വേനൽമഴ ശക്തമാകുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: കേരളത്തിൽ വേനൽമഴ ശക്തമായ സാഹചര്യത്തിൽ വരുംദിവസങ്ങളിൽ വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കുകിഴക്കൻ അറബിക്കടലിലെ ചക്രവാതചുഴി മുതൽ മധ്യപ്രദേശ് വരെ നീളുന്ന ന്യൂനമർദപാത്തിയുടെ സ്വാധീനഫലമായാണ് സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരുന്നത്. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ മഞ്ഞ അലർട്ട് നിലവിലുണ്ട്.

അടുത്ത 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ പ്രവചനം. തിങ്കളാഴ്ച കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും ചൊവ്വാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ബുധനാഴ്ച എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിലും മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. കേരള തീരത്ത് മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില സമയങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ വീശിയേക്കാവുന്ന കാറ്റിനും മോശം കാലാവസ്ഥക്കും സാധ്യതയുണ്ട്.

മഴ നിലനിൽക്കുമ്പോഴും സംസ്ഥാനത്തെ അൾട്രാവയലറ്റ് സൂചികയിലെ വർധന ആശങ്കയുണ്ടാക്കുന്നുണ്ട്. പത്തനംതിട്ട ജില്ലയിൽ യു.വി ഇൻഡക്സ് പത്ത് രേഖപ്പെടുത്തി. ഇത് 11-ലേക്ക് എത്തിയാൽ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. നിലവിൽ കൊല്ലം (09), ആലപ്പുഴ (08), മലപ്പുറം (08) ജില്ലകളിൽ ഓറഞ്ച് അലർട്ടും, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ ജില്ലകളിൽ യെല്ലോ അലർട്ടും നിലനിൽക്കുന്നു. കഴിഞ്ഞ ദിവസം കൊല്ലം, തൃശൂർ ജില്ലകളിലാണ് സംസ്ഥാനത്തെ ഉയർന്ന താപനില രേഖപ്പെടുത്തിയത്.

Tags:    
News Summary - Kerala: Yellow Alert as Summer Rain, Thunderstorms Intensify

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.