കാസർകോട്: വരാപ്പുഴ കസ്റ്റഡിമരണവുമായി ബന്ധപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥരെ പ്രതിയാക്കിയത് സേനയിലാകെ പ്രതിഫലിക്കുന്നതായി റിപ്പോർട്ട്. ഒരുവിഭാഗം ഉദ്യോഗസ്ഥർ മുന്നിട്ടിറങ്ങി ആസൂത്രിതമായി സേനയെ നിഷ്ക്രിയമാക്കിയിരിക്കുകയാണെന്നാണ് സംസ്ഥാന രഹസ്യാന്വേഷണവിഭാഗം സർക്കാറിന് നൽകിയ റിപ്പോർട്ട്. വരാപ്പുഴ കസ്റ്റഡിമരണത്തിൽ പൊലീസുദ്യോഗസ്ഥരെ പ്രതിചേർത്തതിനെ തുടർന്ന് സ്വമേധയാ കേസെടുക്കുന്നത് പൊലീസ് സ്റ്റേഷനുകളിൽ നിർത്തിയിരിക്കുകയാണ്. ഇക്കാര്യം സർക്കാറിലേക്ക് റിപ്പോർട്ട് നൽകിയതായി രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥർ ‘മാധ്യമ’ത്തോട് പറഞ്ഞു.
സംഭവത്തിനുശേഷം വരാപ്പുഴ സ്റ്റേഷനിൽ സ്വമേധയാ ഒരു കേസുപോലും രജിസ്റ്റർചെയ്യപ്പെട്ടിട്ടില്ല എന്നത് സേനയുടെ പ്രതിഷേധം പ്രകടമാക്കുന്നു. നഗര കേന്ദ്രീകൃതമായ സ്റ്റേഷനുകളിൽ പ്രതിമാസം 100 കേസുകൾവരെ രജിസ്റ്റർചെയ്യാറുണ്ട്. ഇവയിൽ 90 കേസുകളും സ്വമേധയാ ആയിരിക്കുമെന്ന് പൊലീസ് ഉദ്യോഗസ്ഥൻ വിശദീകരിക്കുന്നു. കാസർകോട് ടൗൺസ്റ്റേഷനിൽ മേയ് ഒന്നുമുതൽ 17 വരെയെടുത്ത കേസുകളിൽ ഇത്തരത്തിലുള്ളത് 14 എണ്ണം മാത്രം. മാർച്ചിൽ 65 സ്വമേധയാ കേസുകളും ആകെ 100 കേസുകളും രജിസ്റ്റർചെയ്തിരുന്നു.
വരാപ്പുഴ സംഭവത്തിനുശേഷം പൊലീസിെൻറ മനോവീര്യം തകർന്നതിനാൽ സ്വമേധയാ കേസെടുക്കാൻ പേടിയാകുന്നുവെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. കുറ്റവാളികളായ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ സർവിസ് ചട്ടമനുസരിച്ച് നടപടിയെടുക്കണമെന്നാണ് ഇവരുടെ ആവശ്യം. സസ്പെൻഷൻ, ശമ്പളവർധന താൽക്കാലികമായി തടഞ്ഞുവെക്കൽ, പൂർണമായും തടഞ്ഞുവെക്കൽ, ബ്ലാക്ക് മാർക്ക് ചെയ്യൽ, അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് സർവിസിൽനിന്ന് നീക്കൽ എന്നിവയാണ് നടപടി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.