തിരുവനന്തപുരം: സമഗ്ര വോട്ടർപട്ടിക പരിഷ്കരണം (എസ്.ഐ.ആർ) കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ കേരളത്തിൽ ആരംഭിക്കാനിരിക്കെ, രേഖകൾ സമർപ്പിക്കേണ്ടിവരിക ലക്ഷക്കണക്കിന് പേർക്ക്. 2025ലെ വോട്ടർ പട്ടികയിലുള്ള 2.78 കോടി പേരും തുടർന്നും പട്ടികയിൽ ഉണ്ടാകണമെങ്കിൽ എന്യൂമറേഷൻ ചെയ്യണം. 2002ലെ പട്ടികയിൽ 2.24 കോടി വോട്ടർമാരാണ് ഉണ്ടായിരുന്നത്.
2025ലെ പട്ടികയിൽ അതിനേക്കാൾ 53.25 ലക്ഷം പേർ കൂടുതലാണ്. എസ്.ഐ.ആറിന്റെ ഷെഡ്യൂളും നടപടിക്രമങ്ങളും കമീഷൻ പ്രഖ്യാപിക്കുന്നതോടെ മാത്രമേ ഇതേക്കുറിച്ച പൂർണ ചിത്രം ലഭിക്കൂ.
കേരളത്തിൽ എസ്.ഐ.ആറിന്റെ നടപടികൾ പ്രാഥമികമായി ആരംഭിച്ചുകഴിഞ്ഞു. ഇതിന്റെ സമയക്രമവും നടപടികളും കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ പ്രത്യേകമായി പുറത്തിറക്കും.
2002ൽ പുതുക്കിയ വോട്ടർ പട്ടിക കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ കേരളത്തിലെ മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറുടെ (സി.ഇ.ഒ) പോർട്ടലിൽ (www.ceo.kerala.gov.in) അപ്ലോഡ് ചെയ്തിട്ടുണ്ട്. കേരളത്തിൽ 1995, 1993, 1987-89, 1983-84 വർഷങ്ങളിൽ മറ്റ് സംസ്ഥാനങ്ങൾക്കൊപ്പം വോട്ടർ പട്ടിക പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2002ലെ പട്ടികയാണ് കേരളത്തിലെ കരട് പട്ടിക.
എസ്.ഐ.ആറിന്റെ ആദ്യപടിയായി കരട് പട്ടിക പ്രസിദ്ധീകരിക്കും. തുടർന്ന് കരട് പട്ടികയിലുള്ള വോട്ടർമാരുടെയും ഇല്ലാത്തവരുടെയും എന്യൂമറേഷൻ നടപടികൾ നടത്തും.
ഓൺലൈനായി ലഭിക്കുന്ന ഫോം പൂരിപ്പിച്ചാണ് എന്യൂമറേഷൻ ചെയ്യേണ്ടത്. പിന്നീട് ബൂത്ത് ലെവൽ ഓഫിസർ (ബി.എൽ.ഒ) വീട്ടിലെത്തി പരിശോധന നടത്തി കാര്യങ്ങൾ ഉറപ്പാക്കും.
ആക്ഷേപങ്ങളും പരാതികളും കേട്ട ശേഷം എസ്.ഐ.ആർ പട്ടിക പ്രസിദ്ധീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.