കൊച്ചി: കേരള പൊലീസിലെ സൈബർ ഡോം ഇനി നവമാധ്യമ രംഗത്തെ അടുത്ത ഘട്ടമായ മെറ്റാവേഴ്സിലും. ഇതുവഴി ഇനി ലോകത്ത് എവിടെയിരുന്നും സൈബർ ഡോമിന്‍റെ ഓഫിസ് വെർച്വലായി സന്ദർശിക്കാം. വെർച്വർ റിയാലിറ്റിയും നേരിട്ടുള്ള അനുഭവവും കൂട്ടിച്ചേർത്ത് ഇന്‍റർനെറ്റും ഹെഡ്സെറ്റും ഉപയോഗിച്ച് നേരിട്ട് സന്ദർശിക്കുന്നപോലെ സൈബർ ഡോം സന്ദർശിക്കാനും ആശയവിനിമയം നടത്താനുമാകും.
വിനോദം, സമൂഹമാധ്യമം, വിദ്യാഭ്യാസ രംഗം, ടൂറിസം രംഗങ്ങളിൽ ഇത് വഴി വൻ കുതിച്ചുചാട്ടമാണ് ഭാവിയിൽ പ്രതീക്ഷിക്കുന്നത്. 2026ഓടെ 25 ശതമാനം ആളുകൾ ദിവസം ഒരുമണിക്കൂറെങ്കിലും ദൈനംദിന ആവശ്യങ്ങൾക്ക് മെറ്റാവേഴ്സ് ഉപയോഗിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. ഇതിന്‍റെ വളർച്ചക്കനുസരിച്ച് സൈബർ രംഗത്തെ കുറ്റവാളികളും ഇതിലൂടെ തട്ടിപ്പുകൾ നടത്താൻ സാധ്യതയുണ്ട്. ഇതിന് തടയിടാനാണ് പൊലീസ് സൈബർ ഡോം ഇത്തരം നൂതന സംരംഭങ്ങളുമായി കൈകോർക്കുന്നത്.
പൊലീസ് മെറ്റാവേഴ്സ് നടപ്പാക്കുന്നത് അവിറാം സ്റ്റുഡിയോയുമായി സഹകരിച്ചാണ്. മെറ്റാവേഴ്സിൽ സാന്നിധ്യമുള്ള രാജ്യത്തെ ആദ്യത്തെ പൊലീസ് ഏജൻസിയായി ഇതോടെ കേരളം. കൊക്കൂണിനോട് അനുബന്ധിച്ച് നടന്ന ചടങ്ങിൽ നടൻ മമ്മൂട്ടിയാണ് മെറ്റാവേഴ്സ് - കേരള പൊലീസ് സൈബർ ഡോം പദ്ധതി ഉദ്ഘാടനം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.