കേരളവർമ കോളജ് യൂനിയൻ തെരഞ്ഞെടുപ്പ്: റീകൗണ്ടിങ്ങിൽ കെ.എസ്.യു തോറ്റു; കോടതിയെ സമീപിക്കുമെന്ന് നേതാക്കൾ

തൃശൂർ: ശ്രീ കേരളവർമ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ ഏറെ നാടകീയതകൾക്കും തർക്കങ്ങൾക്കുമൊടുവിൽ നടന്ന റീകൗണ്ടിങ്ങിൽ കെ.എസ്.യുവിന് പരാജയം. ബുധനാഴ്ച അർധ രാത്രിവരെ നീണ്ട നാടകീയ സംഭവങ്ങൾക്കൊടുവിലാണ് 11 വോട്ടിന്‍റെ ലീഡിൽ ചെയർമാനായി എസ്.എഫ്.ഐയുടെ അനിരുദ്ധൻ വിജയിച്ചതായി പ്രഖ്യാപനം വന്നത്.

ആദ്യത്തെ വോട്ടെണ്ണലിൽ ഒരുവോട്ടിന് ജയിച്ച കെ.എസ്.യു സ്ഥാനാർഥി ശ്രീകുട്ടന്‍റെ ജയം അംഗീകരിക്കില്ലെന്നും റീകൗണ്ടിങ് വേണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെടുകയായിരുന്നു. നേരത്തേ കെ.എസ്.യു 896, എസ്.എഫ്.ഐ 895 എന്നതായിരുന്നു വോട്ടിങ് നില. ഫലം പുനഃപരിശോധിക്കണമെന്നും വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് കോടതിയിൽ പോകാൻ തീരുമാനിച്ചതായി കെ.എസ്.യു നേതാക്കൾ അറിയിച്ചു. സർവകലാശാല വൈസ് ചാൻസലർക്കും പരാതി നൽകും.

കേരളവർമ കോളജിന്‍റെ 41 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ജനറൽ സീറ്റിൽ കെ.എസ്.യു സ്ഥാനാർഥി ഒരുവോട്ടിന്‍റെ ലീഡിലെത്തിയത്. ഇതോടെ പ്രവർത്തകർ ആഘോഷം തുടങ്ങിയിരുന്നു. എസ്.എഫ്.ഐ റീകൗണ്ടിങ് ആവശ്യപ്പെട്ടതോടെയാണ് കാര്യങ്ങൾ മാറി മറിഞ്ഞത്. കെ.എസ്.യു പരാതിപ്പെട്ടെങ്കിലും റീകൗണ്ടിങ് തുടരാൻ റിട്ടേണിങ് ഓഫിസർ തീരുമാനിച്ചു. ഇതിനിടെ രണ്ടുതവണ വൈദ്യുതി തടസ്സപ്പെട്ടു. ഇതോടെയാണ് കെ.എസ്.യു അട്ടിമറി ആരോപണം ഉയർത്തിയത്.

പാലക്കാട് മുണ്ടൂർ സ്വദേശിയാണ് ഫൈനൽ ഇയർ ബി.എ പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയായ കാഴ്ച പരിമിതിയുള്ള ശ്രീക്കുട്ടൻ. വലിയ വെല്ലുവിളി തന്നെയായിരുന്നു തെരഞ്ഞെടുപ്പെന്നും പലഭാഗത്തുനിന്നും സമ്മർദങ്ങളുണ്ടായിരുന്നുവെന്നും ശ്രീക്കുട്ടൻ പറഞ്ഞു. അട്ടിമറിക്ക് കൂട്ടുനിന്നുവെന്നാരോപിച്ച് കെ.എസ്.യു പ്രവർത്തകർ കൊച്ചിൻ ദേവസ്വം ബോർഡ് ഓഫിസിലേക്ക് പ്രതിഷേധം സംഘടിപ്പിച്ചു. തൃശൂർ കോർപറേഷന് മുന്നിൽ കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ വൈകീട്ടോടെ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.

