തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ പണം ചെലവഴിക്കുന്ന സംസ്ഥാനങ്ങളിൽ കേരളവും. നിതി ആയോഗിന്റെ റിപ്പോർട്ടിലാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉൽപാദനത്തിന്റെ (ജി.എസ്.ഡി.പി) 3.46 ശതമാനം കേരളം വിദ്യാഭ്യാസത്തിനായി നീക്കിവെക്കുന്നു. ജി.എസ്.ഡി.പിയുടെ 0.53 ശതമാനം ഉന്നത വിദ്യാഭ്യാസത്തിന് മാത്രമായി നീക്കിവെക്കുന്നു. 2020-21ലെ കണക്കാണ് വിലയിരുത്തലിനായി നിതി ആയോഗ് ഉപയോഗപ്പെടുത്തിയിരിക്കുന്നത്.
4225 കോടി രൂപയാണ് ഉന്നത വിദ്യാഭ്യാസത്തിനായി കേരളം ബജറ്റിൽ വകയിരുത്തിയത്. 14ാം ധനകാര്യ കമീഷൻ (2015-20) നികുതി വിഹിതത്തിന്റെ 42 ശതമാനം സംസ്ഥാനങ്ങൾക്ക് ശിപാർശ ചെയ്തിട്ടും ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനങ്ങൾ ചെലവഴിച്ച തുകയിൽ കുറവാണ് രേഖപ്പെടുത്തിയത്. കേരളം, തമിഴ്നാട്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങൾ ഉന്നത വിദ്യാഭ്യാസത്തിന് കൂടുതൽ തുക ചെലവഴിക്കുന്ന സംസ്ഥാനങ്ങളായി തുടരുന്നെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
പി.ജി ഡിപ്ലോമക്ക് ഡിമാൻഡ് ഇടിഞ്ഞു; ഡിപ്ലോമക്ക് കൂടി
പി.ജി ഡിപ്ലോമ കോഴ്സിന് ചേരുന്നവരുടെ എണ്ണത്തിൽ 2016-17 മുതൽ 2021-22 വരെ ഒമ്പത് ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തിയപ്പോൾ ഡിപ്ലോമ കോഴ്സുകളിൽ 72 ശതമാനത്തിന്റെ വർധനയും പ്രകടമായി. വ്യവസായിക മേഖലയിലെ പരിമിതമായ ആവശ്യകതയോ ബിരുദാനന്തര ബിരുദത്തെക്കാൾ സാധ്യത കുറവാണെന്ന ധാരണയോ ആയിരിക്കാം പി.ജി ഡിപ്ലോമ കോഴ്സുകളിലുള്ള എൻറോൾമെന്റ് കുറവിന് കാരണം. ഡിപ്ലോമ കോഴ്സിൽ ചേരുന്നവരുടെ വർധന 12ാം ക്ലാസ് പഠനത്തിനുശേഷം ശക്തമായ തൊഴിൽ നൈപുണി വിദ്യാഭ്യാസത്തിന്റെ ആവശ്യകതയിലേക്ക് വിരൽ ചൂണ്ടുന്നു. ബിരുദ കോഴ്സുകളിൽ 2011-12 മുതൽ 2016-17 വരെ 22 ശതമാനത്തിന്റെ വർധനയും 2016-17 മുതൽ 2021-22 വരെ 13 ശതമാനത്തിന്റെ വളർച്ചയുമാണ് രേഖപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.