മലപ്പുറം: റിട്ട. അധ്യാപകനെതിരായ പോക്സോ കേസിൽ സ്കൂൾ അധികൃതർക്കെതിരെയും അന്വേഷണം. അധ്യാപകൻ ജോലി ചെയ്ത മലപ്പുറം സെന്‍റ് ജെമ്മാസ് സ്കൂളിനെതിരെയാണ് പൊലീസും വിദ്യാഭ്യാസ വകുപ്പും അന്വേഷണം ആരംഭിച്ചത്.
കേസിൽ സെന്‍റ് ജെമ്മാസ് സ്കൂൾ റിട്ട. അധ്യാപകനും മലപ്പുറം നഗരസഭ മുൻ സി.പി.എം കൗൺസിലറുമായ കെ.വി. ശശികുമാർ റിമാൻഡിലാണ്. ഇയാൾക്കെതിരെ നേരത്തേ വിദ്യാർഥികൾ നൽകിയ പരാതികൾ സ്കൂൾ അധികൃതർ മുഖവിലക്കെടുത്തില്ലെന്ന് പരാതി ഉയർന്നിട്ടുണ്ട്. ഇക്കാര്യമാണ് പൊലീസ് പരിശോധിക്കുന്നത്.
സ്കൂൾ, കോളജ് എന്നിവിടങ്ങളിലെ റാഗിങ് സംബന്ധിച്ച പരാതികൾപോലും പരിശോധിച്ച് പൊലീസിൽ റിപ്പോർട്ട് ചെയ്യണമെന്നിരിക്കെ അധ്യാപകനെതിരായ പീഡനപരാതി പൊലീസിന് കൈമാറാതെ ഒതുക്കിയെങ്കിൽ അത് ഗുരുതര കുറ്റമാണ്. നടപടികൾ പൂർത്തിയാക്കി സ്കൂൾ അധികൃതരിൽനിന്നുൾപ്പെടെ മൊഴിയെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം. തുടർന്ന് ശശികുമാറിനെ കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുകയും തെളിവെടുപ്പ് നടത്തുകയും ചെയ്യും.
കൂടുതൽ പരാതികൾ ലഭിച്ചാൽ വെവ്വേറെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യും. 30 വർഷത്തോളമായി അധ്യാപകൻ വിദ്യാർഥിനികളെ പീഡിപ്പിച്ചതായും ഒട്ടേറെ പേർ ലൈംഗിക ചൂഷണത്തിന് ഇരയായതായുമാണ് പൂർവ വിദ്യാർഥി സംഘടന പ്രതിനിധി ആരോപിച്ചത്. മന്ത്രി വി. ശിവൻകുട്ടിയുടെ നിർദേശപ്രകാരമാണ് സ്കൂളിനെതിരെ വിദ്യാഭ്യാസ വകുപ്പിന്‍റെ അന്വേഷണം ആരംഭിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ ജീവൻ ബാബുവിനോടാണ് അന്വേഷണം നടത്താൻ ആവശ്യപ്പെട്ടത്. സ്കൂൾ മേധാവിയിൽനിന്നും അധ്യാപകരിൽനിന്നും മാനേജ്മെന്റ് പ്രതിനിധികളിൽനിന്നും ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.