തിരുവനന്തപുരം: ഉരുൾപൊട്ടൽ ഉൾപ്പെടെ കാലവർഷക്കെടുതിയിൽ മരിച്ചവരുടെ ആശ്രിതർക്ക് നാലു ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ പ്രത്യേക മന്ത്രിസഭാ യോഗം തീരുമാനിച്ചു. വീട് പൂർണമായും നഷ്ടപ്പെട്ടവർക്കും നാലു ലക്ഷം നൽകും. ഭൂമി ഒഴുകിപ്പോയവർക്ക് പരമാവധി ആറു ലക്ഷം രൂപ നൽകും.
വിള ഇൻഷുറൻസ് ഇല്ലാത്തവർക്ക് കൃഷിനാശം സംഭവിച്ചിട്ടുണ്ടെങ്കിൽ ഇത്തവണ കൂടി നഷ്ടപരിഹാരം നൽകും. ഓരോ വിളയ്ക്കും നിശ്ചയിച്ച മാനദണ്ഡം അനുസരിച്ചാകും തുക നൽകുക. ഇനി മുതൽ കാർഷികവിളകൾക്ക് ഇൻഷുറൻസ് എടുത്തിരിക്കണമെന്ന നിബന്ധനക്ക് വിധേയമായിട്ടാകും നഷ്ടപരിഹാരം.
കാലവർഷക്കെടുതിയിൽ പരിക്കേറ്റവരുടെ ചികിത്സാെചലവ് പൂർണമായും സർക്കാർ വഹിക്കും. ഉരുൾപൊട്ടലിൽ ഭൂമി ഒഴുകിപ്പോയവർക്ക് പകരം വാങ്ങുന്ന ഭൂമിയുടെ യഥാർഥ വിലയോ ആറുലക്ഷം രൂപയോ ഏതാണ് കുറവ് അതു നൽകും. ദുരന്തവുമായി ബന്ധപ്പെട്ട നടപടി ശിപാർശ ചെയ്യാൻ റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യൻ ചെയർമാനും ദുരന്തനിവാരണ അതോറിറ്റി സെക്രട്ടറി കൺവീനറുമായി ഉന്നതതല സമിതിയെ നിയോഗിക്കാനും തീരുമാനിച്ചു.
ദുരന്തനിവാരണ ഫണ്ടിൽനിന്നായിരിക്കും നഷ്ടപരിഹാരത്തുക വിതരണം ചെയ്യുക. 56 പേരാണ് ഇതുവരെ മരിച്ചത്. കടലാക്രമണത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നാലുലക്ഷവും സ്ഥലത്തിന് ആറുലക്ഷവും നൽകാൻ നേരത്തേ തീരുമാനിച്ചിരുന്നു. കാലവർഷക്കെടുതി നേരിടാൻ പ്രത്യേക മന്ത്രിസഭാ യോഗം എടുത്ത തീരുമാനം സംബന്ധിച്ച് നിയമസഭയിൽ മുഖ്യമന്ത്രി ചൊവ്വാഴ്ച പ്രസ്താവന നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.