കൊച്ചി: പട്ടിക വിഭാഗ കോളനികൾക്ക് സമീപം ബിവറേജസ് ഒൗട്ട്ലറ്റുകൾ സ്ഥാപിക്കുേമ്പാൾ കോളനിയുടെ പ്രവേശനകവാടം മുതൽ മദ്യശാല ആരംഭിക്കാനിരുന്ന കെട്ടിടം വരെയുള്ള ദൂരപരിധിയാണ് കണക്കിലെടുക്കേണ്ടതെന്ന് ഹൈകോടതി. ദേശീയപാതയോരത്തുനിന്ന് ജനവാസ കേന്ദ്രത്തിലേക്ക് ബിവറേജസ് ഔട്ട്ലറ്റ് മാറ്റി സ്ഥാപിക്കുന്ന വ്യവസ്ഥയിൽ വ്യക്തത വരുത്തിയാണ് കോടതി ഉത്തരവ്. കരുനാഗപ്പള്ളിയിൽ അഴീക്കൽ തറയിൽ മുക്കിൽ ആരംഭിക്കാനിരുന്ന ബിവറേജസ് ഒൗട്ട്ലറ്റിന് എക്സൈസ് വകുപ്പു നൽകിയ അനുമതി കോടതി റദ്ദാക്കി.
ലാൽജി ജങ്ഷനിൽ ദേശീയ പാതയോരത്ത് സ്ഥിതി ചെയ്തിരുന്ന ബിവറേജസ് ഔട്ട്ലറ്റ് ദൂരപരിധി ലംഘിച്ച് പട്ടികവിഭാഗ കോളനിക്ക് തൊട്ടടുത്ത് തറയിൽ മുക്കിലേക്ക് മാറ്റി സ്ഥാപിക്കാനുള്ള നടപടി ചോദ്യം ചെയ്ത് കരുനാഗപ്പള്ളി മുനിസിപ്പൽ കൗൺസിലർ എം. കെ. വിജയഭാനുവും ജനകീയസമര സമിതിയുമാണ് ഹൈകോടതിയെ സമീപിച്ചത്. എന്നാൽ, ചുറ്റുമതിലും പ്രവേശന കവാടവും ഇല്ലാത്ത സാഹചര്യത്തിൽ കോളനിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തുള്ള ആദ്യത്തെ വീട്ടിൽനിന്ന് ഔട്ട്ലറ്റ് ആരംഭിക്കാനിരിക്കുന്ന കെട്ടിടത്തിലേക്കുള്ള ദൂരമാണ് പരിഗണിക്കേണ്ടതെന്നായിരുന്നു എക്സൈസ് വകുപ്പിെൻറ വാദം. ഇത് കണക്കിലെടുത്താൽ ഔട്ട്ലറ്റ് തുടങ്ങുന്ന കെട്ടിടത്തിൽനിന്നും 285 മീറ്റർ അകലത്തിലാണ് കോളനി സ്ഥിതി ചെയ്യുന്നതെന്നും എക്സൈസ് ചൂണ്ടിക്കാട്ടി. 200 മീറ്ററിലധികം അനുവദനീയ പരിധിയാണ്.
അതേസമയം, എക്സൈസിെൻറ വാദം കോടതി തള്ളി. കോളനിയുടെ പ്രവേശനകവാടം മുതൽ മദ്യശാല ആരംഭിക്കാനിരുന്ന കെട്ടിടം വരെയുള്ള ദൂരപരിധിയാണ് കണക്കിലെടുക്കേണ്ടതെന്ന് വ്യക്തമാക്കിയ കോടതി ദൂരമളന്ന് അറിയിക്കാനായി അഭിഭാഷക കമീഷനെ നിയോഗിച്ചു.
കോടതി നിർദേശിച്ച പ്രകാരം അളവെടുത്താൽ 170 മീറ്റർ മാത്രമാണ് ദൂരമെന്ന് സ്ഥലം പരിശോധിച്ചശേഷം അഭിഭാഷക കമീഷൻ കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഇത് കണക്കിലെടുത്താണ് ബിവറേജസ് ഔട്ട്ലറ്റ് മാറ്റി സ്ഥാപിക്കാനുള്ള നടപടി കോടതി റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.