തിരുവനന്തപുരം: രാഷ്ട്രീയ കേരളത്തിന്‍റെ ചരിത്രഗതിയിൽ നിർണായകമായേക്കാവുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി 18 നാൾ. തന്ത്രങ്ങൾ മെനഞ്ഞും കളം നിറഞ്ഞും മുന്നണികളും പാർട്ടികളും സജീവമായി. നാമനിർദേശ പത്രികാ സമർപ്പണം വെള്ളിയാഴ്ച പൂർത്തിയായപ്പോൾ 1,08,580 സ്ഥാനാർഥികൾ സമർപ്പിച്ചത് 1,64,427 പത്രികകൾ. ആറ് മാസം കഴിഞ്ഞുള്ള നിയമസഭാ തെരഞ്ഞെടുപ്പിന് ആത്മവിശ്വാസത്തോടെ മുന്നണികൾക്കും പാർട്ടികൾക്കും ചുവടുവെക്കാൻ പ്രാദേശിക ഭരണകൂടങ്ങളുടെ തലപ്പത്ത് പിടിമുറുക്കണം.
അതുകൊണ്ടുതന്നെ, മുൻകാലത്തില്ലാത്ത വീറും വാശിയുമാണ് ഇത്തവണ. കൂടാതെ, യുവതലമുറക്ക് വർധിച്ച പ്രാതിനിധ്യം നൽകാൻ മുന്നണികൾ മത്സരിച്ചു. പത്രികാ സമർപ്പണം പൂർത്തിയായതോടെ ഔദ്യോഗിക സ്ഥാനാർഥികൾ പ്രചാരണത്തിൽ സജീവമായി. മൂന്ന് മുന്നണികൾക്കും വിമത ശല്യം ഉള്ളതിനാൽ അവ പരിഹരിക്കാനുള്ള അവസാന നീക്കങ്ങൾ പുരോഗമിക്കുന്നു. സ്ഥാനാർഥി നിർണയ തർക്കങ്ങളിൽ കൂടുമാറ്റവും കൂട്ട രാജികളുമായി പ്രാദേശിക രാഷ്ട്രീയം സജീവമായിക്കഴിഞ്ഞു. ദേശീയ രാഷ്ട്രീയം മുതൽ പ്രാദേശിക വികസന പ്രശ്നങ്ങൾ വരെ പ്രചാരണത്തിൽ അലയടിക്കുന്ന തെരഞ്ഞെടുപ്പിലേക്ക് പ്രകടനപത്രികകളും അജണ്ടകളും തയാർ.
ശബരിമല സ്വർണക്കൊള്ളയിൽ സി.പി.എം നേതാക്കൾ ഉൾപ്പെടെ അറസ്റ്റിലായത് പ്രതിപക്ഷത്തിന് തെരഞ്ഞെടുപ്പ് കാലത്ത് ലഭിച്ച അപ്രതീക്ഷിത ആയുധമാണ്. സി.പി.എമ്മിനെയും എൽ.ഡി.എഫിനെയും ഇത് ചെറുതായൊന്നുമല്ല പ്രതിരോധത്തിലാക്കുന്നത്. ശബരിമല മണ്ഡലകാല മുന്നൊരുക്കത്തിലെ വീഴ്ചകൾ ഉൾപ്പെടെ ഒരുപിടി പ്രചരണായുധങ്ങളുമായാണ് യു.ഡി.എഫ് രംഗത്തുള്ളത്. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ വീഴ്ചകളും ഒത്തുതീർപ്പുകളും തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതും നികുതികളിലെ ഗണ്യമായ വർധനയും സർക്കാറിനെതിരെ പ്രതിപക്ഷം ഉയർത്തിക്കഴിഞ്ഞു. എന്നാൽ ക്ഷേമ, ആനുകൂല്യ പദ്ധതികൾ ഉയർത്തിക്കാട്ടിയാണ് സർക്കാറും ഇടതുമുന്നണിയും നിലയുറപ്പിക്കാൻ ശ്രമിക്കുന്നത്. ക്ഷേമപെൻഷൻ 1600 രൂപയിൽ നിന്ന് 2000 രൂപയാക്കിയതും ഒരു മാസത്തെ കുടിശികയും ചേർത്ത് 3600 രൂപ ഒന്നിച്ച് നൽകുന്നത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയാണ് അവർക്ക്.
ഡിസംബർ ഒമ്പതിന് തിരുവനനന്തപുരം മുതൽ എറണാകുളം വരെ ഏഴ് ജില്ലകളിലെയും 11ന് തൃശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലെയും സമ്മതിദായകർ വിധിയെഴുതും. ആദ്യഘട്ടത്തിൽ 1,32,83,785 പേരും രണ്ടാം ഘട്ടത്തിൽ 1,53,78,927 പേരും ഉൾപ്പെടെ 2.86 കോടി വോട്ടർമാരാണ് ഉള്ളത്. ഡിസംബർ 13ന് വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും. ശനിയാഴ്ച പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. തിങ്കളാഴ്ച വരെയാണ് പിൻവലിക്കാനുള്ള സമയം. അന്ന് തെരഞ്ഞെടുപ്പിന്‍റെ അന്തിമ ചിത്രം തെളിയും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.