കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം
കോഴിക്കോട്: ഇടുക്കിയിൽ ജോലിക്കെത്തി മരിച്ച അതിഥി തൊഴിലാളിയുടെ ചിതാഭസ്മം നാട്ടിലെത്തിച്ചതുമായി ബന്ധപ്പെട്ട് സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവെച്ച് കേരള പൊലീസ്. മധ്യപ്രദേശ് സ്വദേശി അമൻകുമാറാണ് രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിച്ചത്. മുട്ടമ്പലം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ചിതാഭസ്മം നാട്ടിലെത്തിക്കാമോയെന്ന് പൊലീസിനോട് ബന്ധുക്കൾ അഭ്യർഥിച്ചു. ശരിയായ വിലാസം കണ്ടെത്തുന്നതുവരെ ചിതാഭസ്മം പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചു. ചിതാഭസ്മം കൈകാര്യം ചെയ്ത സിവിൽ പൊലീസ് ഓഫിസർ ഈ ദിവസങ്ങളിൽ മത്സ്യവും മാംസവും വർജിച്ചുവെന്നും ഫേസ്ബുക് പോസ്റ്റിൽ പറയുന്നു.
പോസ്റ്റിനു താഴെ പൊലീസുകാരെ അഭിനന്ദിച്ചും ട്രോളിയും നിരവധി പേരാണ് കമന്‍റിട്ടത്. പ്രതീക്ഷയോടെ എത്തിയ ആളുടെ മൃതദേഹത്തോടും ചിതാഭസ്മത്തോടും പൊലീസ് കാണിച്ച ആദരവിനെ നിരവധി പേർ അഭിനന്ദിച്ചു. എന്നാൽ സൂക്ഷിപ്പുകാരനായ പോലീസുദ്യോഗസ്ഥൻ വ്രതനിഷ്ഠ പാലിച്ചത് എന്തിനാണെന്ന് മനസ്സിലാകുന്നില്ലെന്നും ആചാരപ്രകാരം ഉദ്യോഗസ്ഥൻ വ്രതം നോക്കേണ്ട കാര്യമില്ലെന്നും ചിലർ ചൂണ്ടിക്കാണിച്ചു. മത്സ്യ മാംസാദികൾ വർജ്ജിച്ചത് നല്ല കോമഡി ആയിട്ടുണ്ടെന്നാണ് ഒരാൾ ട്രോളിയത്. തല്ലികൊന്നു ചിതാഭസ്മം ആക്കിയതാണോ എന്നും കമന്‍റ് വന്നിട്ടുണ്ട്.
പതിനെട്ടുകാരനായ മധ്യപ്രദേശ് സ്വദേശി അമൻകുമാർ ഇടുക്കിയിൽ ജോലി ചെയ്യാൻ എത്തിയപ്പോൾ രോഗബാധിതനായി കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. കരാറുകാരൻ മൃതദേഹം നാട്ടകത്തെ മോർച്ചറിയിൽ എത്തിച്ച ശേഷം സ്ഥലം വിട്ടതോടെ പോലീസ് ഇടപെട്ടു. ചിങ്ങവനം പോലീസ് അമൻകുമാറിന്റെ ബന്ധുക്കളുമായി സംസാരിച്ചപ്പോൾ മൃതദേഹം കൊണ്ടുപോകാനുള്ള സാമ്പത്തിക സ്ഥിതി ഇല്ലെന്നറിയിച്ചു.
ബന്ധുക്കളുടെ ആഗ്രഹപ്രകാരം മുട്ടമ്പലം ശ്മശാനത്തിൽ മൃതദേഹം സംസ്കരിച്ചു. ചിതാഭസ്മം എങ്ങനെയെങ്കിലും നാട്ടിലെത്തിക്കാമോയെന്ന് പോലീസിനോട് ബന്ധുക്കൾ അഭ്യർഥിച്ചിരുന്നു. നാട്ടിലേക്ക് ചിതാഭസ്മം അയക്കാൻ ശ്രമിച്ചപ്പോൾ കുറിയർ കമ്പനികളെന്നും അമൻകുമാറിന്റെ വിലാസമുള്ള സ്ഥലത്തില്ല. ഒടുവിൽ തപാൽ മാർഗം ചിതാഭസ്മം അയച്ചു. ശരിയായ വിലാസം കണ്ടെത്തുന്നതുവരെ ചിതാഭസ്മം ആദരവോടെ പോലീസ് സ്റ്റേഷനിലാണ് സൂക്ഷിച്ചത്.
ചിതാഭസ്മം കൈകാര്യം ചെയ്ത സിവിൽ പോലീസ് ഓഫിസർ യു.ആർ.പ്രിൻസ് ഈ ദിവസങ്ങളിൽ മത്സ്യവും മാംസവും വർജിച്ചു. ചിതാഭസ്മം ലഭിച്ച ശേഷം ബന്ധുക്കൾ അന്ത്യകർമങ്ങളുടെ ചടങ്ങുകൾ ചിങ്ങവനം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ വി.എസ്. അനിൽകുമാറിനും, സിവിൽ പോലീസ് ഓഫിസർ സഞ്ജിത്തിനും അയച്ചു നൽകുകയും, മരണാനന്തര ചടങ്ങുകൾ പൂർത്തിയായപ്പോൾ നന്ദി അറിയിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.