പാലക്കാട്: സ്തനാർബുദത്തിന് ജാതിക്കയിൽ നിന്ന് മരുന്നുണ്ടാക്കാൻ കഴിയുമെന്ന കേരള സർവകലാശാലയുടെ അവകാശവാദത്തിനെതിരെ കാപ്സ്യൂൾ കേരള. സ്തനാർബുദ ചികിത്സക്ക് ജാതിക്കയിൽ നിന്ന് കണ്ടെത്തിയ മരുന്ന്, കമ്പനികളുമായി സഹകരിച്ചു വ്യവസായിക അടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കുമെന്ന കേരള സർവകലാശാലയുടെ അവകാശവാദം പൊതു സമൂഹത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേരള ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ജനാരോഗ്യ സംഘടനയായ കാപ്സ്യൂൾ കേരള.
നിലവിൽ എലികളിൽ മാത്രമാണ് പഠനം നടത്തിയിട്ടുള്ളത്. എലികളിൽ പ്രവർത്തിക്കുന്ന എല്ലാ മരുന്നുകളും മനുഷ്യരിൽ അതേ ഫലങ്ങൾ നൽകണം എന്നില്ല. അതിനാൽ ഈ മരുന്ന് മനുഷ്യരിൽ ഫലപ്രദമാണോ, ഫലപ്രദമാണെങ്കിൽ എത്രത്തോളം ഫലപ്രദം, നിലവിലുള്ള മരുന്നുകളുമായി താരതമ്യം ചെയ്യുമ്പോൾ ഉള്ള ഗുണ ദോഷങ്ങൾ, മരുന്ന് ഉപയോഗിക്കുമ്പോൾ മനുഷ്യരിലുണ്ടാകുന്ന പാർശ്വ ഫലങ്ങൾ തുടങ്ങിയവ ശാസ്ത്രീയ മാർഗങ്ങളിലൂടെ വിലയിരുത്തിയ ശേഷമാണ് ഒരു ചേരുവ മരുന്നായി വിപണിയിൽ എത്തേണ്ടത്.
അതിനു മുമ്പ് എലികളിൽ നടന്ന പഠനങ്ങളുടെ മാത്രം അടിസ്ഥാനത്തിൽ ഈ മരുന്ന് വിപണിയിൽ എത്തിക്കും എന്ന് പ്രചരിപ്പിക്കുന്നത് ഗവേഷണത്തിന്റെ ശാസ്ത്രീയ മാതൃകളോട് യോജിക്കുന്നില്ല. മിരിസ്റ്റിസിൻ തന്മാത്രകളെ വെള്ളി നാനോ കാണികകളോട് സംയോജിപ്പിച്ച് പുതിയ ഔഷധങ്ങൾക്ക് രൂപം നൽകാനാവും എന്നത് ശരിയാണ്. എന്നാൽ മിരിസ്റ്റിസിൻ തന്മാത്ര ആംഫെറ്റാമിൻ മാതിരി മസ്‌തിഷ്‍ക ഉത്തേജക മരുന്നായി പ്രവർത്തിക്കാനിടയുണ്ട്. മറ്റു പാർശ്വഫലങ്ങളും തള്ളിക്കളയാനാവില്ലെന്നും കൂടുതൽ പഠനം ആവശ്യമുള്ള മേഖലയാണിതെന്നും ക്യാപ്സൂൾ കേരള ചെയർമാൻ ഡോ.യു. നന്ദകുമാർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.