പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയുടെ വീട്ടിൽ റെയ്ഡ് നടത്തിയത് പ്രതിഷേധാർഹം -എ. അബ്ദുൽ സത്താർ

തിരുവനന്തപുരം: പോപുലർ ഫ്രണ്ട് സംസ്ഥാന സെക്രട്ടറി സി.എ റഊഫിൻ്റെ വീട്ടിൽ റെയ്ഡ് നടത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച പാലക്കാട് പൊലീസിന്റെ നടപടി തികച്ചും ജനാധിപത്യ വിരുദ്ധവും  പ്രതിഷേധാർഹവുമാണെന്ന് പോപുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി എ. അബ്ദുൽ സത്താർ.

പാലക്കാട് ആർ.എസ്.എസ് പ്രവർത്തകൻ കൊല്ലപ്പെട്ട കേസന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന എന്നാണ് പൊലീസ് ഭാഷ്യം. റഊഫിനെ കള്ളക്കേസിൽ കുടുക്കാനായി പൊലീസിലെ ഒരു വിഭാഗം നടത്തുന്ന ഗൂഢനീക്കമാണ് ഇതിന് പിന്നിൽ. സംഘപരിവാർ തിരക്കഥക്കനുസരിച്ച് പോപുലർ ഫ്രണ്ട് പ്രവർത്തകരെയും നേതാക്കളെയും വേട്ടയാടാനുള്ള ഇത്തരം നീക്കങ്ങളെ ശക്തമായി പ്രതിരോധിക്കുമെന്നും അദ്ദേഹം വാർത്താക്കുറിപ്പിൽ പറഞ്ഞു.

'ആർ.എസ്.എസ് പ്രവർത്തകർ കൊലപ്പെടുത്തിയ പോപുലർ ഫ്രണ്ട് പ്രവർത്തകൻ സുബൈറിൻ്റെ കൊലപാതകം സംബന്ധിച്ച കേസന്വേഷണം പാതിവഴിയിൽ നിർത്തിവച്ച പൊലീസ് നടപടിയിലെ പ്രകടമായ വിവേചനം തുറന്നു കാണിക്കപ്പെട്ടതോടെ, ഭീകരത സൃഷ്ടിച്ചും നിരപരാധികൾക്കെതിരെ കള്ളക്കേസുകൾ ചുമത്തിയും പകവീട്ടാനാണ് പൊലീസ് ശ്രമിക്കുന്നത്. ഇതിനായി അധികാരവും നിയമവും ദുരുപയോഗം ചെയ്യുകയാണ്. സാമാന്യ നീതി പോലും കാറ്റിൽ പറത്തുന്ന ഇത്തരം നീക്കങ്ങളെ നിയമപരമായും ജനകീയമായും നേരിടും. ഇതിനെതിരെ പ്രക്ഷോഭം ശക്തമാക്കും' -അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Kerala Police raids residence of PFI leader CA Raoof

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.