ആദ്യഘട്ട കൗണ്ടിങ് പൂർത്തിയായപ്പോൾ കെ.എസ്.യു സ്ഥാനാർഥിയായ താൻ ഒരുവോട്ടിന് ജയിച്ചതായി ശ്രീക്കുട്ടൻ പറഞ്ഞു. എന്നാൽ, എസ്.എഫ്.ഐ ഇത് അംഗീകരിച്ചില്ല. അവർ റീ കൗണ്ടിങ് ആവശ്യപ്പെടുകയും അത് നടത്താൻ തുടങ്ങുകയും ചെയ്തു. ഇതിനിടെ പല സമയത്തും വൈദ്യുതി പോയതോടെ റീ കൗണ്ടിങ് പലപ്പോഴും തടസ്സപ്പെട്ടു. കൗണ്ടിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഇടത് ആഭിമുഖ്യമുള്ള അധ്യാപകരടക്കം തെരഞ്ഞെടുപ്പ് വിധി അട്ടിമറിക്കാൻ കൂട്ടുനിന്നതായി സംശയിക്കുന്നതായി ശ്രീക്കുട്ടൻ പറഞ്ഞു.

നിയമനടപടികൾ സ്വാഗതം ചെയ്യുന്നു -എസ്.എഫ്.ഐ

തൃശൂർ: കേരളവർമ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിലെ പരാജയത്തെ നിയമപരമായി നേരിടുമെന്ന കെ.എസ്.യു തീരുമാനം സ്വാഗതം ചെയ്യുന്നതായി എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്‍റ് പി.എം. ആർഷോ. തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കാനുള്ള ആസൂത്രണ ശ്രമമാണ് അവർ നടത്തിയത്. പ്രിന്‍സിപ്പല്‍ രാഷ്ട്രീയമായി പെരുമാറിയെന്നതാണ് തങ്ങളുടെ അനുഭവമെന്നും ആര്‍ഷോ പറഞ്ഞു.

റീകൗണ്ടിങ് തുടരാൻ മാനേജർ ആവശ്യപ്പെട്ടെന്ന് പ്രിൻസിപ്പൽ

തൃശൂർ: കേരളവർമ കോളജ് യൂനിയൻ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കത്തിൽ പ്രതികരണവുമായി പ്രിൻസിപ്പൽ ടി.ഡി. ശോഭ. കെ.എസ്.യു സ്ഥാനാർഥി ശ്രീകുട്ടൻ ഒരു വോട്ടിന് ജയിക്കുകയും എസ്.എഫ്.ഐ റീകൗണ്ടിങ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഇതുപ്രകാരം വോട്ടെണ്ണൽ നടക്കുമ്പോൾ നിർത്തിവെക്കാൻ കെ.എസ്.യു ആവശ്യപ്പെട്ടു. ഇതേത്തുടർന്ന് ചർച്ച നടത്തി. എന്നാൽ, കോളജ് മാനേജറായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എം.കെ. സുദർശൻ വോട്ടെണ്ണൽ തുടരാൻ ആവശ്യപ്പെട്ടതായി അവർ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

നടന്നത് ഗൂഢാലോചന -കെ.എസ്.യു

തൃശൂർ: കേരളവർമ കോളജ് യൂനിയൻ തെരഞ്ഞെടുപ്പിൽ റീകൗണ്ടിങ്ങിൽ നടന്നത് കൃത്യമായ ഗൂഢാലോചനയാണെന്ന് കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ. മന്ത്രിയും മാനേജരും ഇതിൽ ഇടപെട്ടു. ഇടതുപക്ഷ അധ്യാപകര്‍ എസ്.എഫ്‌.ഐക്ക് പൂര്‍ണ പിന്തുണയും ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നതിനു കൂട്ടുനില്‍ക്കുകയും ചെയ്തതായി അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Kerala Varma College Union Election: KSU lost in recount; The leaders will approach the court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.