെയും തിന്മയുടെയും അംശങ്ങളുള്ള പച്ചയായ പെണ്ണുങ്ങൾ. ഗ്രാമത്തിന്‍റെ വിശുദ്ധി എന്ന സങ്കല്പം പൊള്ളയാണെന്ന് കാണിക്കുന്നുണ്ട് 'കോലങ്ങളി'ൽ.

'യവനിക'യിലും  സാഹചര്യങ്ങളുടെ സമ്മർദത്തിൽ നിസ്സഹായയായി പോവുന്ന പെണ്ണുണ്ട്. മലയാള സിനിമയിൽ പൊതുവെ തുറന്നു ചർച്ച ചെയ്യാൻ മടിയുള്ള വിഷയമാണ് സ്ത്രീ ലൈംഗികത. സെമി പോണ്‍ ചിത്രങ്ങളിലൂടെ പ്രത്യക്ഷപ്പെടുന്ന വൈകൃത കാഴ്ച്ചകളല്ലാതെ സ്ത്രീയുടെ കാമനകളെ കുറിച്ച് സിനിമ പ്രതിപാദിക്കാറില്ല. 'ഇര'കളിലെ ആനി വ്യത്യസ്തയാവുന്നതും ഇവിടെയാണ്‌.

കാലാന്തരങ്ങള്‍ക്കുമപ്പുറം പ്രേക്ഷക മനസ്സില്‍ കുടിയിരിക്കുന്ന ചിത്രങ്ങൾ വിരലിലെണ്ണാവുന്നതേ പിറവി എടുക്കാറുള്ളൂ. മലയാളത്തിൽ അത്തരം സിനിമകളുടെ കൂട്ടത്തിൽ മുൻനിരയിൽ തന്നെയുണ്ട് എന്നും കെ.ജി.ജോർജിന്റെ ചിത്രങ്ങൾ.

1982ൽ ഭരത് ഗോപി കേന്ദ്ര കഥാപാത്രമായെത്തിയ കുറ്റന്വേഷണ ചിത്രമാണ് യവനിക.  നാല്പതാണ്ടിനിപ്പുറവും അത് ഒരു അമ്പരപ്പോടെയല്ലാതെ കണ്ടുതീർക്കാൻ കഴിയില്ല. തബലിസ്റ്റ് അയ്യപ്പന്‍ എന്ന കഥാപാത്രമായി ചിത്രത്തിൽ നിറഞ്ഞാടിയത് ഭരത് ഗോപിയാണ്. പ്രഫഷണൽ നാടക ട്രൂപ്പിന്റെ പശ്ചാത്തലത്തില്‍ അരങ്ങേറിയ കൊലപാതകവും പിന്നീണ്ടായ ചില അന്വേഷണാത്മകമായ സംഭവ വികാസങ്ങളുമൊക്കെയാണ് യവനിക എന്ന ചിത്രത്തില്‍ പറയുന്നത്. മമ്മൂട്ടി, ജലജ, നെടുമുടി വേണു, വേണു നാഗവള്ളി, തിലകന്‍, ജഗതി ശ്രീകുമാര്‍, ശ്രീനിവാസന്‍ തുടങ്ങിയ താരങ്ങളും അണിനിരന്ന ചിത്രം സംസ്ഥാന സർക്കാറിന്റെതുൾപ്പെടെ നിരവധി അവാർഡുകൾ വാരിക്കൂട്ടിയ ചിത്രമാണ്.

കെ.ജി.ജോർജിന്റെ സിനിമകൾ

സ്വപ്നാടനം (1976), വ്യാമോഹം (1978), രാപ്പാടികളുടെ ഗാഥ (1978), ഇനി‍യവൾ ഉറങ്ങട്ടെ (1978), ഓണപ്പുടവ(1978), മണ്ണ് (1978), ഉൾക്കടൽ(1979), മേള(1980), കോലങ്ങൾ (1981), യവനിക(1982), ലേഖയുടെ മരണം ഒരു ഫ്ലാഷ് ബാക്ക് (1983), ആദാമിന്റെ വാരിയെല്ല് (1984), പഞ്ചവടിപ്പാലം(1984) , ഇരകൾ(1985) , കഥക്ക് പിന്നിൽ(1987) , മറ്റൊരാൾ (1988) യാത്രയുടെ അന്ത്യം (1989), ഈ കണ്ണിൽ കൂടി (1990), ഇലവങ്കോട് ദേശം (1998).

Tags:    
News Summary - KG George's films

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.