നിയമസഭാ വാർത്തകൾ

ജില്ല ബാങ്കുകള്‍ പിരിച്ചുവിടാന്‍ നീക്കമെന്ന് 
പ്രതിപക്ഷം; സഭയില്‍ ഇറങ്ങിപ്പോക്ക്

തിരുവനന്തപുരം: ജില്ല സഹകരണ ബാങ്കുകള്‍ പിരിച്ചു വിടാന്‍ നീക്കം നടത്തുന്നെന്ന്  ആരോപിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്ന് ഇറങ്ങിപ്പോയി. 14 ജില്ല ബാങ്കുകളിലും ഒരേസമയം പ്രത്യേക പരിശോധന നടത്തുന്നത് ഇവയെ പിരിച്ചുവിട്ട് കേരള ബാങ്ക് എന്ന ആശയം നടപ്പാക്കാനാണെന്ന് വി.ടി. അബ്ദുല്‍ ഹമീദ് കൊണ്ടുവന്ന അടിയന്തര പ്രമേയ നോട്ടീസില്‍ കുറ്റപ്പെടുത്തി. സംസ്ഥാന-ജില്ല ബാങ്കുകളില്‍ ഓഡിറ്റ് നടത്തുന്നത് അവിടെ നടന്ന തെറ്റുകള്‍ തിരുത്തുന്നതിനാണെന്ന് മറുപടി പറഞ്ഞ മന്ത്രി എ.സി. മൊയ്തീന്‍ വിശദീകരിച്ചു.  മന്ത്രിയുടെ മറുപടിയില്‍ തൃപ്തരാവാതെ യു.ഡി.എഫും മാണിയും ഇറങ്ങിപ്പോയി. ബി.ജെ.പി പ്രതിഷേധം പ്രകടിപ്പിച്ചെങ്കിലും ഇറങ്ങിപ്പോയില്ല. ജില്ല ബാങ്കുകള്‍ പിരിച്ചുവിടാത്തതില്‍ പ്രതിഷേധിച്ചായിരുന്നു സ്വതന്ത്രന്‍ പി.സി. ജോര്‍ജ്  ഇറങ്ങിപ്പോയത്. നെല്ലുസംഭരണ വിഷയത്തില്‍ കെ.എം. മാണി അടിയന്തര പ്രമേയ നോട്ടീസ് നല്‍കിയെങ്കിലും പരിഗണിച്ചില്ല. 
 
കേരള ബാങ്ക് എന്ന ആശയം സഹകരണമേഖലയെ ശക്തിപ്പെടുത്താനാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇതുമൂലം സഹകരണമേഖലയിലെ വിശ്വാസ്യത നഷ്ടപ്പെടില്ല. അവ ശക്തിപ്പെടുകയാണ് ചെയ്യുക. എസ്.ബി.ടി ലയനത്തിന്‍െറ സാഹചര്യത്തില്‍  സംസ്ഥാന വികസനത്തിന് സഹായം നല്‍കുന്ന വലിയ ബാങ്കായി ഇതു മാറും. സഹകരണമേഖലയുടെ അടിസ്ഥാനം പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങളാണ്. അവയിലൂന്നിയാകും കേരള ബാങ്കെന്നും മുഖ്യമന്ത്രി പറഞ്ഞു. 

രാഷ്ട്രീയപ്രേരിതമായി ബാങ്കുകളെ പിരിച്ചുവിടാന്‍ നീക്കമില്ളെന്ന് മന്ത്രി മൊയ്തീന്‍ പറഞ്ഞു. ബാങ്ക് ജനറല്‍ മാനേജര്‍മാരുടെ യോഗത്തില്‍ ഉയര്‍ന്ന ആവശ്യപ്രകാരമാണ് അന്വേഷണം. നിയമനങ്ങള്‍, സ്വര്‍ണപ്പണയ വായ്പ, അനുമതിയില്ലാതെ ശാഖകള്‍ തുറന്നത്, പണമിടപാടുകള്‍, തുടങ്ങി നിരവധി പരാതികള്‍ ലഭിച്ചു. കുറേക്കാലമായി പരിശോധന നടക്കുന്നില്ല. ഇത് ബാങ്കുകള്‍ പിരിച്ചുവിടാനല്ല,  വിശ്വാസ്യത വര്‍ധിപ്പിക്കാനാണ്.  കേരള ബാങ്ക് എന്ന ആശയത്തെക്കുറിച്ച് പഠനം നടക്കുന്നതേയുള്ളൂവെന്നും മന്ത്രി പറഞ്ഞു.ഓഡിറ്റ് കഴിഞ്ഞ് ബാങ്ക് പൊതുയോഗം കണക്കുകള്‍ അംഗീകരിച്ച ശേഷം നടക്കുന്ന അന്വേഷണം ദുരുദ്ദേശ്യപരമാണെന്ന് അബ്ദുല്‍ ഹമീദ് ആരോപിച്ചു. അന്വേഷിക്കുന്ന വിഷയങ്ങളിലൊന്ന് പണാപഹരണമാണ്. ഇതു വിശ്വാസ്യത നഷ്ടപ്പെടുത്തും.  എസ്.ബി.ടിയെ എസ്.ബി.ഐയില്‍ ലയിപ്പിക്കുന്നതിനെ എതിര്‍ത്തവരാണ് സഹകരണബാങ്കുകളെ ലയിപ്പിക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  സഹകരണ ജനാധിപത്യത്തെ കൊലചെയ്യാനുള്ള നീക്കമാണിതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.  പി.കെ. കുഞ്ഞാലിക്കുട്ടി, അനൂപ് ജേക്കബ്, കെ.എം. മാണി, ഒ. രാജഗോപാല്‍, പി.സി. ജോര്‍ജ് എന്നിവര്‍ സംസാരിച്ചു.



തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 500 കോടി ഉപാധിരഹിത ഫണ്ട് –മന്ത്രി
തിരുവനന്തപുരം: സംസ്ഥാന ധനകാര്യ കമീഷന്‍ ശിപാര്‍ശ ചെയ്ത 500 കോടി തദ്ദേശ സ്ഥാപനങ്ങള്‍ക്ക് ഉപാധിരഹിത ഫണ്ടാക്കി മാറ്റുമെന്ന് മന്ത്രി ഡോ. തോമസ് ഐസക് നിയമസഭയില്‍ അറിയിച്ചു. സര്‍ക്കാറിന് ഇഷ്ടമുള്ളവര്‍ക്ക് പണം നല്‍കുന്ന രീതി സ്വീകരിക്കില്ല. ബ്ളോക്കുകള്‍ക്കും ജില്ല പഞ്ചായത്തുകള്‍ക്കും വിഹിതം കുറിഞ്ഞുപോയെന്ന പരാതി വന്നിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുടെ അറവുശാല അടക്കം നിര്‍മാണ പദ്ധതികള്‍ക്ക് തുക അനുവദിക്കും. എന്നാല്‍, നായ്ക്കളുടെ വന്ധ്യംകരണം പോലെയുള്ള കാര്യങ്ങള്‍ക്ക് പണം നല്‍കില്ളെന്നും പി.ബി. അബ്ദുല്‍ റസാഖിന്‍െറ സബ്മിഷന് മറുപടി നല്‍കി.മുത്തൂറ്റ് ഫിനാന്‍സില്‍ തൊഴില്‍ നിയമം നടപ്പാക്കാന്‍ നടപടിസ്വീകരിക്കുമെന്ന് മന്ത്രി ടി.പി. രാമകൃഷ്ണന്‍ അറിയിച്ചു. ഇപ്പോഴത്തെ സമരത്തിന്‍െറ സാഹചര്യത്തില്‍ നാലു തവണ മന്ത്രി തല ചര്‍ച്ച നടത്തിയിരുന്നു. സ്ഥലംമാറ്റ വിഷയത്തില്‍ കമ്പനി വിട്ടുവീഴ്ചക്ക് തയാറാകാത്തത് ഒത്തുതീര്‍പ്പിന് വിഘാതമായി. മുത്തൂറ്റ് മാനേജ്മെന്‍റ് തൊഴിലാളി സംഘടനയെ അംഗീകരിക്കുന്നില്ളെന്നും എം. സ്വരാജിന്‍െറ സബ്മിഷന് മന്ത്രി മറുപടി നല്‍കി. ജീവനക്കാരെ വിദൂര സ്ഥലങ്ങളിലേക്ക് സ്ഥലം മാറ്റുകയും പണിമുടക്കിയതിന് എട്ട് ദിവസത്തെ ശമ്പളം നല്‍കാതിരിക്കുകയും ചെയ്തു. മന്ത്രിതല യോഗത്തിനു ശേഷം 51 പേരെ സസ്പെന്‍ഡ് ചെയ്യുകയും ഒരു താല്‍ക്കാലിക ജീവനക്കാരനെ പിരിച്ചുവിടുകയും ചെയ്തതായും മന്ത്രി പറഞ്ഞു.

കൊല്ലം, ആലപ്പുഴ ബൈപാസുകള്‍ പൂര്‍ത്തിയാക്കാന്‍ നടപടി 
തിരുവനന്തപുരം: കൊല്ലം, ആലപ്പുഴ ബൈപാസുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി എടുക്കുമെന്ന് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. കൊല്ലം 41 ശതമാനവും ആലപ്പുഴ 30 ശതമാനവും പൂര്‍ത്തിയായി. കൊല്ലത്ത് മണ്ണ് കിട്ടാത്തതാണ് പ്രശ്നം. ആലപ്പുഴയില്‍ ആല്‍മരം  മാറ്റുന്നതടക്കം പ്രദേശിക പ്രശ്നങ്ങളുണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ  സബ്മിഷന് മറുപടി നല്‍കി. മണ്ണ് കിട്ടാത്തതിനാല്‍ കൊല്ലത്ത് രണ്ടു മാസമായി ജോലികള്‍ തടസ്സപ്പെട്ടു. അവലോകന യോഗത്തില്‍ കലക്ടറോ എ.ഡി.എമ്മോ പങ്കെടുത്തില്ല. കലക്ടറാണ് മണ്ണ് എടുക്കാന്‍ അനുമതി നല്‍കേണ്ടത്.  കലക്ടറുടെ നിലപാട് നിര്‍മാണത്തിന് താമസം വരുത്തുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അതൃപ്തി അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

