കൊച്ചി: കിഫ്ബി മസാല ബോണ്ടുമായി ബന്ധപ്പെട്ട നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്ത ഹൈകോടതി സിംഗിൾ ബെഞ്ച് ഉത്തരവിന് ഡിവിഷൻ ബെഞ്ചിന്റെ സ്റ്റേ. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) സമർപ്പിച്ച അപ്പീൽ പരിഗണിച്ചാണ് ഹരജി വീണ്ടും പരിഗണിക്കുന്ന ജനുവരി അഞ്ച് വരെ സിംഗിൾ ബെഞ്ച് ഉത്തരവ് ജസ്റ്റിസ് എസ്.എ. ധർമാധികാരി, ജസ്റ്റിസ് പി.വി. ബാലകൃഷ്ണൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. വിദേശ വിനിമയ നിയന്ത്രണ നിയമം (ഫെമ) ലംഘിച്ചെന്ന് കാട്ടി ഇ.ഡി സമർപ്പിച്ച കാരണംകാണിക്കൽ നോട്ടീസിനെതിരെ കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ്ഫണ്ട് (കിഫ്ബി) നൽകിയ ഹരജിയിലാണ് കഴിഞ്ഞ ദിവസം തുടർനടപടികൾ മൂന്ന് മാസത്തേക്ക് സിംഗിൾ ബെഞ്ച് സ്റ്റേ ചെയ്തിരുന്നത്.
ഫെമ ലംഘനം നടന്നെന്ന റിപ്പോർട്ടിൽ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി നൽകിയത് കാരണംകാണിക്കൽ നോട്ടീസാണെന്നും തുടർനടപടികൾ തടഞ്ഞത് തെറ്റാണെന്നുമാണ് ഇ.ഡിയുടെ വാദം. റിസർവ് ബാങ്ക് മാനദണ്ഡമനുസരിച്ച് കിഫ്ബി ചെയ്യുന്ന അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങളെ റിയൽ എസ്റ്റേറ്റ് പ്രവർത്തനമായി കാണാനാവില്ലെന്നാണ് സർക്കാർ വാദിച്ചത്. വിദേശത്തുനിന്ന് മസാല ബോണ്ട് മുഖേന ലഭിച്ച പണം ഉപയോഗിച്ച് സ്ഥലം വാങ്ങി ലാഭം ഉണ്ടാക്കിയിട്ടില്ല. കിഫ്ബി ഫണ്ട് ഉപയോഗിച്ചുള്ള എല്ലാ നിർമാണ പ്രവർത്തനങ്ങളും തടസ്സപ്പെടുമെന്നും മുഖ്യമന്ത്രിക്കടക്കം നൽകിയ നോട്ടീസിലെ തുടർനടപടികൾ സ്റ്റേ ചെയ്തിട്ടുണ്ടെന്നും സർക്കാർ ചൂണ്ടിക്കാട്ടി.
അതേസമയം, അഡ്ജുഡിക്കേഷൻ അതോറിറ്റി അവരുടെ നടപടികൾ തുടരുന്നതിൽ എന്താണ് തടസ്സമെന്ന് വാദത്തിനിടെ കോടതി സർക്കാറിനോട് വാക്കാൽ ചോദിച്ചു. ഇത്തരം നടപടികൾ തടഞ്ഞ് മുൻ കോടതി ഉത്തരവുകളുണ്ടോയെന്നും ആരാഞ്ഞു. എന്നാൽ, നടപടിക്ക് അടിസ്ഥാനമായ പരാതിപോലും നിലനിൽക്കില്ലെന്നും അഡ്ജുഡിക്കേഷൻ നടപടികൾ അനാവശ്യമാണെന്നുമായിരുന്നു സർക്കാറിന്റെ മറുപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.