കസ്റ്റഡി മര്‍ദനം: പരാതികളില്‍ രണ്ട് മാസത്തിനിടെ വന്‍ വര്‍ധനയെന്ന് പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി

കസ്റ്റഡിയിലെടുത്ത ദലിത് പെണ്‍കുട്ടിയുടെ ആത്മഹത്യയില്‍ പൊലീസിന് പങ്കെന്നും ജ. നാരായണക്കുറുപ്പ്  
കൊച്ചി: പൊലീസ് മര്‍ദനവുമായി ബന്ധപ്പെട്ട പരാതികള്‍ രണ്ട് മാസത്തിനിടെ വന്‍തോതില്‍ വര്‍ധിച്ചതായി പൊലീസ് കംപ്ളയിന്‍റ് അതോറിറ്റി ചെയര്‍മാന്‍ ജസ്റ്റിസ് കെ. നാരായണക്കുറുപ്പ്. കുറ്റ്യാടിയില്‍ കസ്റ്റഡിയിലെടുത്ത് വിട്ടയച്ച ദലിത് യുവതി ആത്മഹത്യ ചെയ്യാനിടയായത് പൊലീസില്‍നിന്ന് അപമാനം നേരിടേണ്ടിവന്നതുകൊണ്ടാണ്. പൊലീസുമായി ബന്ധപ്പെട്ട പരാതികളിലെ തെളിവെടുപ്പിന് ശേഷം സംസാരിക്കുകയായിരുന്നു ചെയര്‍മാന്‍.

പലപ്പോഴും പൊലീസിന്‍െറ അധികാരദുര്‍വിനിയോഗമാണ് പരാതികളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുന്നത്. ആരെ, എന്തിന് കസ്റ്റഡിയില്‍ എടുക്കുന്നുവെന്ന് പോലും അറിയാതെയാണ് പലരെയും പിടികൂടുന്നത്. കസ്റ്റഡി മര്‍ദനത്തെക്കുറിച്ച പരാതികളില്‍ അതോറിറ്റി ഒത്തുതീര്‍പ്പിനില്ല. കസ്റ്റഡി മര്‍ദനം മനുഷ്യാവകാശ ലംഘനമാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത്തരം കേസുകളില്‍ മേലുദ്യോഗസ്ഥരുടെമേലും ബാധ്യത ചുമത്തണം. കസ്റ്റഡി മര്‍ദനത്തിന് പുറമെ അനാവശ്യമായി സ്റ്റേഷനില്‍ തടഞ്ഞുവെക്കല്‍, കള്ളക്കേസില്‍ കുടുക്കല്‍, സിവില്‍ കേസുകളില്‍ പക്ഷംചേരല്‍ തുടങ്ങിയ പരാതികള്‍ക്കാണ് അതോറിറ്റി കൂടുതല്‍ പ്രാധാന്യം നല്‍കുന്നത്.

സിവില്‍ കേസുകളില്‍ പക്ഷംചേരരുതെന്ന കോടതി ഉത്തരവ്  പൊലീസ് ലംഘിക്കുന്നു. ഇതിനെതിരെ കോടതിയലക്ഷ്യ ഹരജി നല്‍കുന്ന കാര്യവുംപരിഗണിക്കുന്നുണ്ട്. കുറ്റ്യാടിയില്‍ ഡ്രൈവിങ് പഠിക്കുന്നതിനിടെ കസ്റ്റഡിയിലെടുത്ത ആതിരയെന്ന യുവതി ആത്മഹത്യചെയ്യാന്‍ പൊലീസില്‍നിന്നുണ്ടായ അസഭ്യവര്‍ഷവും കാരണമാണ്. ഇതുസംബന്ധിച്ച പരാതിയില്‍ നാദാപുരം ഡിവൈ.എസ്.പിയെ അതോറിറ്റി വിളിച്ചുവരുത്തിയിരുന്നു. കുട്ടിക്ക് ആത്മഹത്യ പ്രവണതയുണ്ടായിരുന്നതായാണ് ഡിവൈ.എസ്.പി പറഞ്ഞത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഹാജരാക്കാന്‍ അതോറിറ്റി ആവശ്യപ്പെട്ടിട്ടുണ്ട്. 

മാവേലിക്കര കുറത്തികാട് സ്വദേശിയായ സാജനെ പൊലീസ് സ്റ്റേഷനില്‍ മര്‍ദിച്ച സംഭവത്തിലും അതോറിറ്റി മൊഴിയെടുത്തു. മോഷണം പോയ വസ്തു കണ്ടെടുക്കുകപോലും ചെയ്യാതെയാണ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച് അവശനാക്കിയത്. ചിത്രങ്ങളും ഉദ്യോഗസ്ഥന്‍െറ വിശദീകരണവുമെല്ലാം കുറ്റകൃത്യം നടന്നതിനെ സാധൂകരിക്കുന്ന വിധത്തിലാണ്. സാജനെ പരിശോധിച്ച മെഡിക്കല്‍ സംഘത്തില്‍നിന്നുള്‍പ്പെടെ മൊഴിയെടുക്കേണ്ടതുള്ളതിനാല്‍ കേസ് വീണ്ടും ജനുവരി 27ന് പരിഗണിക്കാന്‍ മാറ്റി.

Tags:    
News Summary - kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.