പാലക്കാട് കോച്ച് ഫാക്ടറി സംയുക്ത സംരംഭമായി നടപ്പാക്കും –മുഖ്യമന്ത്രി
തിരുവനന്തപുരം: കഞ്ചിക്കോട് കോച്ച് ഫാക്ടറി റെയില്‍വേയുമായി ചേര്‍ന്ന്, സംസ്ഥാന സര്‍ക്കാര്‍ രൂപവത്കരിക്കുന്ന സംയുക്ത കമ്പനി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചു.  എട്ട് പദ്ധതികളാണ് ഇത്തരത്തില്‍ ഏറ്റെടുക്കുന്നത്. റെയില്‍വേക്ക് നേരത്തേ 239 ഏക്കര്‍ ഭൂമി കോച്ച് ഫാക്ടറിക്കായി കൈമാറിയിരുന്നു. അലുമിനിയം അടിസ്ഥാനമാക്കി  കോച്ചുകള്‍  ഉണ്ടാക്കുന്നതിനാല്‍ സെയിലിന് താല്‍പര്യമുണ്ടായിരുന്നില്ല. വര്‍ഷം 400 എന്നനിലയില്‍ 4000 കോച്ചുകള്‍ നിര്‍മിക്കാനാണ് ഉദ്ദേശിച്ചത്.  അലുമിനിയം കോച്ചിന് നാല്‍കോയുടെ ഓഹരി പങ്കാളിത്തത്തോടെയുള്ള കമ്പനിക്ക് നിര്‍ദേശം വന്നെന്നും കെ.വി. വിജയദാസിന്‍െറ സബ്മിഷന് മറുപടി നല്‍കി. 

വിഴിഞ്ഞം: ഉമ്മന്‍ ചാണ്ടിക്കെതിരെ ആരോപണവുമായി വി.എസ്, സഭയില്‍ ബഹളം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ കരാറുമായി ബന്ധപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ വി.എസ്. അച്യുതാനന്ദന്‍ നടത്തിയ പരാമര്‍ശങ്ങളെച്ചൊല്ലി സഭയില്‍ പ്രതിപക്ഷ ബഹളം. ഉമ്മന്‍ ചാണ്ടിയും ബാബുവും ചേര്‍ന്ന് വിഴിഞ്ഞം തുറമുഖം അദാനിക്ക് തീറെഴുതിയെന്ന് സബ്മിഷന്‍ ഉന്നയിക്കവെ വി.എസ് ആരോപിച്ചു. ആരോപണം രേഖയില്‍നിന്ന് മാറ്റണമെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. പരിശോധിച്ച് നടപടി സ്വീകരിക്കാമെന്ന് ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി ഉറപ്പുനല്‍കി.

കഴിഞ്ഞ ഇടതുസര്‍ക്കാര്‍ രൂപം നല്‍കിയ ലാന്‍ഡ് ലോര്‍ഡ് മാതൃക അട്ടിമറിച്ച് വിഴിഞ്ഞം കരാര്‍ നല്‍കിയതിനു പിന്നില്‍ തിരിമറിയുണ്ടെന്ന് അന്നുതന്നെ ഇടതുമുന്നണി ചൂണ്ടിക്കാട്ടിയതാണെന്ന് വി.എസ് പറഞ്ഞു. ലാന്‍ഡ് ലോര്‍ഡ് മാതൃക മാറ്റിയപ്പോഴും പി.പി.പിയാണെന്ന് പറഞ്ഞിരുന്നില്ല. ഇത് ഇപ്പോള്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും ശരിവെച്ചിരിക്കുകയാണ്. ഏഴായിരത്തില്‍പരം കോടിയുടെ പദ്ധതിയില്‍ 5071 കോടി സംസ്ഥാനം നല്‍കണം. അദാനിയിടുന്നത് വെറും 2454 കോടിയാണ്. എന്നിട്ടും നടത്തിപ്പ് അവര്‍ക്കാണ്. 16 വര്‍ഷം കഴിയുമ്പോള്‍ ചെറിയ ആദായം കിട്ടും. 20 വര്‍ഷം കഴിയുമ്പോഴാണ് ഒരുശതമാനം വരുമാനം ലഭിക്കുന്നത്. വിഴിഞ്ഞം തുറമുഖം ഉമ്മന്‍ ചാണ്ടിയും ബാബുവും ചേര്‍ന്ന്ചില്ലറ വിലയ്ക്ക് അദാനിക്ക് വിറ്റു. ഉമ്മന്‍ ചാണ്ടിയും കൂട്ടരും അവസാന ബസ് പോകുമെന്നും കുളച്ചല്‍ എന്ന ഭീഷണികാട്ടിയും തുറമുഖം തീറെഴുതുകയായിരുന്നു.  ഈ കൊള്ളക്ക് കൂട്ടുനിന്ന ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്നും വി.എസ് ആവശ്യപ്പെട്ടു.എന്നാല്‍, മറുപടി നല്‍കിയ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി  ഈ ആരോപണങ്ങള്‍ പരാമര്‍ശിച്ചില്ല.

