ന്യൂഡൽഹി: സുപ്രീംകോടതിയുടെ ഇടപെടലിനെതുടർന്ന് പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയെ കേരളത്തിലേക്ക് കൊണ്ടുപോകാനുള്ള ചെലവ് കർണാടകസർക്കാർ 14.8 ലക്ഷത്തിൽ നിന്ന് കേവലം ഒരു ലക്ഷം രൂപയാക്കി വെട്ടിച്ചുരുക്കി. മഅ്ദനിയുടെ അഭിഭാഷകർ ഇൗ ചെലവ് അംഗീകരിച്ചത് രേഖപ്പെടുത്തിയ സുപ്രീംകോടതി ചെലവിനെചൊല്ലിയുള്ള തർക്കത്തിൽ മഅ്ദനിക്ക് നഷ്ടപ്പെട്ട ദിവസങ്ങൾ വകവെച്ചുനൽകാനും ഉത്തരവിട്ടു. മഅ്ദനിയിൽ നിന്ന് ചെലവ് ഇൗടാക്കിയ ഇൗ ഉത്തരവ് ഭാവിയിൽ കീഴ്വഴക്കമാക്കരുതെന്ന അഡ്വ. പ്രശാന്ത് ഭൂഷണിെൻറ ആവശ്യവും ജസ്റ്റിസ് എസ്.എ. ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് അംഗീകരിച്ചു.
വെള്ളിയാഴ്ച കേസ് പരിഗണിക്കുന്നതിന് തൊട്ടുമുമ്പാണ് കർണാടകസർക്കാർ അഭിഭാഷകൻ അഡ്വ. അരിസ്റ്റോട്ടിൽ ചെലവ് വെട്ടിച്ചുരുക്കിയ പുതിയ കണക്ക് മഅ്ദനിയുടെ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാന് സമർപ്പിച്ചത്. സുപ്രീംകോടതി തിരിച്ചയച്ച ബില്ലിൽ െപാലീസ് അകമ്പടിക്കുള്ള ചെലവായി 12.54 ലക്ഷം രൂപയും അതിെൻറ 18 ശതമാനം ചരക്കുസേവനനികുതിയും കൂട്ടി 14.8 ലക്ഷമായിരുന്നു കാണിച്ചിരുന്നത്. എന്നാൽ, കോടതി എടുത്തുകുടഞ്ഞതിനെതുടർന്ന് ആ തുക കുത്തനെ കുറച്ച് 1,00,250 രൂപയാക്കിയ കർണാടകസർക്കാർ 18 ശതമാനം ചരക്കുസേവനനികുതിയായി 18,045 രൂപ കൂടി ചേർത്ത് 1,18,295 രൂപ മഅ്ദനി നൽകണമെന്നാണ് പുതിയ ബില്ലിലൂടെ ആവശ്യപ്പെട്ടത്.
അകമ്പടി വരുന്ന അസി. െപാലീസ് കമീഷണർക്ക് പ്രതിദിനം നേരേത്ത കണക്കാക്കിയ 8400 രൂപക്ക് പകരം 600 രൂപ ദിനബത്ത മതിയെന്നും ആകെ രണ്ടേകാൽ ലക്ഷം രൂപക്ക് പകരം കേവലം 6000 മതിയെന്നും ബില്ലിലുണ്ട്. വാഹനചെലവ് കി. മീറ്ററിന് 10 രൂപ നിരക്കിൽ 2000 കി. മീറ്ററിന് 20,000 രൂപയായും കണക്കാക്കി. ജസ്റ്റിസുമാരായ എസ്.എ. ബോബ്ഡെയും എൽ. നാഗേശ്വര റാവുവും അടങ്ങുന്ന ബെഞ്ച് മുമ്പാകെ മഅ്ദനിക്ക് വേണ്ടി ഹാജരായ അഡ്വ. പ്രശാന്ത് ഭൂഷൺ ഇൗ ചെലവ് വഹിക്കാമെന്ന് ബോധിപ്പിച്ചു.
മകളുടെ വിവാഹത്തിന് വന്നപ്പോൾ നാല് െപാലീസുകാരെയാണ് അകമ്പടിയായി വിട്ടിരുന്നതെന്നും ഇപ്പോൾ 19 പേരാണെന്നും ഇത്രയും െപാലീസുകാരുടെ ആവശ്യമില്ലെന്നും പ്രശാന്ത് ഭൂഷൺ വാദിച്ചെങ്കിലും വിഷയം സുരക്ഷയുമായി ബന്ധപ്പെട്ടതായതിനാൽ ഭരണകൂടം എടുത്ത തീരുമാനത്തിൽ ഇടപെടുന്നില്ലെന്ന് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി.
അതേസമയം, ചെലവിനെചൊല്ലിയുള്ള തർക്കം മൂലം നഷ്ടപ്പെട്ട ദിവസങ്ങൾ വകവെച്ചുതരണമെന്ന അഭിഭാഷകെൻറ ആവശ്യം കോടതി അംഗീകരിച്ചു. അതനുസരിച്ച് മഅ്ദനിയുടെ കേരളസന്ദർശനം ആഗസ്റ്റ് ആറുമുതൽ 19 വരെയാക്കി പുനഃക്രമീകരിച്ച് കോടതി ഉത്തരവിറക്കി. ചെലവ് മഅ്ദനി വഹിക്കണമെന്ന ഉത്തരവ് ഭാവിയിൽ മാതൃകയാക്കുന്ന തരത്തിൽ ഒരു കീഴ്വഴക്കമാക്കരുതെന്ന് ഉത്തരവിൽ രേഖപ്പെടുത്തണമെന്ന ആവശ്യവും സുപ്രീംകോടതി അംഗീകരിച്ചു. നിലവിൽ കോടതി മുമ്പാകെ ഉന്നയിച്ച വസ്തുതകളും സാഹചര്യങ്ങളും മാത്രം അടിസ്ഥാനമാക്കിയാണ് ചെലവ് നൽകാനുള്ള ഉത്തരവെന്ന് ജസ്റ്റിസ് ബോബ്ഡെ വിധിപ്രസ്താവത്തിൽ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.