കോട്ടയം: കെവിൻ വധവുമായി ബന്ധപ്പെട്ട് രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെന്ന് അന്വേഷണ ചുമതലയുള്ള ഐ.ജി വിജയ് സാഖറെ. ഗാന്ധിനഗർ എ.എസ്.ഐ ബിജു, പൊലീസ് ഡ്രൈവർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. കെവിനെ തട്ടിക്കൊണ്ടു പോകാൻ പൊലീസ് സഹായം ലഭിച്ചിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥരെ പ്രതിപട്ടികയിൽ ഉൾപ്പെടുത്തുമെന്നും ഐ.ജി മാധ്യമങ്ങളോട് പറഞ്ഞു.
കസ്റ്റഡിയിലുള്ള പൊലീസുകാരെ ചോദ്യം ചെയ്യുകയാണ്. കുറ്റവാളികളിൽ നിന്ന് കൈകൂലി വാങ്ങിയത് അടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ട്. കെവിനെ തട്ടിക്കൊണ്ടു പോയ കേസിൽ നിലവിൽ ആറു പേരെ അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ കൊലപാതകം, ഗൂഢാലോചന, തട്ടിക്കൊണ്ടു പോകൽ ചുമത്തിയിട്ടുണ്ടെന്നും ഐ.ജി വ്യക്തമാക്കി.
കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ കണ്ടെത്താനുണ്ട്. കെവിന്‍റെ ബന്ധു അനീഷിന്‍റെ മൊഴി കൃത്യമാണ്. തെന്മലയിൽ വെച്ച് കെവിൻ രക്ഷപ്പെട്ടെന്നാണ് എല്ലാ പ്രതികളും മൊഴി നൽകിയിട്ടുള്ളത്. ഇക്കാര്യത്തിൽ വിശ്വാസ്യത പോരെന്നും കൂടുതൽ അന്വേഷണം നടത്തുമെന്നും ഐ.ജി അറിയിച്ചു. കേസിൽ 14 പ്രതികളുണ്ട്. ബാക്കി പ്രതികളെ കൂടി പിടികൂടിയ ശേഷം പൂർണ വിവരങ്ങൾ നൽകാമെന്നും ഐ.ജി. വ്യക്തമാക്കി.
പൊലീസുകാർ കോഴ വാങ്ങിയെന്ന ആരോപണം നിലനിൽക്കെ വിജിലൻസ് അന്വേഷണത്തിനുള്ള സാധ്യത തള്ളികളയാനാകില്ല. വിജിലൻസ് അന്വേഷണം സംബന്ധിച്ച തീരുമാനം വൈകിട്ടോടെ ഉണ്ടാകുമെന്നും ഐ.ജി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.