 കരാറിന്‍െറ വിശദാംശങ്ങളാണ് മറുപടിയായി വായിച്ചത്. മുടക്കു മുതലിന് ആനുപാതികമായി ലാഭമുണ്ടാക്കാത്ത പദ്ധതിയായതുകൊണ്ട് എല്ലാവര്‍ക്കും ആശങ്കയുണ്ടെന്ന് മന്ത്രി പറഞ്ഞു. അന്വേഷണമെന്ന വി.എസിന്‍െറ ആവശ്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്ന് ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടെങ്കിലും കഴിഞ്ഞദിവസം മുഖ്യമന്ത്രി വ്യക്തമാക്കിയതാണ് ഇക്കാര്യത്തിലെ നിലപാടെന്ന് മന്ത്രി അറിയിച്ചു.മന്ത്രി മറുപടി പറയവെ വി.എസ് സഭയില്‍നിന്ന് മടങ്ങാന്‍ തുടങ്ങിയതും പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. മറുപടി കേള്‍ക്കാതെ പോകുന്നത് ശരിയല്ളെന്ന് അവര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന്വി.എസ് പിന്നിലെ സീറ്റില്‍ ഇരുന്ന് മറുപടി കേട്ട ശേഷമാണ് പോയത്.


നെല്‍കര്‍ഷകരുടെ കുടിശ്ശിക ഇന്നു മുതല്‍ –മന്ത്രി
തിരുവനന്തപുരം: നെല്ല് സംഭരിച്ചതിന് കര്‍ഷകര്‍ക്ക് നല്‍കാനുള്ള കുടിശ്ശിക ബുധനാഴ്ച മുതല്‍ വിതരണം ചെയ്യുമെന്ന് മന്ത്രി വി.എസ്. സുനില്‍കുമാര്‍ അറിയിച്ചു. 132 കോടി നല്‍കാനുള്ളതില്‍ 123 കോടി അനുവദിച്ചു. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് കുടിശ്ശിക വരുത്തിയ 330 കോടി നേരത്തേ വിതരണം ചെയ്തെന്നും കെ.എം. മാണിയുടെ  സബ്മിഷന് മറുപടി നല്‍കി. കുട്ടനാട്ടില്‍ നെല്‍സംഭരണം കൃത്യമായി നടക്കുന്നു.  പ്രശ്നമുണ്ടെങ്കില്‍ പരിഹരിക്കും. 200 മെട്രിക് ടണ്‍ നെല്ല് ഗുണനിലവാരമില്ളെന്നു കണ്ട് എടുത്തില്ല. ഇതു കാലിത്തീറ്റക്കായി നല്‍കും. നെല്‍വിത്ത് മൂന്ന് ഏജന്‍സികളാണ്വിതരണം ചെയ്യുന്നത്. സര്‍ക്കാര്‍ ഏജന്‍സി വിത്ത് പൂര്‍ണമായി നല്‍കിയിട്ടുണ്ട്. നാഷനല്‍ സീഡ് കോര്‍പറേഷനില്‍ പണമടച്ച ചിലര്‍ക്ക് വിത്ത് കിട്ടിയിട്ടില്ല. സംസ്ഥാന സീഡ് കോര്‍പറേഷന്‍ ഇവര്‍ക്ക് വിത്ത് നല്‍കും. കര്‍ഷകര്‍ക്ക് പമ്പിങ് സബ്സിഡിയായി 237 കോടി കുടിശ്ശികയുണ്ട്. കഴിഞ്ഞ സര്‍ക്കാറിന്‍െറ കാലത്ത് നല്‍കാനുള്ള തുകയുമുണ്ട്. കര്‍ഷക പെന്‍ഷന്‍െറ കാര്യത്തില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

ഇന്‍റര്‍നെറ്റിന്‍െറ ദുരുപയോഗം: ബോധവത്കരണം നടത്തും
തിരുവനന്തപുരം: ഇന്‍റര്‍നെറ്റിന്‍െറ ദുരുപയോഗം കുട്ടികളില്‍ സ്വഭാവ വൈകൃതം ഉണ്ടാക്കുന്ന സാഹചര്യത്തില്‍ ബോധവത്കരണം നടത്തുമെന്ന് മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എ.കെ. ബാലന്‍ സഭയില്‍ അറിയിച്ചു. രക്ഷാകര്‍ത്താക്കളും കുട്ടികളെ ശ്രദ്ധിക്കണം. സ്കൂളുകളില്‍ കൗണ്‍സലിങ് അടക്കം നടത്തുന്നുണ്ടെന്നും സബ്മിഷന് മറുപടി നല്‍കി.വിമാനത്താവളത്തില്‍ എമിഗ്രഷന്‍ വിഭാഗത്തില്‍ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ കുറിച്ച് യാത്രക്കാരുടെ പരാതി ലഭിച്ചിട്ടില്ളെന്നും പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രിക്കു വേണ്ടി മന്ത്രി എ.കെ. ബാലന്‍ മറുപടി നല്‍കി. ഉദ്യോഗസ്ഥര്‍ സ്ത്രീ യാത്രക്കാരോട് അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുകയും മോശമായി പെരുമാറുകയും ചെയ്യുന്നെന്ന് അനൂപ് ബേക്കബ് കുറ്റപ്പെടുത്തിയിരുന്നു.

