ജലസേചന ടൂറിസത്തിലേക്ക് കേരളം

തൊടുപുഴ: സംസ്ഥാനത്ത് ജലസേചന വകുപ്പിന് കീഴിലുള്ള അണക്കെട്ടുകളും അനുബന്ധ സംവിധാനങ്ങളും കേന്ദ്രീകരിച്ച് വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കാൻ സർക്കാർ പദ്ധതി തയാറാക്കുന്നു. ഇതിന്‍റെ സാധ്യതാ പഠനത്തിന് പ്രാഥമിക നടപടികളായി. അണക്കെട്ടുകളടക്കമുള്ളവയുടെ വിനോദസഞ്ചാര സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താൻ ലക്ഷ്യമിട്ടാണ് പദ്ധതി.

സംസ്ഥാനത്തിന്‍റെ വിനോദസഞ്ചാര ഭൂപടത്തിൽ ജലസേചന ടൂറിസം എന്നൊരു പുതിയ മേഖല വളർത്തിക്കൊണ്ടുവരുന്നതിനുള്ള സമഗ്ര കർമപദ്ധതിക്കാണ് ജലവിഭവ വകുപ്പ് രൂപം നൽകുന്നത്. വകുപ്പിന് കീഴിൽ ലഭ്യമായ അടിസ്ഥാന സൗകര്യങ്ങളും സന്നാഹങ്ങളും ഇതിനായി പ്രയോജനപ്പെടുത്തും. പദ്ധതി സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍റെ നേതൃത്വത്തിൽ നടന്നു. കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് കോർപറേഷനെ (കെ.ഐ.ഐ.ഡി.സി) ആണ് പദ്ധതിയുടെ നോഡൽ ഏജൻസിയായി നിയോഗിച്ചിട്ടുള്ളത്.

ജലവിഭവ വകുപ്പിന് കീഴിലെ 16 അണക്കെട്ടുകൾക്ക് പുറമെ റെഗുലേറ്ററുകളും കൃത്രിമ മണൽത്തിട്ടകളും ചിറകളുമടക്കം 18 എണ്ണം വേറെയുമുണ്ട്. ഇവയിൽ പലതും മികച്ച വരുമാനം നൽകുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളായി വളർന്നുവരുന്നവയാണ്. ഇവയെ കൂടുതൽ സൗകര്യങ്ങളോടെ വികസിപ്പിച്ചാൽ വിനോദസഞ്ചാര, സാമ്പത്തിക മേഖലകൾക്ക് വൻ മുതൽക്കൂട്ടാകുമെന്നാണ് മന്ത്രി വിളിച്ച ഉന്നതതല യോഗത്തിന്‍റെ വിലയിരുത്തൽ.

ജലസേചന വകുപ്പിന് കീഴിൽ വിനോദസഞ്ചാര സാധ്യതയുള്ള അണക്കെട്ടുകളും മറ്റ് കേന്ദ്രങ്ങളും കണ്ടെത്തി റിപ്പോർട്ട് നൽകാൻ വകുപ്പിലെ ചീഫ് എൻജിനീയറെ യോഗം ചുമതലപ്പെടുത്തിയിരുന്നു. നിലവിൽ വിനോദസഞ്ചാരികൾ ധാരാളമായി എത്തുന്ന പാലക്കാട് ജില്ലയിലെ മലമ്പുഴ, വയനാട് ജില്ലയിലെ കാരാപ്പുഴ, ഇടുക്കി ജില്ലയിലെ മലങ്കര എന്നിവയുടെ വിശദാംശങ്ങളും ഭാവി സാധ്യതകളും കൂടുതൽ മെച്ചപ്പെടുത്താൻ ചെയ്യേണ്ട കാര്യങ്ങളും അടങ്ങിയ റിപ്പോർട്ട് സർക്കാറിന് സമർപ്പിച്ചിട്ടുണ്ട്. മറ്റ് സ്ഥലങ്ങളെ സംബന്ധിച്ച റിപ്പോർട്ട് തയാറായിവരികയാണ്. തുടർപ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ അടുത്ത ഉന്നതതല യോഗം വൈകാതെ ചേരും.

Tags:    
News Summary - Kerala towards irrigation tourism

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.