തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ ഉപകരണങ്ങളില്ലെന്നും അതുമൂലം രോഗികൾക്ക് ചികിത്സ ലഭിക്കുന്നില്ലെന്നുമുള്ള യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലുകളെ കുറിച്ച് അന്വേഷിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. സിസ്റ്റത്തിന്റെ വീഴ്ചയാണിതെന്ന് സമ്മതിച്ച മന്ത്രി മാറ്റം കൊണ്ടുവരാൻ സർക്കാർ ശ്രമിക്കുകയാണെന്നും വ്യക്തമാക്കി. അന്വേഷണത്തിന് പ്രത്യേക സമിതിയെ നിയോഗിക്കും. അധികൃതർക്ക് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നും പരിശോധിക്കും. ഡോ. ഹാരിസിന്റെ വെളിപ്പെടുത്തലിന്റെ പശ്ചാത്തലവും പരിശോധിക്കും.
സത്യസന്ധനും കഠിനാധ്വാനിയുമായ ഡോക്ടറാണ് ഹാരിസ്. അദ്ദേഹം പറഞ്ഞത് സിസ്റ്റത്തിന്റെ പ്രശ്നമാണ്. നമ്മുടെ ആശുപത്രികളിൽ രോഗികളുടെ ബാഹുല്യമാണ്. കൂടുതൽ തസ്തികകൾ അനുവദിച്ചിട്ടുണ്ട്. പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ ശ്രമിക്കുകയാണ്. ഒരു വർഷം 1600 കോടി സംസ്ഥാനം നൽകിയെന്നും മന്ത്രി വിശദീകരിച്ചു.
അതിനിടെ, പറഞ്ഞ കാര്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും രാഷ്ട്രീയ വിവാദമുണ്ടാക്കുകയല്ല ലക്ഷ്യമെന്നും ഡോക്ടർ ഹാരിസ് വ്യക്തമാക്കി. എല്ലാ കാര്യങ്ങളും മേലധികാരികളെ ഒക്കെ അറിയിച്ചിരുന്നു. അത് റിപ്പോർട്ട് ചെയ്യുന്നതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടേ എന്ന് സംശയമുണ്ട്. ഇക്കാര്യങ്ങളൊന്നും ആരോഗ്യമന്ത്രി അറിയുന്നുണ്ടാകില്ല. ബന്ധപ്പെട്ട മേലധികാരികൾ അറിയിക്കുന്നതിലെ വീഴ്ചയാണ് പ്രശ്നമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഫേസ്ബുക്കിലൂടെയായിരുന്നു ഡോക്ടർ ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തൽ. ഹാരിസിന് പിന്തുണയുമായി കേരള ഗവൺമെന്‍റ് മെഡിക്കൽ കോളജ് ടീച്ചേഴ്സ് അസോസിയേഷൻ രംഗത്തുവന്നിരുന്നു. ഡോ. ഹാരിസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വൈകാരിക പ്രകടനമാണെന്നായിരുന്നു ഡി.എം.ഇയുടെ വാദം. പോസ്റ്റ് വിവാദമായതിനു പിന്നാലെ ഡോക്ടർ ഹാരിസ് അത് ഫേസ്ബുക്കിൽ നിന്ന് നീക്കം ചെയ്തിരുന്നു. ആരോഗ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ട് ഡോക്ടറെ കൊണ്ട് പോസ്റ്റ് പിൻവലിപ്പിക്കുകയായിരുന്നുവെന്നും ആരോപണമുയർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.