 
എയിംസിനായി ഒരുസ്ഥലം മാത്രം നിര്‍ദേശിച്ച് കേന്ദ്രത്തെ സമീപിക്കും: ആശുപത്രികളില്‍ ഇ-ഹെല്‍ത്ത് പദ്ധതി
തിരുവനന്തപുരം: എയിംസിനായി ഒരുസ്ഥലം മാത്രം നിര്‍ദേശിച്ച് കേന്ദ്രത്തെ സമീപിക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കഴിഞ്ഞ സര്‍ക്കാര്‍ നാല് സ്ഥലങ്ങളാണ് നിര്‍ദേശിച്ചിരുന്നത്. ഇതുവരെ കേന്ദ്ര വിദഗ്ധസമിതി പരിശോധനക്കത്തെിയിട്ടില്ല. ഈ സാഹചര്യത്തിലാണ് ഒരുസ്ഥലം മാത്രം നിര്‍ദേശിച്ചത്. ഇനി ഇക്കാര്യത്തില്‍ കേന്ദ്രം നിലപാടെടുക്കട്ടെ എന്ന് മുഖ്യമന്ത്രിയും പറഞ്ഞു. രോഗിയുടെ ആരോഗ്യവിവരങ്ങള്‍ സംബന്ധിച്ചുള്ള എല്ലാകാര്യങ്ങളും ഇ-ഹെല്‍ത്ത് പദ്ധതിയിലൂടെ ആശുപത്രികളില്‍ ലഭ്യമാകും. 

ആദ്യം പൈലറ്റ് പ്രോജക്റ്റ് നടപ്പാക്കും. അതിനുശേഷം ഏഴ് ജില്ലകളിലേക്ക് വ്യാപിപ്പിക്കും. രോഗിയുടെ ആധാറിലെ വിവരങ്ങള്‍, ആപ്രദേശങ്ങളിലുണ്ടായ പകര്‍ച്ചവ്യാധികള്‍, വീടുകളെക്കുറിച്ചുള്ള വിവരങ്ങള്‍, മാലിന്യസംസ്കരണ സംവിധാനങ്ങള്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ ഇതിലൂടെ ലഭ്യമാകും. എല്ലാ ആശുപത്രികളിലുമായി നെറ്റ്വര്‍ക് മുഖേന രോഗിയുടെ വിവരങ്ങള്‍ പങ്കുവെക്കുന്നതിനാല്‍  വേഗത്തില്‍ രോഗിയുടെ അടിസ്ഥാനവിവരങ്ങള്‍ മനസ്സിലാക്കാനും കഴിയും.ഇലക്ട്രോണിക് സംവിധാനം ഒ.പി ബ്ളോക്കുകളില്‍ ഏര്‍പ്പെടുത്തി ക്യു സംവിധാനം പരമാവധി ഒഴിവാക്കും. മെഡിക്കല്‍ കോളജുകളില്‍ പി.ജി കഴിയുന്ന ഡോക്ടര്‍മാര്‍ സര്‍ക്കാര്‍ സര്‍വിസിലേക്ക് വരുന്നില്ളെന്നും ജെയിംസ് മാത്യു, പി.വി. അന്‍വര്‍, മുരളി പെരുനെല്ലി, എം. നൗഷാദ് എന്നിവരെ അറിയിച്ചു.


വിഴിഞ്ഞം പദ്ധതിയില്‍ ഏത് അന്വേഷണവും നടത്താം –ഉമ്മന്‍ ചാണ്ടി 
തിരുവനന്തപുരം: വിഴിഞ്ഞം പദ്ധതിയുടെ കാര്യത്തില്‍ താനും യു.ഡി.എഫ് സര്‍ക്കാറും സംസ്ഥാന താല്‍പര്യങ്ങള്‍ക്ക് എതിരായി പ്രവര്‍ത്തിച്ചെന്ന വി.എസ്. അച്യുതാനന്ദന്‍െറ പ്രസ്താവന വസ്തുതാവിരുദ്ധമെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നിയമസഭയില്‍ പ്രത്യേക പ്രസ്താവന നടത്തിയാണ് അദ്ദേഹം വി.എസ് സബ്മിഷനിലൂടെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറഞ്ഞത്. ഏത് അന്വേഷണവും സര്‍ക്കാറിന് നടത്താം. അദാനി ഗ്രൂപ്പിനെ വഴിവിട്ട് സഹായിച്ചെന്നാണ് പരാതി. ടെന്‍ഡറിനുശേഷം കരാറില്‍ എന്തെങ്കിലും മാറ്റംവരുത്തിയാലല്ളേ സഹായിച്ചെന്ന് പറയാനാകൂ. എല്ലാ കമ്പനികള്‍ക്കും കൊടുത്ത കരാറിന്‍െറ പകര്‍പ്പില്‍ ഒരു വ്യത്യാസവുമില്ലാതെയാണ് ഒപ്പിട്ടത്. 

