കെ.ടി.യു വി.സി നിയമനം: ഗവർണർക്കെതിരെ സർക്കാർ ഹൈകോടതിയിൽ

കൊച്ചി: കേരള സാങ്കേതിക സർവകലാശാലയിൽ (കെ.ടി.യു) നിയമവിരുദ്ധമായാണ് ചാൻസലർ കൂടിയായ ഗവർണർ വി.സി നിയമനം നടത്തിയതെന്ന് ആരോപിച്ച് ഹൈകോടതിയിൽ സർക്കാറിന്‍റെ ഹരജി.

ചാൻസലറെ ഒന്നാം എതിർകക്ഷിയാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അഡീ. സെക്രട്ടറി സി. അജയനാണ് ഹരജി നൽകിയിരിക്കുന്നത്. കെ.ടി.യു ആക്ട് പ്രകാരം വൈസ് ചാൻസലറുടെ ഒഴിവുണ്ടായാൽ പ്രോ വൈസ് ചാൻസലർക്കോ മറ്റേതെങ്കിലും വി.സിക്കോ ഉന്നത വിദ്യാഭ്യാസ സെക്രട്ടറിക്കോ ചുമതല കൈമാറണമെന്നാണ് ചട്ടമെന്നിരിക്കെ, നിയമവിരുദ്ധമായാണ് സാങ്കേതിക വിദ്യാഭ്യാസ വകുപ്പിലെ സീനിയർ ജോയന്‍റ് ഡയറക്ടർ സിസ തോമസിന് വി.സിയുടെ ചുമതല നൽകിയതെന്ന് ആരോപിച്ചാണ് ഹരജി.

2019 ഫെബ്രുവരി 12ന് ചുമതലയേറ്റ വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം ചട്ടവിരുദ്ധമാണെന്ന് കണ്ടെത്തി റദ്ദാക്കി ഒക്ടോബർ 21ന് സുപ്രീംകോടതി ഉത്തരവുണ്ടായതിനെ തുടർന്നാണ് ഈ പദവിയിൽ ഒഴിവുണ്ടായത്. പിറ്റേന്നുതന്നെ കേരള ഡിജിറ്റൽ സർവകലാശാല ചെയർമാൻ സജി ഗോപിനാഥിന് താൽക്കാലിക ചുമതല നൽകാൻ ഗവർണർക്ക് സർക്കാർ കത്ത് നൽകി.

എന്നാൽ, ഇത് അദ്ദേഹം അംഗീകരിച്ചില്ല. തുടർന്ന് ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറിക്ക് വി.സിയുടെ ചുമതല നൽകണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്ത് നൽകി. ഇതിനോട് പ്രതികരിക്കുക പോലും ചെയ്യാതെ തിരുവനന്തപുരം എൻജിനീയറിങ് കോളജിലും ഗവ. എൻജിനീയറിങ് കോളജിലുമുള്ള 10 വർഷത്തിലധികം സർവിസുള്ള പ്രഫസർമാരുടെ പട്ടിക രാജ്ഭവനിൽനിന്ന് ഒക്ടോബർ 26ന് ആവശ്യപ്പെട്ടു.

ഇതിന് പിന്നാലെയാണ് ഡോ. സിസ തോമസിന് ചുമതല നൽകി ചാൻസലർ വിജ്ഞാപനം പുറപ്പെടുവിച്ചത്. സർക്കാർ ശിപാർശയുടെ അടിസ്ഥാനത്തിൽ മാത്രമേ ഇക്കാര്യത്തിൽ തീരുമാനം എടുക്കാനാകൂവെന്നിരിക്കെയാണ് ചാൻസലർ ഏകപക്ഷീയ തീരുമാനമെടുത്തത്.

ഇനിയൊരു ഉത്തരവുണ്ടാകും വരെയാണ് നിയമനം. താൽക്കാലിക ചുമതല ചട്ടപ്രകാരം ആറു മാസംവരെ മാത്രമേ പാടുള്ളൂ. ഈ സാഹചര്യത്തിൽ നിയമനം റദ്ദാക്കി, ചട്ടപ്രകാരം താൽക്കാലിക ചുമതല നൽകാൻ നിർദേശിക്കണമെന്നാണ് ആവശ്യം. ഡോ. സിസ തോമസിന് ചുമതല നൽകിയത് സ്റ്റേ ചെയ്യണമെന്നാണ് ഇടക്കാല ആവശ്യം.

Tags:    
News Summary - Kerala Technical University VC Appointment: Govt vs Governor in High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.