മന്ത്രി വാസവന്‍റെ നിലപാട് അപഹാസ്യമെന്ന് കേരള മുസ് ലിം ജമാഅത്ത് കൗൺസിൽ

കോട്ടയം: പ്രതിഷേധക്കാരെ ഭീകരരും പാലാ ബിഷപ്പിനെ പണ്ഡിതനും ആക്കുന്ന മന്ത്രി വി.എൻ. വാസവന്‍റെ നിലപാട് അപഹാസ്യമാണെന്ന് കേരള മുസ് ലിം ജമാഅത്ത് കൗൺസിൽ കോട്ടയം ജില്ലാ പ്രസിഡന്‍റ് എം.ബി അമീൻഷാ. അനവസരത്തിൽ പാലാ ബിഷപ്പിനെ ഭാഗത്തുനിന്നും പ്രകോപനപരമായ പരാമർശം ഉണ്ടായിട്ടും പക്വതയില്ലാത്ത ഒരു വർത്തമാനം പോലും മുസ് ലിം സമുദായ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നും ഉണ്ടാകാത്തത് അവരവർ ജീവിക്കുന്ന സമൂഹത്തെക്കുറിച്ച് നല്ല ധാരണയും മനുഷ്യസ്നേഹവും ഉള്ളതുകൊണ്ടാണ്. ഇതര മനുഷ്യരെക്കുറിച്ചും ആ മനുഷ്യരുടെ സഹ ജീവിതത്തെക്കുറിച്ചുള്ള കരുതലിനെയാണ് പാണ്ഡിത്യമെന്ന് മന്ത്രി വാസവൻ മനസിലാക്കണമെന്നും എം.ബി അമീൻഷാ ചൂണ്ടിക്കാട്ടി.

ബിഷപ്പിനെതിരെ കേസെടുക്കുകയില്ലെന്ന് പറയുന്ന മുഖ്യമന്ത്രിയുടെ നിലപാട് പ്രതിഷേധാർഹമാണ്. ഗുജറാത്ത് വംശഹത്യക്ക് മുൻപ് ആസൂത്രിതമായി ഗുജറാത്തിൽ മുസ് ലിം സമുദായത്തിനെതിരെ നിരന്തരമായി വിദ്വേഷവും വെറുപ്പും കുത്തിനിറക്കുന്ന ഗീബൽസിയൻ തന്ത്രം സംഘ്പരിവാർ നടപ്പിലാക്കിയതിന്‍റെ അനന്തരഫലം ലോകം മുഴുവൻ കണ്ടതാണ്. അത് കേരളത്തിലും ആവർത്തിക്കാൻ മുഖ്യമന്ത്രി മൗനാനുവാദം നൽകരുതെന്നും എം.ബി അമീൻഷാ ആവശ്യപ്പെട്ടു.

വിദ്വേഷ പ്രചാരകർകെതിരെ കേസെടുക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയും മന്ത്രി വാസവനും ആരാണ് വിദ്വേഷം പ്രചരിപ്പിക്കുന്നതെന്ന് വെളിപ്പെടുത്തണം. പ്രഫഷണൽ വിദ്യാർഥിനികളെ ന്യൂനപക്ഷ വർഗീയതയിലേക്ക് തള്ളിവിടുന്നുവെന്നുള്ള സി.പി.എം ആരോപണം തെളിയിക്കാനും സർക്കാറിന് ബാധ്യതയുണ്ട്. പ്രതിഷേധ പ്രകടനം നടത്തിയ ഒരു വിഭാഗം ആളുകൾക്കെതിരെ മാത്രം കേസെടുത്ത് സർക്കാർ ഇരട്ടനീതി നടപ്പിലാക്കുന്നത് ആവർത്തിക്കുകയാണ്.

മുസ് ലിം സമുദായത്തെ ലക്ഷ്യമാക്കി നടക്കുന്ന വിദ്വേഷ പ്രചരണങ്ങളിൽ ഇനി വിട്ടുവീഴ്ചയില്ലാതെ നിലപാട് സ്വീകരിക്കാൻ സർക്കാർ തയ്യാറാകാത്തപക്ഷം മറ്റു നിയമ മാർഗങ്ങൾ സമുദായം സ്വീകരിക്കേണ്ടി വരുമെന്നും എം.ബി അമീൻഷാ പ്രസ്താവനയിൽ വ്യക്തമാക്കി.

Tags:    
News Summary - Kerala muslim jamaath council react to VN Vasavan Statement

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.