പദ്ധതിക്ക് 2014ലെ ടെന്‍ഡര്‍ ആണ് ഉറപ്പിച്ചത്. അതിനു മുമ്പുള്ള മൂന്ന് ടെന്‍ഡറുകളും പരാജയപ്പെട്ടു. നാലാമത്തെ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ ആഗോള മത്സരാധിഷ്ഠിത ടെന്‍ഡറില്‍ അഞ്ച് കമ്പനികള്‍ യോഗ്യരായി. അഞ്ച് കമ്പനികളും പ്രീമിയം നല്‍കുന്ന ടെന്‍ഡര്‍ തന്നില്ല. ഗ്രാന്‍റ് ചോദിച്ചുകൊണ്ട് അദാനി ഗ്രൂപ് മാത്രം ടെന്‍ഡര്‍ തന്നു. ടെന്‍ഡര്‍ കമ്മിറ്റിയുടെ മിനിറ്റ്സ് പരസ്യപ്പെടുത്താറില്ല. ഈ ടെന്‍ഡറിന്‍െറ കാര്യത്തില്‍ എംപവേഡ് കമ്മിറ്റി ടെന്‍ഡര്‍ അംഗീകരിക്കാന്‍ ഇടയായ സാഹചര്യങ്ങളടക്കമുള്ള മിനിറ്റ്സ് വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു. എല്‍.ഡി.എഫ് സര്‍ക്കാര്‍ 2010ല്‍  അംഗീകാരം നല്‍കിയ ടെന്‍ഡറിന്‍െറ വ്യവസ്ഥകളും ഇപ്പോഴത്തേതും വെബ്സൈറ്റിലുണ്ട്. കേരളത്തില്‍ ഒന്നും നടക്കില്ളെന്ന ധാരണ മാറ്റാന്‍ പദ്ധതി വഴി സാധിച്ചു.1000 ദിവസത്തിനകം പദ്ധതി പൂര്‍ത്തിയാക്കാനായിരുന്നു ശ്രമം. അതു തുടരണമെങ്കില്‍ സര്‍ക്കാറിന് തുടരാം. തിരുത്താനാണെങ്കില്‍ പല വഴികളുണ്ട്. പദ്ധതി തടസ്സപ്പെടുത്താന്‍ ശക്തമായ ലോബിയുണ്ടായിരുന്നു. മത്സ്യത്തൊഴിലാളികളുടെ പേരില്‍ സുപ്രീംകോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലുമുണ്ടായിരുന്ന നാല് കേസുകള്‍ക്കുപിന്നില്‍ അവരായിരുന്നെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.


വകുപ്പുകള്‍ വാര്‍ഷിക റിപ്പോര്‍ട്ട് സഭക്ക് ലഭ്യമാക്കണം–സ്പീക്കര്‍
തിരുവനന്തപുരം: എല്ലാ സര്‍ക്കാര്‍ വകുപ്പും വാര്‍ഷികഭരണ റിപ്പോര്‍ട്ടുകള്‍ സമയബന്ധിതമായി തയാറാക്കി സഭക്ക് ലഭ്യമാക്കാന്‍ നടപടിയെടുക്കണമെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍ദേശിച്ചു. റിപ്പോര്‍ട്ടുകള്‍ ലഭ്യമാക്കുന്നതില്‍ വകുപ്പുകള്‍ അലംഭാവം കാണിക്കുന്നെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷത്തെ എം. ഉമ്മര്‍ ചട്ടം 303 പ്രകാരം ഉന്നയിച്ച ക്രമപ്രശ്നത്തെ തുടര്‍ന്നായിരുന്നു സ്പീക്കറുടെ റൂളിങ്. ഏത് കാലയളവില്‍ സഭയില്‍ സമര്‍പ്പിക്കണമെന്ന് സര്‍ക്കാറുമായി കൂടിയാലോചിച്ച് തീരുമാനിക്കും. പൊതുമേഖല സ്ഥാപനങ്ങളും അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, സ്വയംഭരണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഇതര സ്ഥാപനങ്ങള്‍ എന്നിവയും യഥാസമയം ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍ തയാറാക്കി സഭയില്‍ സമര്‍പ്പിക്കണം. സര്‍ക്കാര്‍ വകുപ്പുകളുടെ കാര്യത്തില്‍ ഭരണ റിപ്പോര്‍ട്ടുകളാണ് സഭയുടെ മേശപ്പുറത്ത് വെക്കേണ്ടത്. 


ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ഭേദഗതി ബില്‍ പാസായി 
തിരുവനന്തപുരം: ബോര്‍ഡ് അംഗങ്ങളുടെ എണ്ണം ആറില്‍നിന്ന് മൂന്നായി കുറക്കാന്‍ വ്യവസ്ഥചെയ്യുന്ന കേരള ദേവസ്വം റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ഭേദഗതി ബില്‍ നിയമസഭ പാസാക്കി. മദ്യ ഉല്‍പാദനത്തിലോ വിപണനത്തിലോ ഏര്‍പ്പെട്ടവര്‍ക്ക് ബോര്‍ഡില്‍ അംഗമാകാമെന്ന വ്യവസ്ഥ ഒഴിവാക്കിയ സബ്ജക്ട് കമ്മിറ്റി ശിപാര്‍ശ അംഗീകരിച്ചാണ് ബില്‍ പാസാക്കിയത്. മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ബില്‍ അവതരിപ്പിച്ചത്. പി.എസ്.സി മുഖേന ദേവസ്വം ബോര്‍ഡുകളിലേക്ക് നിയമനം നടത്താന്‍ കൂടുതല്‍ സമയം വേണ്ടതിനാലാണ് ബോര്‍ഡ് നിലനിര്‍ത്തുന്നതെന്നും ചെലവ് കുറക്കാനാണ് അംഗങ്ങളുടെ എണ്ണം കുറച്ചതെന്നും മന്ത്രി വ്യക്തമാക്കി. ഐകകണ്ഠ്യേനയാണ് ബില്‍ പാസാക്കിയത്.
ദേവസ്വം ബോര്‍ഡുകളിലെ ഭരണവിഭാഗം നിയമനങ്ങള്‍ പി.എസ്.സിക്ക് വിടാന്‍ 2007ല്‍ സര്‍ക്കാര്‍ തീരുമാനിച്ചതാണെന്ന് മന്ത്രി വിശദീകരിച്ചു. ഈ നിയമനങ്ങള്‍ പി.എസ്.സിക്ക് വിട്ടാലും പരമ്പരാഗത തസ്തികകളിലേക്കുള്ള നിയമനത്തിന് റിക്രൂട്ട്മെന്‍റ് ബോര്‍ഡ് ആവശ്യമാണെന്ന് മന്ത്രി അറിയിച്ചു.  ഭേദഗതി ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് സര്‍ക്കാര്‍ നാമനിര്‍ദേശം ചെയ്യുന്ന ഹിന്ദുമതത്തില്‍പ്പെട്ട വിശ്വാസിയായ ചെയര്‍പേഴ്സണും രണ്ട് അംഗങ്ങളുമാണ് ബോര്‍ഡില്‍ ഉണ്ടാവുക. ജില്ല ജഡ്ജിയോ മുന്‍ ജില്ല ജഡ്ജിയോ ജഡ്ജി ആയി നിയമിക്കപ്പെടാന്‍ യോഗ്യതയുള്ളതോ ആയ ആളാവണം ചെയര്‍പേഴ്സണാവേണ്ടത്.  അംഗങ്ങളില്‍ ഒരാള്‍ വനിതയും മറ്റൊരാള്‍ പട്ടികജാതി-വര്‍ഗത്തില്‍പെട്ട ആളുമായിരിക്കും. അംഗങ്ങള്‍ക്ക് പ്രായപരിധിയില്ല. മൂന്നു വര്‍ഷമാകും കാലാവധി. പുതിയ ബില്‍ പ്രാബല്യത്തില്‍ വരുന്നതോടെ നിലവിലെ ചെയര്‍പേഴ്സണും അംഗങ്ങള്‍ക്കും സ്ഥാനം നഷ്ടമാകും.ചെയര്‍പേഴ്സന്‍െറ യോഗ്യത ഉയര്‍ത്തണമെന്ന് പ്രതിപക്ഷത്തുനിന്ന് ആവശ്യമുയര്‍ന്നു. ബില്ലിലെ വ്യവസ്ഥപ്രകാരം ഏഴ് വര്‍ഷം പ്രാക്ടീസ് ചെയ്ത അഭിഭാഷകരെ അധ്യക്ഷസ്ഥാനത്ത് നിയമിക്കാവുന്നതാണ്.ജോയന്‍റ് സെക്രട്ടറിയോ അതിനു തുല്യമായ തസ്തികയിലോ ജോലി ചെയ്തിരുന്ന ഉദ്യോഗസ്ഥരെ അധ്യക്ഷ പദവിയില്‍ നിയമിക്കാമെന്നായിരുന്നു യു.ഡി.എഫ് സര്‍ക്കാറിന്‍െറ കാലത്തെ ബില്ലിലെ വ്യവസ്ഥ. അഞ്ച് ദേവസ്വങ്ങള്‍ക്ക് കീഴില്‍ 1500ഓളം ഒഴിവുകളാണുള്ളതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. 


പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി 
തിരുവനന്തപുരം: 2000ന്  മുമ്പ് വിരമിച്ച പത്രപ്രവര്‍ത്തകേതര ജീവനക്കാര്‍ക്ക് പെന്‍ഷന്‍ പദ്ധതി അംഗീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍  അറിയിച്ചു. 2016ഏപ്രില്‍ 30 വരെ 354 അപേക്ഷകള്‍ ലഭിച്ചിട്ടുണ്ട്. രേഖകള്‍ പരിശോധിച്ച പെന്‍ഷന്‍ കമ്മിറ്റിയുടെ അംഗീകാരം ലഭിച്ചതിനു ശേഷമാണ് നടപടികള്‍ സ്വീകരിക്കുന്നത്. ക്ഷേമ പെന്‍ഷന്‍ പദ്ധതിക്ക് 2016 ജനുവരി മുതല്‍ മുന്‍കാല പ്രാബല്യമുണ്ടെന്നും എ. പ്രദീപ് കുമാറിനെ അറിയിച്ചു. വയോമിത്രം  പദ്ധതി എല്ലാ  മുനിസിപ്പാലിറ്റികളിലും ആരംഭിക്കുന്നതിന്  നടപടി സ്വീകരിച്ചതായി മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കൊല്ലം മുതല്‍ കോവളം വരെ പ്രദേശം പ്രഖ്യാപിത ദേശീയ ജലപാതയുടെ കീഴില്‍ വരുന്നില്ളെന്ന് ഒ. രാജഗോപാലിനെ മുഖ്യമന്ത്രി അറിയിച്ചു. കോവളം മുതല്‍ കൊല്ലം വരെ ഭാഗത്ത് കൊല്ലംതോട്, ടി.എസ് കനാല്‍, വര്‍ക്കല, പാര്‍വതീപുത്തനാര്‍ എന്നീ ഭാഗങ്ങളില്‍ അനധികൃത കൈയേറ്റം മൂലം ദേശീയ ജലപാത മാനദണ്ഡമനുസരിച്ചുള്ള വീതിയില്ളെന്നും മുഖ്യമന്ത്രി അറിയിച്ചു.


