തിരുവനന്തപുരം: ഐ.ജി.എസ്.ടി (സംയോജിത ചരക്കുസേവന നികുതി) ഇനത്തില്‍ കേരളത്തിന് ലഭിക്കേണ്ട തുകയില്‍ നിന്ന് 965.16 കോടി രൂപ കേന്ദ്രം വെട്ടിക്കുറച്ചു. വിവിധ വ്യാപാര സ്ഥാപനങ്ങള്‍ നല്കിയ കണക്കുകളില്‍ തട്ടിപ്പു നടന്നതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് പങ്കുവെക്കേണ്ട നികുതിയിലും വെട്ടിക്കുറവ് വരുത്തിയത്.
ഏപ്രിലില്‍ ഐ.ജി.എസ്.ടി ഇനത്തില്‍ ലഭിക്കേണ്ട 1700 കോടി രൂപയില്‍ നേരത്തെയുള്ള പൂളിലെ നഷ്ടം കണക്കാക്കിയാണ് 965.16 കോടി രൂപ കുറച്ച് സംസ്ഥാനത്തിന് നല്‍കിയതെന്ന് മന്ത്രി കെ.എന്‍. ബാലഗോപാല്‍ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ഐ.ജി.എസ്.ടി സംബന്ധിച്ച് കൃത്യമായ കണക്ക് ഇപ്പോഴും ചരക്കുസേവനനികുതി സമ്പ്രദായത്തില്‍ ലഭ്യമാക്കിയിട്ടില്ല. പൊതുമേഖല സ്ഥാപനങ്ങളുടെ നിക്ഷേപത്തിനും വായ്പക്ക് ഗാരന്റി നില്‍ക്കുന്നതിന്റെ പേരില്‍ ഈ വര്‍ഷം സംസ്ഥാന സര്‍ക്കാറിന് വായ്പയെടുക്കാവുന്ന തുകയില്‍ നിന്ന് 3300 കോടി രൂപ കുറച്ചിരുന്നു. ഗാരന്റി റിഡംപ്ഷന് ഫണ്ടിന്റെ പേര് പറഞ്ഞാണ് കേരളത്തിന്റെ വായ്പ അനുപാതത്തില്‍ കുറവ് വരുത്തിയത്.
80,000 കോടി രൂപക്കാണ് സംസ്ഥാനം ഗാരന്റി നില്‍ക്കുന്നത്. ഇതിന്റെ അഞ്ച് ശതമാനം ഗാരന്റി റിഡംപ്ഷന് ഫണ്ടായി മാറ്റിവെക്കണമെന്നാണ് ഈ വര്‍ഷം വായ്പയെടുക്കുന്നതിനുള്ള നിബന്ധനയായി കേന്ദ്രം പറഞ്ഞത്. അങ്ങനെ ചെയ്തില്ലെങ്കില്‍ വായ്പയെടുക്കാവുന്നതില്‍ നിന്ന് ജി.എസ്.ഡി.പിയുടെ 0.25 ശതമാനം, അതായത് 3300 കോടി രൂപ കുറക്കുമെന്ന് കഴിഞ്ഞദിവസം അറിയിച്ചു. ഈ വര്‍ഷം ഡിസംബര്‍ വരെ 29,529 കോടിയാണ് വായ്പയെടുക്കാവുന്നതെന്ന് അറിയിച്ചതിന് പിന്നാലെയാണിത്. ഇതിനു പുറമെയാണ് ഐ.ജി.എസ്.ടിയിലെ വെട്ടിക്കുറവെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.