കൊച്ചി: സംസ്ഥാനത്ത് സർവിസിലുള്ള ഡോക്ടർമാരുടെ യോഗ്യതയും ആവശ്യമെങ്കിൽ പരിശോധിക്കാമെന്ന് ഹൈകോടതി. യോഗ്യത സർട്ടിഫിക്കറ്റുകൾ പരിശോധിക്കുന്നതിൽ തെറ്റില്ല. ഡോക്ടർമാരെ നിയമിക്കുംമുമ്പ് വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ സാധുത പരിശോധിച്ച് ഉറപ്പാക്കണമെന്നും ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ നിർദേശിച്ചു. ഇതുമായി ബന്ധപ്പെട്ട് മാർഗനിർദേശങ്ങൾ അനിവാര്യമാണെന്ന് നിരീക്ഷിച്ച കോടതി, സത്യവാങ്മൂലം നൽകാൻ സർക്കാറിനോട് ആവശ്യപ്പെട്ടു. അനാസ്ഥയെത്തുടർന്ന് കുഞ്ഞ് മരിച്ചെന്ന് ആരോപിക്കപ്പെടുന്ന കേസിൽ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റായിരുന്ന ചേർത്തല സ്വദേശി ഡോ. ടി.എസ്. സീമക്കെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നിർദേശിക്കുന്ന ഉത്തരവിലാണ് കോടതിയുടെ നിരീക്ഷണം.
ഡോക്ടർക്ക് മതിയായ യോഗ്യതയില്ലെന്നതടക്കം ചൂണ്ടിക്കാട്ടി മരിച്ച കുഞ്ഞിന്റെ മാതാപിതാക്കളായ സാബുവും ശ്രീദേവിയും നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്. ശ്രീദേവിയെ 2019 നവംബർ 11നാണ് പ്രസവവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചത്.
വൈകീട്ട് മൂന്നിന് പരിശോധന കഴിഞ്ഞ് പോയശേഷം വേദന കലശലായപ്പോൾ ഡോക്ടറെ വിളിച്ചെങ്കിലും എത്തിയില്ല. രാത്രി ഏഴരയോടെ സ്ഥിതി വഷളായി. ഈസമയം നഴ്സ് അറിയിച്ചതിനെത്തുടർന്ന് ഡോക്ടർ എത്തി കുഞ്ഞിനെ പുറത്തെടുത്തെങ്കിലും രക്ഷിക്കാനായില്ല. ഡോക്ടറുടെ യോഗ്യതയിൽ സംശയം തോന്നിയതിനെത്തുടർന്ന് ഹരജിക്കാർ ഡോ. സീമ മാസ്റ്റർ ബിരുദത്തിന് പഠിച്ച മഹാരാഷ്ട്രയിലെ മഹാത്മാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ വിവരാവകാശ നിയമപ്രകാരം അപേക്ഷ നൽകി. ഡോക്ടർ ഇവിടെ പഠിച്ചിരുന്നെങ്കിലും കോഴ്സ് പൂർത്തിയാക്കിയില്ലെന്നായിരുന്നു മറുപടി. തുടർന്നാണ് ഹൈകോടതിയെ സമീപിച്ചത്.
സംഭവത്തിൽ കരുനാഗപ്പള്ളി പൊലീസ് കേസെടുത്തിട്ടുണ്ടെന്ന് സർക്കാർ അഭിഭാഷകൻ അറിയിച്ചു. എന്നാൽ, ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്നും ഇതിനായി ഒരാഴ്ചക്കകം ഡി.ജി.പി പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു. ഹരജിക്കാരുടെ ആരോപണം ശരിയാണെങ്കിൽ ഡോക്ടർമാരെക്കുറിച്ച് ജനങ്ങൾക്ക് ആശങ്കയുണ്ടാവാനിടയുണ്ടെന്നും ഇത് മാറ്റേണ്ടത് സർക്കാറിന്റെ കടമയാണെന്നും കോടതി ഓർമിപ്പിച്ചു. തുടർന്ന്, ഹരജി വീണ്ടും സെപ്റ്റംബർ നാലിന് പരിഗണിക്കാൻ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.