വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ.

വ്യാജ സർട്ടിഫിക്കറ്റ്: പതിനെട്ടടവും പയറ്റാനൊരുങ്ങി കേരള സർവകലാശാല; കുട്ടികൾക്ക് പഠിച്ച് ജയിക്കുന്നതിനേക്കാൾ എളുപ്പവഴി തേടാനാണ് താത്പര്യമെന്ന് വി.സി

തിരുവനന്തപുരം: വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ പതിനെട്ടടവും പയറ്റാനൊരുങ്ങി കേരള സർവകലാശാല. പുതിയ കുട്ടികൾക്ക് പഠിച്ച് ജയിക്കുന്നതിനേക്കാൾ എളുപ്പവഴി പോകാനാണ് താത്പര്യമെന്ന് വൈസ് ചാൻസലർ ഡോ. മോഹൻ കുന്നുമ്മൽ. വ്യാജ സർട്ടിഫിക്കറ്റുകൾ തടയാൻ ഡിജി ലോക്കർ സംവിധാനം ഉപയോഗിക്കാനാണ് തീരുമാനം. കേന്ദ്രസർക്കാരിന്റെ ഡിജി ലോക്കർ വാലറ്റിൽ സർട്ടിഫിക്കറ്റുകൾ ചേർത്തുകഴിഞ്ഞാൽ അത് സർവകലാശാലക്ക് പരിശോധിക്കാനും യാഥാർഥ്യം കണ്ടെത്താനും സാധിക്കുമെന്ന് വി.സി പറഞ്ഞു.

കായങ്കുളം എം.എസ്.എം. കോളജിൽ മുൻ എസ്.എഫ്.ഐ പ്രവർത്തകനായിരുന്ന നിഖിൽ തോമസ് കലിംഗ സർവകലാശാലയുടെ വ്യാജ സർട്ടിഫിക്കറ്റ് ഉപേയോഗിച്ച് പി.ജിക്ക് പ്രവേശനം നേടിയ വിഷയത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

മറ്റേതെങ്കിലും സർവകലാശാലയിൽ പഠിച്ചതിന്റെ സർട്ടിഫിക്കറ്റ് ഹാജരാക്കുമ്പോൾ അത് പരിശോധിക്കേണ്ടതിന്റെ ഉത്തരവാദിത്വം അതത് കോളജുകൾക്കാണ്. അങ്ങനെയാണ് സർവകലാശാല ചട്ടത്തിലും പറയുന്നത്. സർട്ടിഫിക്കറ്റുകൾ പ്രിൻസിപ്പൽമാർ പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന ചട്ടം കർശനമാക്കുമെന്നും അദ്ദേഹം പറഞ്ഞു.

കോളജുകൾക്കും സർവകലാശാലയ്ക്കും സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിന് പരിമിതികൾ ഉണ്ട്. ഏതെങ്കിലും വിദ്യാർഥി സമർപ്പിച്ച സർട്ടിഫിക്കറ്റിൽ പ്രഥമദൃഷ്ട്യാ തന്നെ സംശയം തോന്നിയാൽ അക്കാര്യം സർവകലാശാലയെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.യു പ്രവർത്തകൻ അൻസിലിന്റെ വിഷയത്തിൽ അയാൾക്കെതിരെ കേസെടുക്കാൻ പൊലീസിനോട് ആവശ്യപ്പെട്ടിട്ടില്ലെന്ന് വൈസ് ചാൻസലർ വ്യക്തമാക്കി.

ഒരു പത്രത്തിൽ ഇതേപ്പറ്റി ഒരു വാർത്ത വന്നു. പരിശോധിച്ചപ്പോൾ അത്തരമൊരു സർട്ടിഫിക്കറ്റ് സർവകലാശാല ഇഷ്യു ചെയ്തതല്ലെന്ന് വ്യക്തമാക്കി. സർവകലാശാലായുടെ പേരിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പ്രതിഛായയെ ബാധിക്കുമെന്നതിനാൽ ഇത് ആരാണ് തയ്യാറാക്കിയതെന്ന് കണ്ടെത്തി ഉചിതമായ നടപടി സ്വീകരിക്കാനാണ് പരാതി നൽകിയിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു. നിഖിലിന്റെ വിഷയത്തിൽ കോളേജിൽ നിന്ന് ലഭിച്ച മറുപടിയിൽ തൃപ്തികരമല്ല. ഇതിൽ, സിൻഡിക്കേറ്റ് യോഗം ചേർന്ന് ഉചിതമായ നടപടിയെടുക്കുമെന്നും വി.സി പറഞ്ഞു. 

Tags:    
News Summary - Kerala University ready to stop fake certificate

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.