തോമസ് ഗബ്രിയേല്‍ പെരേര

ഇസ്രായേലിലേക്ക് കടക്കുന്നതിനിടെ കൊല്ലപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ചെലവ് കേന്ദ്രം വഹിക്കണം -വി.ഡി. സതീശൻ

തിരുവനന്തപുരം: ഇസ്രായേലിലേക്ക് കടക്കുന്നതിനിടെ വെടിയേറ്റ് മരിച്ച തിരുവനന്തപുരം തുമ്പ സ്വദേശി തോമസ് ഗബ്രിയേല്‍ പെരേരയുടെ മൃതദേഹം നാട്ടിലേക്ക് എത്തിക്കുന്നതിനുള്ള ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന് കത്തയച്ചു.

മൃതദേഹം സമയബന്ധിതമായി നാട്ടില്‍ എത്തിക്കാനുള്ള ഇടപെടല്‍ നടത്താന്‍ ജോര്‍ദാനിലെ ഇന്ത്യന്‍ എംബസിക്ക് നിർദേശം നല്‍കണം. ടൂറിസ്റ്റ് വിസയില്‍ ജോര്‍ദാനിലെത്തിയ തോമസ് ഗബ്രിയേലിന്റെ മരണം സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

ജോർദാൻ വഴി അനധികൃതമായി ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് തോമസ് ഗബ്രിയേലിന് ജോർദാൻ സൈന്യത്തിന് വെടിയേറ്റത്. അതിനിടെ, വെടിവെപ്പില്‍ പരിക്കേറ്റ മേനംകുളം സ്വദേശി എഡിസൺ നാട്ടിലെത്തിയിരുന്നു. സംഘത്തിൽ ഉണ്ടായിരുന്ന മറ്റ് രണ്ടുപേരെ ഇസ്രായേൽ ജയിലിലേക്ക് മാറ്റി.

ഗബ്രിയേൽ പെരേരയും എഡിസണും വിസിറ്റിങ് വിസയിലാണ് ജോർദാനിൽ എത്തിയത്. ഫെബ്രുവരി 10ന് അനധികൃതമായി ഇസ്രായേൽ അതിർത്തി കടക്കാൻ ശ്രമിക്കുന്നതിനിടെ ജോർദാൻ സേന ഇവരെ തടഞ്ഞെങ്കിലും ഓടി ഒളിക്കുകയായിരുന്നു. തുടർന്നുണ്ടായ വെടിവെപ്പിലാണ് മരണം സംഭവിച്ചതെന്നാണ് ലഭ്യമായ വിവരം.

തലയ്ക്ക് വെടിയേറ്റ ഗബ്രിയേൽ പെരേര സംഭവസ്ഥലത്ത് തന്നെ മരിച്ചിരുന്നു. കാലിന് പരിക്കേറ്റ എഡിസനെ കഴിഞ്ഞദിവസമാണ് നാട്ടിലെത്തിച്ചത്. ഏജൻറ് മുഖേനയാണ് നാലംഗ സംഘം ഇസ്രായേലിലേക്ക് കടക്കാൻ ശ്രമിച്ചത്.

Tags:    
News Summary - Kerala man killed near Jordan border

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.