മഴക്കെടുതിയിൽ ഇന്ന് ആറ് മരണം; അതീവ ജാഗ്രത

2022-08-02 09:52 IST

അതിരപ്പിള്ളിയിൽ കാട്ടാന ഒഴുക്കിൽപ്പെട്ടപ്പോൾ

2022-08-02 09:27 IST

കണ്ണൂരിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി

കണ്ണൂർ: മഴ ശക്തമായി തുടരുന്നതിനിടെ കണ്ണൂരിൽ മൂന്നിടങ്ങളിൽ ഉരുൾപൊട്ടി. കണിച്ചാൽ കോളയാട് പഞ്ചായത്തുകളുടെ അതിർത്തികളിൽപെട്ട പ്രദേശങ്ങളിൽ ഇന്നലെ രാത്രിയാണ് ഉരുൾപൊട്ടലുണ്ടായത്. കൊളക്കാട്, കുരിശുമല, ഏലപ്പീടിക, പൂളക്കുറ്റി, തുടിയാട് എന്നിവിടങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.

ചെക്കേരി കോളനിയുടെ സമീപപ്രദേശങ്ങളിലാണ് ആദ്യം ഉരുൾപൊട്ടലുണ്ടായത്. നെടുംപുറംചാൽ, തുണ്ടിയിൽ ടൗണുകളിൽ വെള്ളം കയറി വൻനാശ നഷ്ടം സംഭവിച്ചിട്ടുണ്ട്.

പ്രദേശത്തുനിന്നും രണ്ടര വയസ്സുള്ള കുട്ടിയെ നേരത്തെ കാണാതായിരുന്നു. ആരോഗ്യവകുപ്പ് നെടുംപുറംചാൽ സബ് സെന്‍ററിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സിന്‍റെ രണ്ടര വയസ്സുള്ള കുട്ടിയെയാണ് കാണാതായത്. കുട്ടിക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്.

കാഞ്ഞിരപ്പുഴ, നെല്ലാനിത്തോട്, നെടുമ്പോയിത്തോട് എന്നിവയെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. 

2022-08-02 09:26 IST

അതിരപ്പിള്ളിയിൽ കാട്ടാന ഒഴുക്കിൽപെട്ടു

തൃശൂർ: അതിരപ്പിള്ളി പിള്ളപ്പാറയിൽ കാട്ടാന ഒഴുക്കിൽപെട്ടു. മലവെള്ളപ്പാച്ചിലിൽ ആന കുടുങ്ങി നിൽക്കുന്ന ദൃശ്യങ്ങൾ പുറത്തുവരികയായിരുന്നു.

ആനയെ എങ്ങനെ രക്ഷിക്കാൻ സാധിക്കും എന്നതിനെച്ചൊല്ലി വ്യക്തതയില്ല. പറമ്പിക്കുളത്തുനിന്നും പെരിങ്ങൽക്കുത്തിലേക്ക് അധികജലം പുറത്തുവിട്ടതോടെയാണ് ചാലക്കുട്ടി പുഴയിൽ ജലനിരപ്പ് ഉയരാൻ കാരണമായത്.

ചാലക്കുട്ടി പുഴയിൽ ജലനിരപ്പ് ക്രമാതീതമായി ഉയർന്നതോടെ കർശന ജാഗ്രത വേണമെന്ന് തൃശൂർ ജില്ല കലക്ടർ അറിയിച്ചു. പുഴയുടെ താഴ്ന്ന പ്രദേശങ്ങളിലുള്ള നിരവധി കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്.

