ചെല്ലാനം സെന്റ് മേരിസ് എൽ.പി സ്കൂളിൽ വോട്ട് ചെയ്ത് മടങ്ങുന്ന 90 കാരി സ്റ്റെല്ല - ചിത്രം: ബൈജു കൊടുവള്ളി
തിരുവനന്തപുരം: തെക്കൻ മേഖലയിലെ ഏഴ് ജില്ലകളിൽ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ എൽ.ഡി.എഫിന് ആത്മവിശ്വാസത്തോടൊപ്പം ആശങ്കയും. ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചില്ലെങ്കിൽ നേരത്തേ ജയിച്ച തദ്ദേശ സ്ഥാപനങ്ങളിൽ ചിലതെല്ലാം കൈവിട്ടാലും നേരിയ മേൽക്കൈ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. സ്വർണക്കൊള്ള വിശ്വാസി സമൂഹത്തിന്റെ മനസ്സിൽ നീറിപ്പുകഞ്ഞാൽ കനത്ത തോൽവിയുണ്ടാകുമെന്ന് ഭയക്കുന്നു. ശബരിമല യുവതീപ്രവേശന കാലത്ത് സി.പി.എംവിരുദ്ധ വികാരം വിശ്വാസിസമൂഹത്തിൽ ആളിക്കത്തിയിരുന്നു. അത് തുടർന്നുള്ള ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചു. അത്തരത്തിൽ പുറത്ത് പ്രകടമാകാത്ത ജനരോഷമുണ്ടോ എന്നതിലാണ് ആശങ്ക.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനമികവും വ്യക്തിഗത ക്ഷേമ പദ്ധതികളും സ്ഥാനാർഥികളുടെ വ്യക്തിപ്രഭാവവുമെല്ലാമാണ് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പൊതുവിൽ വിലയിരുത്താറ്. ആ നിലക്കാണെങ്കിൽ ചെറിയ നഷ്ടമുണ്ടായാലും കാര്യമായ പരിക്കുണ്ടാകില്ലെന്നാണ് കണക്കുകൂട്ടൽ. ഭരണത്തുടർച്ചയുടെ ഭാഗമായുള്ള വികസന, ക്ഷേമ പ്രവർത്തനങ്ങൾ എൽ.ഡി.എഫിന് നേട്ടമാകുമെന്നും യു.ഡി.എഫിന്റെ ജനവിരുദ്ധ, വികസനവിരുദ്ധ നിലപാടും ബി.ജെ.പിയുടെ വർഗീയ നിലപാടും ജനങ്ങൾ തിരിച്ചറിയുമെന്നുമാണ് സി.പി.എം ജനറൽ സെക്രട്ടറി എം.എ. ബേബിയുടെ പ്രതികരണം.
വോട്ടെടുപ്പ് പൂർത്തിയായ ജില്ലകളിൽ ആറ് ജില്ല പഞ്ചായത്തിലും മൂന്ന് കോർപറേഷനിലും 18 മുനിസിപ്പാലിറ്റിയിലും 58 ബ്ലോക്ക് പഞ്ചായത്തിലും 292 ഗ്രാമപഞ്ചായത്തിലുമാണ് എൽ.ഡി.എഫ് ഭരണമുണ്ടായിരുന്നത്. എറണാകുളമൊഴികെ ആറ് ജില്ലയിലുണ്ടായിരുന്ന മേൽക്കൈ ഇക്കുറി നിലനിർത്താനാവുമോ എന്നത് കണ്ടറിയണം. നാലിടത്ത് മേൽക്കൈ നേടുമെന്നതിൽ തികഞ്ഞ ആത്മവിശ്വാസമുണ്ടെങ്കിലും മൂന്ന് ജില്ലകളിൽ പ്രതീക്ഷ മാത്രമേയുള്ളൂ.
തിരുവനന്തപുരം: സംസ്ഥാനത്ത് ആദ്യഘട്ട വോട്ടെടുപ്പ് അവസാനിച്ചതിനുപിന്നാലെ വ്യക്തമായ മുന്നേറ്റമുണ്ടാക്കിയെന്ന പ്രതീക്ഷയിൽ യു.ഡി.എഫ് നേതൃത്വം. പോളിങ് ശതമാനം കേന്ദ്രീകരിച്ചുള്ള പതിവ് വിലയിരുത്തലുകൾക്കപ്പുറം മുന്നൊരുക്കവും തെരഞ്ഞെടുപ്പ് അജണ്ട സെറ്റ് ചെയ്തതും മുതൽ കൃത്യവും കാര്യക്ഷമമായി പ്രവർത്തിച്ചതടക്കം ഘടകങ്ങൾ മുൻനിർത്തിയാണ് യു.ഡി.എഫിന്റെ ആത്മവിശ്വാസം.
സംസ്ഥാന സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം ശക്തമായിരുന്നു. ഇത് നിഷ്പക്ഷ വോട്ടർമാരെ ആകർഷിക്കാൻ സഹായിച്ചു. ഭരണവിരുദ്ധ വികാരത്തെ ചെറുക്കാൻ ക്ഷേമാനൂകൂല്യങ്ങൾ ഉയർത്തിക്കാട്ടിയ ഇടതുമുന്നണിയെ, ശബരിമല സ്വർണക്കൊള്ള ചർച്ചയാക്കി പ്രതിരോധത്തിലാക്കാനായെന്നാണ് വിലയിരുത്തൽ.
കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ‘സാമ്പാർ മുന്നണി’യടക്കം വിമതശല്യം യു.ഡി.എഫിന് തലവേദനയായിരുന്നെങ്കിൽ ഇത്തവണ അത് കുറക്കാനായത് ഗുണംചെയ്തു. യു.ഡി.എഫ് ഘടകകക്ഷികൾ ഒത്തിണക്കത്തോടെയാണ് മുന്നോട്ടുപോയത്. ടീം യു.ഡി.എഫ് എന്ന നിലയിലെ പ്രവർത്തനത്തുടർച്ച എല്ലാ ജില്ലകളിലും ചെറുതല്ലാത്ത ഗുണം ചെയ്തു. അവസാന ഘട്ടത്തിൽ ഉയർന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വിഷയം ജനവിധിയെ ബാധിക്കില്ലെന്നാണ് നേതൃത്വം വിലയിരുത്തുന്നത്. ഇന്ത്യയില്‍ ഒരു രാഷ്ട്രീയപാര്‍ട്ടിയും ചെയ്യാത്ത രീതിയിലുള്ള മാതൃകാപരമായ നടപടിയെടുത്തു. അറസ്റ്റ് ചെയ്യാത്ത സർക്കാർ നിലപാടാണ് ചർച്ചയായതെന്നാണ് കോൺഗ്രസ് കരുതുന്നത്.
സർക്കാറിന്റെ പരാജയങ്ങൾ എണ്ണിപ്പറഞ്ഞ കുറ്റപത്രവും ഇവ മറികടക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തോടെ തയാറാക്കിയ മാനിഫെസ്റ്റോയും അനുകൂല ജനവിധിയുണ്ടാക്കുമെന്ന് യു.ഡി.എഫ് ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം: വലിയ മുന്നേറ്റത്തോടൊപ്പം ചരിത്രം തിരുത്തി തലസ്ഥാന കോർപറേഷൻ ഭരണം പിടിക്കുമെന്ന് പ്രഖ്യാപിച്ച എൻ.ഡി.എക്ക് തെക്കൻ ജില്ലകളിൽ വോട്ടെടുപ്പ് പൂർത്തിയായപ്പോൾ എല്ലാം പ്രവചനാതീതമാണ്. കോർപറേഷനിൽ ഭരണ പ്രതീക്ഷയുണ്ടെങ്കിലും യു.ഡി.എഫ് കഴിഞ്ഞ തവണത്തേക്കാൾ ശക്തമായ മത്സരം കാഴ്ചവെച്ചത് തിരിച്ചടിയാകുമോ എന്ന് ബി.ജെ.പിക്ക് ആശങ്കയുണ്ട്. 100ൽ 34 സീറ്റാണ് കഴിഞ്ഞതവണ ലഭിച്ചത്. ഇക്കുറി പകുതിയിലേറെ സീറ്റായിരുന്നു ടാർഗറ്റ്. അത്മുൻനിർത്തിയാണ് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ നേരിട്ട് പ്രചാരണ കാമ്പയിൻ നയിച്ചത്. ഇത് എത്രമാത്രം വിജയമായി മാറിയെന്നത് വോട്ടെണ്ണിയാലേ അറിയാനാവൂ.
തദ്ദേശത്തിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാനായില്ലെങ്കിൽ വരാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് അഞ്ച് സീറ്റുവരെ പ്രതീക്ഷിക്കുന്ന പാർട്ടിക്കുണ്ടാക്കുന്ന ആഘാതം ചെറുതാവില്ല. രാജീവ് ചന്ദ്രശേഖറിന്റെ പാർട്ടിയിലെ അപ്രമാദിത്യം ചോദ്യംചെയ്ത് എതിർചേരി രംഗത്തുവരികയും ഗ്രൂപ്പ് പോര് രൂക്ഷമാവുകയും ചെയ്യും.
തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തിരുവനന്തപുരം ജില്ല ജനറൽ സെക്രട്ടറിയും കോർപറേഷൻ കൗൺസിലറുമായ തിരുമല അനിലും ആർ.എസ്.എസ് നേതാവ് ആനന്ദ് കെ. തമ്പിയും ആത്മഹത്യ ചെയ്തതിൽ നേതൃത്വം പ്രതിരോധത്തിലായിരുന്നു. ഇവ ഏതുതരത്തിൽ പ്രതിഫലിച്ചുവെന്നത് പ്രധാനമാണ്. തെരഞ്ഞെടുപ്പ് നടന്ന ജില്ലകളിൽ ഭരണമുണ്ടായിരുന്ന പന്തളം നഗരസഭ നിലനിർത്തലും നേരത്തേ കരുത്ത് തെളിയിച്ചവയിൽ ചിലതെങ്കിലും പിടിച്ചെടുക്കലും അഭിമാന പ്രശ്നമാണ്. ഈ മേഖലയിൽ ഏഴ് ഗ്രാമപഞ്ചായത്ത് ഭരണമാണ് ബി.ജെ.പിക്കുള്ളത്. ഇത് മൂന്നിരട്ടിയെങ്കിലുമാക്കാനായില്ലെങ്കിൽ പാർട്ടിക്ക് ദേശീയ നേതൃത്വത്തിന്റെ മുന്നിൽ പോലും പറഞ്ഞുനിൽക്കാൻ കഴിയാത്ത സ്ഥിതിവരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.