തിരുവനന്തപുരം: സി.പി.എം സീറ്റുകളിൽ കടന്നുകയറി ബി.ജെ.പി; കൈവിട്ടത് 45 വർഷം എൽ.ഡി.എഫ് ഭരിച്ച കോർപറേഷൻ

തിരുവനന്തപുരം: 45 വർഷമായി എൽ.ഡി.എഫ്‌ ഭരിച്ചിരുന്ന ചെങ്കോട്ട ഇനി ബി.ജെ.പി ഭരിക്കും. തിരുവനന്തപുരം കോർപറേഷനിൽ ആകെയുള്ള 101 സീറ്റുകളിൽ തെരഞ്ഞെടുപ്പ്​ നടന്ന 100ൽ 50 സീറ്റുകളിലാണ് എൻ.ഡി.എ വിജയിച്ചത്.

പതിറ്റാണ്ടുകളായി സി.പി.എം കൈവശംവെച്ച സീറ്റുകളിൽ വരെ കടന്നുകയറിയാണ്​ ബി.ജെ.പിയുടെ അമ്പരപ്പിക്കുന്ന വിജയം. എൽ.ഡി.എഫിന്റെ സീറ്റു നില 51ൽ നിന്ന്‌ 29 ലേക്ക്‌ കൂപ്പുകുത്തിയപ്പോൾ യു.ഡി.എഫ്‌ അംഗബലം 10ൽ നിന്ന്‌ 19ലേക്ക്‌ ഉയർത്തി. രണ്ടിടങ്ങളിൽ സ്വതന്ത്രർ വിജയിച്ചു.

101 വാർഡുകളിൽ വിഴിഞ്ഞത്ത്‌ സ്ഥാനാർഥി അപകടത്തിൽ മരിച്ചതിനെ തുടർന്ന്‌ തെരഞ്ഞെടുപ്പ്‌ മാറ്റി വച്ചിരുന്നു. മൂന്ന്‌ മുന്നണികളുടെയും മേയർ സ്ഥാനാർഥികളായി ഉയർത്തിക്കാട്ടിയവർ വിജയിച്ചു. ബി.ജെ.പിയുടെ മേയർ സ്ഥാനാർഥികളായ വി.വി രാജേഷ്, ആര്‍. ശ്രീലേഖ അടക്കമുള്ള പ്രമുഖർ വിജയിച്ചപ്പോൾ മുൻ കായികതാരം പദ്‌മിനി തോമസിന്‌ മൂന്നാമതെത്താനെ സാധിച്ചുള്ളൂ.

എൽ.ഡി.എഫിന്റെ മേയർ സ്ഥാനാർഥി എസ്‌.പി ദീപക്ക്‌, മുൻ മേയർ കെ. ശ്രീകുമാർ, ആർ.പി ശിവജി, വഞ്ചിയൂർ പി. ബാബു എന്നിവർ വിജയിച്ചപ്പോൾ ചാലയിൽ മത്സരിച്ച സി. സുന്ദർ രണ്ടാം സ്ഥാനത്തേക്ക്‌ പിന്തള്ളപ്പെട്ടു.

യു.ഡി.എഫ്​ മേയർ സ്ഥാനാർഥിയായി അവതരിപ്പിച്ച മുൻ എം.എൽ.എ കെ.എസ്​ ശബരീനാഥനും എൽ.ഡി.എഫ് പരാതിയിൽ​ വോട്ട്​ വെട്ടിയതിനെ തുടർന്ന്​ ​ഹൈകോടതിയെ സമീപിച്ച്​ വോട്ടവകാശം പുനഃസ്ഥാപിച്ച്​ മത്സരിച്ച വൈഷ്ണ സുരേഷും വിജയിച്ച യു.ഡി.എഫ്​ സ്ഥാനാർഥികളിൽ ഉൾപ്പെടുന്നു. വാർഡ്‌ പുനർവിഭജനത്തിന്റെ ഗുണം ലഭിച്ചതു മുഴുവൻ എൻ.ഡി.എയ്‌ക്കാണെന്ന്‌ നിസംശയം പറയാം.

എൽ.ഡി.എഫിന്റെ ഉരുക്കുകോട്ടയെന്നറിയപ്പെടുന്ന കഴക്കൂട്ടത്തെ വാർഡുകൾ എൻ.ഡി.എ തൂത്തുവാരി. ചന്തവിളയിലെ എൻ.ഡി.എ സ്ഥാനാർഥി അനു ജി. പ്രഭയാണ്‌ ഏറ്റവും കുറഞ്ഞ ഭൂരിപക്ഷത്തിൽ വിജയിച്ചത്‌. രണ്ട്‌ വോട്ടിനാണ്‌ യു.ഡി.എഫിലെ സിമി എസ്‌. നായരെ അനു തോൽപ്പിച്ചത്‌.  

Tags:    
News Summary - kerala local body election trivandrum corporation bjp

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.