2022-08-02 09:24 IST

കോട്ടയത്ത് 15 ക്യാമ്പുകളിലായി 293 പേർ

കോട്ടയം ജില്ലയിലെ മൊത്തം ദുരിതാശ്വാസ ക്യാമ്പുകൾ - 15

മീനച്ചിൽ താലൂക്ക് - 10

കാഞ്ഞിരപ്പള്ളി - 5

മൊത്തം കുടുംബം - 99

ക്യാമ്പിൽ കഴിയുന്നവർ - 293

സ്ത്രീകൾ - 117

പുരുഷൻമാർ - 114

കുട്ടികൾ - 62

2022-08-02 08:49 IST

കണ്ണൂരിൽ ഒഴുക്കിൽപ്പെട്ട് കാണാതായ രണ്ടര വയസ്സുകാരിയുടെ മൃതദേഹം കണ്ടെത്തി

കണ്ണൂർ: പേരാവൂരിൽ ഇന്നലെ രാത്രിയുണ്ടായ ഉരുൾപൊട്ടലിൽ കാണാതായ രണ്ടരവയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആരോഗ്യ വകുപ്പ് നെടുംപുറം ചാൽ സബ് സെന്റർറിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്‌സ് നാദിറയുടെ രണ്ടര വയസുള്ള മകൾ നുമാ ദാസ്മിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്.

ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുടുംബം താമസിക്കുന്ന ക്വാട്ടേഴ്‌സിലേക്ക് വെള്ളം ഇരച്ചുകയറുകയായിരുന്നു. ഈ സമയം തറയിൽ കളിച്ചുകൊണ്ടിരിക്കുന്ന കുഞ്ഞ് വെള്ളത്തിൽ ഒഴുകിപ്പോകുകയായിരുന്നു. പുലര്‍ച്ചെ വരെ തെരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയായതിനാല്‍ തെരച്ചില്‍ നിര്‍ത്തിവെക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ന് രാവിലെ നടത്തിയ തെരച്ചിലിലാണ് കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. വീടിന്റെ ഇരുന്നൂറ് മീറ്റർ അകലെയുള്ള കുളത്തിനരികെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പത്തനംതിട്ട സ്വദേശികളാണ് കുഞ്ഞിന്‍റെ മാതാപിതാക്കള്‍.

2022-08-02 08:47 IST

വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് രണ്ട് കുട്ടികൾ മരിച്ചു

കാസർകോട്: കർണാടകയിലെ സുള്ള്യയിൽ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. ശ്രുതി (ആറ്), ജ്ഞാനശ്രീ (11) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയാണ് അപകടമുണ്ടായത്.

വീടിന് പിറകിലെ കുന്നിടിഞ്ഞ് വീടിനു മുകളിലേക്ക് മണ്ണിടിയുകയായിരുന്നു. കുട്ടികളുടെ മാതാപിതാക്കളും അമ്മൂമ്മയുമാണ് വീട്ടിലുണ്ടായിരുന്നത്. മുതിർന്നവർ വീട്ടിന് പുറത്തേക്കോടിയെങ്കിലും കുട്ടികൾക്ക് രക്ഷപ്പെടാൻ കഴിഞ്ഞില്ല.

ജെ.സി.ബി ഉപയോഗിച്ച് മണ്ണ് മാറ്റിയാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. കേരള-കർണാടക അതിർത്തി മേഖലയിൽ രണ്ട് ദിവസമായി തുടർച്ചയായി മഴ പെയ്യുകയാണ്. 

2022-08-02 08:46 IST

കോട്ടയം കൂട്ടിക്കലിൽ ഒഴുക്കിൽപെട്ട യുവാവിന്‍റെ മൃതദേഹം കണ്ടെത്തി

കോട്ടയം: കൂട്ടിക്കൽ ചപ്പാത്തിൽ ഒഴുക്കിൽപെട്ട് കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. കൂട്ടിക്കൽ സ്വദേശി ചുമട്ടുതൊഴിലാളിയായ റിയാസിന്‍റെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ 7.30ഓടെ കൂട്ടിക്കൽ ചപ്പാത്തിന് താഴെ ജലനിധി ടാങ്കിന് സമീപം പുല്ലകയാർ തീരത്തു നിന്നാണ് കണ്ടെത്തിയത്.

ഇന്നലെ വൈകീട്ടോടെ റിയാസ് കാൽ വഴുതി ആറ്റിൽ വീഴുകയായിരുന്നു എന്നാണ് സംശയിക്കുന്നത്. ഇതിന്‍റെ നടുക്കുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. 

Tags:    
News Summary - Kerala heavy rain updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.