യാത്രക്കപ്പല്‍  ഗള്‍ഫ് നാടുകളിലേക്കില്ല
യാത്രക്കപ്പല്‍ സര്‍വിസ്  ഗള്‍ഫ് നാടുകളിലേക്ക് നടത്തുന്നത് പ്രയോഗികമല്ളെന്ന് മന്ത്രി  രാമചന്ദ്രന്‍ കടന്നപ്പള്ളി അറിയിച്ചു. വിമാനയാത്രയെക്കാള്‍ കുറഞ്ഞ ചെലവില്‍ ഗള്‍ഫ് നാടുകളില്‍നിന്ന് കൊച്ചി പോലുള്ള മേജര്‍ തുറമുഖങ്ങളിലേക്ക് യാത്രക്കപ്പല്‍  സര്‍വിസ് നടത്താം. ഇതിന് വലിയ കപ്പല്‍  വേണ്ടിവരും. വിമാന യാത്രക്ക് നാലു മുതല്‍ അഞ്ചു വരെ മണിക്കൂര്‍ മാത്രം മതിയാകുമ്പോള്‍ കപ്പല്‍ യാത്രക്ക് നാലു മുതല്‍ അഞ്ചു വരെ ദിവസങ്ങള്‍ വേണ്ടിവരും. ഈ സാഹചര്യത്തില്‍ പരിമിതമായ അവധിയുമായി നാട്ടിലേക്കു വരുന്ന പ്രവാസികള്‍, കപ്പല്‍ യാത്രയെ ആശ്രയിക്കാതെ വരുന്നതു  മൂലം യാത്രക്കപ്പല്‍ നഷ്ടത്തിലാകുമെന്ന് എന്‍.എ. നെല്ലിക്കുന്നിനെ മന്ത്രി അറിയിച്ചു. 

പട്ടിണിമാറ്റാന്‍ കുടുംബശ്രീയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം
കേരളത്തെ പട്ടിണിരഹിത സംസ്ഥാനമാക്കാന്‍ ‘വണ്‍ ടൈം  ഫ്രീ മീല്‍സ് ഫോര്‍ ദ നീഡ്’ പദ്ധതി നടപ്പാക്കാന്‍ കുടുംബശ്രീയുടെയും സ്വകാര്യ മേഖലയുടെയും പങ്കാളിത്തം പ്രയോജനപ്പെടുത്തുമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അടൂര്‍ പ്രകാശ്, വി.പി.സജീന്ദ്രന്‍ എന്നിവരെ മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു. 
പദ്ധതിയുടെ രൂപരേഖ തയാറാക്കിയിട്ടില്ല. കൊല്ലം, തിരുവല്ല, പിറവം എന്നിവിടങ്ങളില്‍ സപൈ്ളകോ ഹൈപര്‍ മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നത് പരിഗണനയിലുണ്ടെന്ന് എന്‍.വിജയന്‍പിള്ളയെ മന്ത്രി പി.തിലോത്തമന്‍ അറിയിച്ചു.

സിഡ്കോയുടെ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ല
സിഡ്കോയുടെ വിപണന സംവിധാനത്തില്‍ പോരായ്മകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ളെന്ന് മുഖ്യമന്ത്രി അറിയിച്ചു. സര്‍ക്കാര്‍ അംഗീകരിച്ചു നല്‍കിയിട്ടുള്ള വ്യവസ്ഥ പ്രകാരമാണ് വിപണനം നടക്കുന്നത്. ഇപ്രകാരമല്ലാത്ത ഉല്‍പന്നങ്ങളുടെ വിപണനത്തിന്‍െറ പോരായ്മകള്‍ പരിഹരിക്കും.  സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം പൊലീസ് കസ്റ്റഡിയില്‍ രണ്ടു പേര്‍ മരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. സംഭവുമായി ബന്ധപ്പെട്ട്  ആറു പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. ആത്മഹത്യ നിരക്കില്‍ കേരളത്തിന് അഞ്ചാംസ്ഥാനംനാഷനല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം കേരളം ആത്മഹത്യയില്‍ രാജ്യത്ത് അഞ്ചാം  സ്ഥാനത്താണുള്ളതെന്ന്  മന്ത്രി ശൈലജ പറഞ്ഞു.

സ്റ്റുഡന്‍റ് പൊലീസ്: 10.7 കോടിയും ചെലവിടും
തിരുവനന്തപുരം: സ്റ്റുഡന്‍റ് പൊലീസ് പദ്ധതിക്ക് ഇക്കൊല്ലം വകയിരുത്തിയ 10.70 കോടി രൂപയും ചെലവിടുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ആവശ്യമായ നടപടികള്‍ക്ക് പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കി. കൂടുതല്‍ വിദ്യാലയങ്ങളിലേക്ക് പദ്ധതി വ്യാപിപ്പിക്കുമെന്നും കെ.എസ്. ശബരീനാഥന്‍െറ സബ്മിഷന് മറുപടി നല്‍കി. 
 

Tags:    
News Summary - kerala niyamasabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.