നാദാപുരം: വീട്ടിൽ അതിക്രമിച്ച് കയറി നാശനഷ്ടം വരുത്തിയ കേസിൽ പൊലീസുകാരുടെ ശമ്പളത്തിൽനിന്ന് 14342 രൂപ നഷ്ടപരിഹാരം നേടി വീട്ടമ്മ. കുമ്മങ്കോട്ടെ ചെമ്പ്രങ്കണ്ടി അയ്യൂബിെൻറ ഭാര്യ കോമ്പിയുള്ളതിൽ താഴെക്കുനി പാത്തൂട്ടി നൽകിയ പരാതിയിലാണ് നാദാപുരം എസ്.ഐ ആയിരുന്ന ശ്രീനിവാസൻ അടക്കമുള്ള പൊലീസുകാരിൽനിന്ന് നഷ്ടപരിഹാരം ഈടാക്കി നൽകിയത്. 2015 െസപ്റ്റംബർ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാറണ്ട് കേസിൽ പ്രതിയായ പാത്തൂട്ടിയുടെ ഭർത്താവ് അയ്യൂബിനെ അന്വേഷിച്ച് രാവിലെ പത്തോടെ വീട്ടിലെത്തിയതായിരുന്നു പൊലീസ്. വാതിൽ ചവിട്ടിപ്പൊളിച്ച പൊലീസ് തടയാൻ ചെന്ന വീട്ടിലെ സ്ത്രീകളെ കൈയേറ്റം ചെയ്തെന്നായിരുന്നു പരാതി. ഇൗ സമയം അയ്യൂബ് വീട്ടിലുണ്ടായിരുന്നില്ല.
തുടർന്നാണ് വീട്ടമ്മ അന്നത്തെ നാദാപുരം എസ്.ഐ ശ്രീനിവാസൻ, അഡീഷനൽ എസ്.ഐ സുജിത്, സിവിൽ പൊലീസ് ഓഫിസർമാരായ രതീഷ്, വിനോദ് കുമാർ തുടങ്ങിയ പത്ത് പൊലീ സുകാരെ പ്രതിചേർത്ത് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ, മനുഷ്യാവകാശ കമീഷൻ, സംസ്ഥാന ന്യൂനപക്ഷ കമീഷൻ എന്നിവർക്കു പരാതി നൽകിയത്. ന്യൂനപക്ഷ കമീഷൻ പൊലീസിനെതിരെ എടുത്ത കേസിലാണ് സുപ്രധാന വിധി നടപ്പായത്. 2016 ജൂൺ എട്ടിന് കമീഷൻ പുറപ്പെടുവിച്ച വിധിയിൽ എസ്.ഐ ശ്രീനിവാസൻ നിയമവിരുദ്ധ പ്രവർത്തനം നടത്തിയെന്ന് വ്യക്തമാക്കി. വീടിനുണ്ടായ നാശനഷ്ടം കണക്കിലെടുത്ത് മതിയായ നഷ്ടപരിഹാരം പൊലീസുകാരുടെ ശമ്പളത്തിൽനിന്ന് പിടിച്ചെടുത്ത് നൽകണമെന്നും ഉത്തരവ് പുറപ്പെടുവിച്ചു. കുറ്റക്കാരായ പൊലീസുകാർക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കാനും ശിപാർശ നൽകി. എന്നാൽ, ന്യൂനപക്ഷ കമീഷെൻറ ഉത്തരവ് നടപ്പാക്കാൻ കൂട്ടാക്കാത്ത പൊലീസ് നടപടിക്കെതിരെ കുടുംബം ഹൈകോടതിയെ സമീപിച്ചു. രണ്ടു മാസത്തിനകം ഉത്തരവ് നടപ്പാക്കാൻ കഴിഞ്ഞ െസപ്റ്റംബർ ഏഴിന് ഹൈകോടതി പൊലീസിന് നിർദേശം നൽകി. ഈ ഉത്തരവ് നടപ്പാക്കുന്നതിലും പൊലീസ് അലംഭാവം തുടർന്നു. ഇതോടെ പാത്തുട്ടി വിവരാവകാശ നിയമപ്രകാരം ചീഫ് സെക്രട്ടറി, ഡി.ജി.പി, ജില്ലാ പൊലീസ് മേധാവി എന്നിവർക്ക് നോട്ടീസ് അയച്ചു. ഇതേ തുടർന്നാണ് വീടിന് സംഭവിച്ച നാശനഷ്ടം കണക്കാക്കാൻ വടകര പൊതുമരാമത്ത് വകുപ്പ് എൻജിനീയർക്ക് ചുമതല നൽകിയത്. 14342 രൂപയാണ് നഷ്ടം കണക്കാക്കിയത്. കഴിഞ്ഞ ദിവസം റൂറൽ എസ്.പിയുടെ നിർദേശപ്രകാരം വീട്ടിലെത്തിയ പൊലീസ് വടകര എസ്.ബി.ടിയുടെ പേരിലുള്ള ചെക്ക് പാത്തൂട്ടിക്ക് കൈമാറി.
അതേസമയം, കേസിലെ തെളിവായി നേരത്തേ നൽകിയ സി.ഡിയിലുള്ള മുഴുവൻ പൊലീസുകാർക്കെതിരെയും ക്രിമിനൽ കേസ് എടുക്കണമെന്നാവശ്യപ്പെട്ട് കോടതിയിൽ കേസ് നൽകുമെന്ന് പാത്തൂട്ടിയും ബന്ധുക്കളം പറഞ്ഞു. നാദാപുരം മേഖലയിൽ നിരവധി പൊലീസ് അതിക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് പൊലീസിൽനിന്നും നഷ്ട പരിഹാരം ഈടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.