കെ.എസ്.ആർ.ടി.സിക്ക് 60 കോടി കൂടി അനുവദിക്കും -ധനമന്ത്രി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിക്ക് സാമ്പത്തിക സഹായമായി 60 കോടി രൂപ കൂടി അനുവദിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്. ഇതടക്കം കെ.എസ്.ആർ.ടി.സിക്ക് ഈ വർഷം 690 കോടി രൂപ പണമായി നൽകിയിട്ടുണ്ട്. ഇതിനു പുറമെ പുതിയ വണ്ടികൾ വാങ്ങുന്നതിന് 325 കോടി രൂപയും പ്ലാൻ ഫണ്ടിൽ നിന്ന് 45 കോടി രൂപയും സർക്കാർ ഗ്യാരണ്ടി നിന്ന് 505 കോടി രൂപ വായ്പയെടുത്തും നൽകി. കണക്കുകൾ പ്രകാരം കെ.എസ്.ആർ.ടി.സിക്ക് ആകെ 1,565 കോടി നൽകിയിട്ടുണ്ടെന്നും ഐസക് മാധ്യമങ്ങളോട് പറഞ്ഞു. 

വിവിധ വകുപ്പുകളുടെയും മറ്റു ഏജൻസികളുടെയും അഞ്ചു കോടി വരെയുള്ള ബില്ലുകൾക്ക് വെയ്സ് ആൻഡ് മീൻസ് നിയന്ത്രണം ഉണ്ടാവില്ല. ഇതിനകം വെയ്സ് ആൻഡ് മീൻസ് ക്ലിയറൻസിനു വേണ്ടി സമർപ്പിച്ച് ഡോക്കറ്റ് നമ്പരെടുത്തിട്ടുള്ള അഞ്ചു കോടി രൂപ വരെയുള്ള മുഴുവൻ ബില്ലുകൾക്കും ഇതോടെ അനുമതിയാകും. കരാറുകാരുടെ 2017 ഏപ്രിൽ വരെയുള്ള എല്ലാ ബില്ലുകൾക്കും പണം നൽകും. മെയ് മാസം മുതലുള്ളവയുടെ പരിശോധന കഴിഞ്ഞാൽ ഉടൻ പണം അനുവദിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കുള്ള എല്ലാ ട്രഷറി നിയന്ത്രണങ്ങളും ഒഴിവാക്കി. പക്ഷേ, ട്രഷറിയിൽ നിന്ന് പണം മാറി മറ്റു ധനകാര്യ സ്ഥാപനങ്ങളിൽ പാർക്കു ചെയ്യുന്നതിനുള്ള അനുവാദം ഉണ്ടാവില്ലെന്നും ധനമന്ത്രി പറഞ്ഞു. 

റബ്ബർ കൃഷിക്കാർക്കുള്ള സബ്സിഡി ഇനത്തിൽ 43 കോടി രൂപ അനുവദിച്ചു. ഇനി 21 കോടിയുടെ ബില്ലുകളാണ് റബ്ബർ ബോർഡ് അപ് ലോഡ് ചെയ്തിട്ടുള്ളത്. അവയുടെ പരിശോധന പൂർത്തീകരിച്ച് ഒരാഴ്ചയ്ക്കുള്ളിൽ പണം വിതരണം ചെയ്യും. നെല്ല് സംഭരണത്തിന് ബാങ്കുകൾ നൽകിയ അഡ്വാൻസുകളിൽ ആറു മാസം പൂർത്തിയാക്കിയവയെല്ലാം പലിശ സഹിതം സർക്കാർ ഇന്ന് പണം അനുവദിക്കുന്നതാണെന്നും ഐസക് അറിയിച്ചു.    


 

Tags:    
News Summary - Kerala Govt Allow 60 Crore Rupees Financial Support to KSRTC -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.