തിരുവനന്തപുരം: കമീഷന് പാക്കേജ് നടപ്പാക്കുക, ഭക്ഷ്യധാന്യം തൂക്കി അളവ് ഉറപ്പ് വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് റേഷന്‍ വ്യാപാരികളുടെ സംയുക്ത സമരസമിതി തിങ്കളാഴ്ച മുതല്‍ ആരംഭിച്ച സമരം ഏറക്കുറെ പൂര്‍ണം. വിവിധ ആവശ്യങ്ങളുന്നയിച്ച് റേഷൻ വ്യാപാരികൾ നടത്തുന്ന സമരത്തിൽ സംസ്ഥാനത്തെ 14,335 കടകളില്‍ ഭൂരിഭാഗം കടകളും അടഞ്ഞുകിടന്നു. തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഏതാനും കടകള്‍ തുറന്നു പ്രവര്‍ത്തിച്ചതൊഴിച്ചാല്‍ ബാക്കി കടകൾ തുറന്നില്ല. തലസ്ഥാന ജില്ലയിലെ 1890 കടകളില്‍ 111 കടകള്‍ മാത്രമാണ് തുറന്നുപ്രവര്‍ത്തിച്ചത്.
അടഞ്ഞു കിടക്കുന്ന റേഷന്‍ കടകള്‍ക്ക് നോട്ടീസ് നല്കാന് ജില്ല സപ്ലൈ ഓഫിസര്‍മാര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍മാര്‍ക്ക് നിർദേശം നല്കി. മറുപടിയുടെ അടിസ്ഥാനത്തില്‍ സസ്പെന്ഷന് ഉള്‍പ്പെടെ നടപടികളിലേക്ക് കടക്കും. മാസാദ്യം ഇന്‍ഡൻറ് നല്‍കാത്തവര്‍ക്കും കടകള്‍ തുറക്കാത്തവര്ക്കുമാണ് നോട്ടീസ് നല്‍കുക. നിശ്ചിത സമയത്ത് റേഷന്‍ വിതരണം ചെയ്യാത്തവര്‍ക്ക് നോട്ടീസ് നല്കാന് റേഷനിങ് കണ്ട്രോളര് സപ്ലൈ ഓഫിസര്‍മാര്‍ക്ക് നിർദേശം നല്കി. തുറന്നു പ്രവര്‍ത്തിക്കുന്ന റേഷന്‍ കടകള്‍ക്ക് ധാന്യമെത്തിക്കാന്‍ സപ്ലൈകോക്ക് നിർദേശമുണ്ട്. ഇങ്ങനെയെത്തിക്കുന്ന റേഷന്‍ ധാന്യം തടയാന്‍ ശ്രമിച്ചാല്‍ പൊലീസ് സഹായം തേടാന്‍ സപ്ലൈ ഓഫിസര്‍മാര്‍ക്ക് നിർദേശം നല്കി.
‘റേഷന്‍ സമരം ഒത്തുതീര്‍ക്കണം’
തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ ആരംഭിച്ച സമരത്തിന് ഉടന്‍ ഒത്തുതീർപ്പുണ്ടാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഭക്ഷ്യമന്ത്രി പി. തിലോത്തമനോട് ആവശ്യപ്പെട്ടു. ‘പടയൊരുക്കം’ ജാഥക്കിടെ ഭക്ഷ്യമന്ത്രിയെ ടെലിഫോണില്‍ വിളിച്ചാണ് സമരം നടത്തുന്ന റേഷന്‍ വ്യാപാരികളുമായി ചര്‍ച്ച നടത്തി പ്രശ്നം പരിഹരിക്കണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടത്. 350 റേഷന്‍ കാര്‍ഡുള്ളവരും 45 ക്വിൻറല്‍ ഭക്ഷ്യധാന്യം കൈകാര്യം ചെയ്യുന്നവരുമായ റേഷന്‍ വ്യാപാരികള്‍ക്ക് 16,000 രൂപ പ്രതിമാസ വേതനം നല്‍കാമെന്നാണ് കഴിഞ്ഞ ജൂലൈയില്‍ സംഘടന പ്രതിനിധികളുമായുള്ള ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഉറപ്പു നല്‍കിയത്. അതു പാലിക്കണം. സമരം ഒത്തുതീര്‍ക്കുന്നതിനു പകരം പ്രതികാര നടപടികളെടുത്ത് പ്രശ്നം വഷളാക്കരുതെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.