'കപ്പ് കണ്ണൂർ സ്ക്വാഡിന്, ജയപരാജയങ്ങൾ ഒരിക്കലും കലാപ്രവർത്തനത്തെ ബാധിക്കരുത്'

കൊല്ലം: കലോത്സവങ്ങളിലെ ജയപരാജയങ്ങൾ ഒരിക്കലും കലാപ്രവർത്തനത്തെ ബാധിക്കരുതെന്ന് നടൻ മമ്മൂട്ടി. 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

കലാപരിപാടികളിലെ വിജയ പരാജയങ്ങൾ ഒരിക്കലും കലാപ്രവർത്തനത്തെ ബാധിക്കരുത്. മത്സരത്തിൽ വിജയിച്ചവർക്കും പരാജയപ്പെട്ടവർക്കും കലാലോകത്ത് അവസരങ്ങൾ ഒരു പോലെയാണ്. യൂണിവേഴ്സിറ്റി കലോത്സവത്തിൽ പങ്കെടുക്കാൻ പോലും പറ്റാത്തയാളാണ് ഞാൻ. ആ ഞാനാണ് നിങ്ങളുടെ മുന്നിൽ നിന്ന് സംസാരിക്കുന്നത്.

ഇവിടെ അവതരിപ്പിച്ച കലാരൂപങ്ങൾ ഒരു മാതൃകയാണ്. ഒരു വിവേചനവുമില്ലാതെ എല്ലാ കലാരൂപങ്ങളും അവതരിപ്പിക്കുകയാണ്. കൂട്ടായ ശ്രമത്തിൽ വിജയം കൈവരിക്കണമെന്നത് മാത്രമാണ് കുട്ടികൾക്കുള്ളത്. കൊല്ലം ജില്ലക്കാർക്കല്ല ഒന്നാം സ്ഥാനം ലഭിച്ചതെങ്കിലും മത്സരാർത്ഥികളെ പ്രോത്സാഹിപ്പിച്ച കൊല്ലം ജനതക്കും നന്ദി പറയുന്നു. ഈ മനസാണ് നമ്മുടെ കേരളം. ഇത് ഇനിയും തുടരും. കൊല്ലം വളരെ വ്യത്യസ്തമായ ജനസമൂഹമുള്ള നാടാണ്. കൊല്ലം എല്ലാംകൊണ്ടും സമ്പുഷ്ടവും സമ്പന്നവുമാണ് -മമ്മൂട്ടി പറഞ്ഞു.

സമാപന ചടങ്ങ് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. മുകേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. സ്കൂൾ കലോത്സവ ജേതാക്കളായ കണ്ണൂർ ജില്ലക്ക് നടൻ മമ്മൂട്ടി സ്വർണക്കപ്പ് സമ്മാനിച്ചു. മറ്റ് വിവിധ വിഭാഗങ്ങളിൽ ജേതാക്കളായവർക്കും ട്രോഫികൾ നൽകി. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.