മറ്റൊരു വാടക സ്കാനിയ ബസും പിടിച്ചെടുത്തു

ബംഗളൂരു: വായ്​പ മുടങ്ങിയതിനെ തുടര്‍ന്ന് ഫിനാൻസ് കമ്പനി മറ്റൊരു വാടക സ്കാനിയ ബസും വെള്ളിയാഴ്ച പിടിച്ചെടുത്തു. വ്യാഴാഴ്ച പിടിച്ചെടുത്ത കേരള ആര്‍.ടി.സിയുടെ വാടക മള്‍ട്ടി ആക്‌സില്‍ സ്‌കാനിയ ബസ്​ ഇനിയും വിട്ടുകിട്ടിയില്ല. ഇതോടെ രണ്ടാം ദിവസവും സർവിസ്​ റദ്ദാക്കി. തിരക്കേറിയ ദിവസങ്ങളിൽ രണ്ടു ബസുകളുടെ ട്രിപ്പുകൾ റദാക്കിയത് കെ.എസ്.ആർ.ടി.സിക്ക് കനത്ത നഷ്​ടമാണ്. മേലധികാരികളുടെ പിടിപ്പുകേടാണ് ഇത്തരമൊരു നാണക്കേടിലേക്ക് കെ.എസ്.ആർ.ടി.സിയെ തള്ളിവിട്ടതെന്ന ആരോപണം ശക്തമാണ്​.


വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് ബംഗളൂരുവില്‍നിന്ന് സേലം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന (ടി.എല്‍.അഞ്ച്) മൾട്ടി ആക്സിൽ വാടക സ്കാനിയ ബസാണ് ഫിനാൻസ് കമ്പനി ഉദ്യോഗസ്ഥർ പിടിച്ചെടുക്കുന്നത്. ബസ് വിട്ടുകിട്ടാന്‍ ചര്‍ച്ചകള്‍ നടത്തിവരുന്നതായി കേരള ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു. പിടിച്ചെടുത്ത ഈ ബസ് വിട്ടുകിട്ടാൻ ശ്രമം നടത്തുന്നതിനിടെയാണ് തിരുവനന്തപുരത്തുനിന്നും വ്യാഴാഴ്ച വൈകീട്ട് പുറപ്പെട്ട് സേലം വഴി വെള്ളിയാഴ്ച രാവിലെ ബംഗളൂരുവിലെത്തിയ ടി.എൽ -മൂന്ന് നമ്പറിലുള്ള വാടക മൾട്ടി ആക്സിൽ സ്കാനിയ ബസ് കൂടി ഫിനാൻസ് കമ്പനി പിടിച്ചെടുത്തത്.

വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട ബസാണിത്. ഒരേ സർവിസ് (ബംഗളൂരു- സേലം -തിരുവനന്തപുരം/ തിരുവനന്തപുരം - സേലം - ബംഗളൂരു) അങ്ങോട്ടും ഇങ്ങോട്ടും ഓടുന്ന രണ്ടും ബസുകളും പിടിച്ചെടുത്തതോടെ രണ്ടു ഭാഗത്തേക്കുള്ള സർവിസുകളും റദ്ദായി. ബസ് റദ്ദാക്കിയതിനെ തുടർന്ന് ബുക്ക് ചെയ്ത യാത്രക്കാര്‍ വെളളിയാഴ്ചയും മറ്റു ബസുകളിലാണ് യാത്രയായത്. വൈകീട്ട് അഞ്ചിനുള്ള സ്‌കാനിയ ബസി​​െൻറ ശനിയാഴ്ചത്തെ ട്രിപ്പും റദ്ദാക്കിയിട്ടുണ്ട്. വെള്ളിയാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്നുള്ള സർവിസും റദ്ദാക്കി.

വാടക സ്‌കാനിയ സര്‍വിസ് നടത്തുന്ന മഹാരാഷ്​ട്ര കേന്ദ്രമായുള്ള വിക്രം പുരുഷോത്തം മാനെ മഹാ വോയേജാണ് വായ്പ അടക്കേണ്ടത്. കഴിഞ്ഞ അഞ്ചുമാസമായി വായ്പ കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന്് ബസ് പിടിച്ചെടുക്കുകയായിരുന്നു. മഹാ വോയേജ് കമ്പനിയുമായി ബന്ധപ്പെട്ട് വായ്പ വേഗത്തിൽ ചർച്ച നടത്തി കുടിശ്ശിക അടക്കാനായില്ലെങ്കിൽ ഓരോ ദിവസവും കെ.എസ്. ആർ ടി.സിയുടെ നഷ്​ടം കൂടും. സേലം വഴിയുള്ള ബസിൽ മിക്ക ദിവസവും മുഴുവൻ റിസർവേഷൻ ഉണ്ടാകാറുണ്ട്.

Tags:    
News Summary - kerala state rtc-scania-seized-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.