തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ഡൗണ്‍ തുടരണമോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടായേക്കും. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേരുന്ന കോവിഡ് അവലോകന യോഗത്തിലാകും തീരുമാനമുണ്ടാകുക.
ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് സെക്രട്ടറി എന്നിവരടക്കമുള്ള ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ എല്ലാ കാര്യങ്ങളും വിലയിരുത്തിയ ശേഷമാകും ലോക്ഡൗണിന്റെ കാര്യത്തിൽ തീരുമാനം എടുക്കുക.
ജൂൺ ഒമ്പത് (ബുധനാഴ്ച) വരെയാണ് സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പരിശോധിച്ചായിരിക്കും സര്‍ക്കാര്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇപ്പോൾ 15ൽ താഴെയാണ്. കഴിഞ്ഞ ദിവസം ഇത് 14 ആയിരുന്നു. കോവിഡ് രണ്ടാം തരംഗത്തിൽ ടി.പി.ആർ 30ൽ നിന്ന് 15ലേക്ക് വളരെ വേഗത്തിൽ താഴ്ന്നെങ്കിലും അതിനുശേഷം കാര്യമായ കുറവുണ്ടാവാതിരുന്നതോടെയാണ് നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയത്.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10ലും താഴെയെത്തിയ ശേഷം മാത്രം ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് നൽകിയാൽ മതിയെന്നാണ് ആരോഗ്യവിദഗ്ധർ പറയുന്നത്. ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കിയാല്‍ രോഗബാധ കൂടുമെന്നാണ് മുന്നറിയിപ്പ്.
ലോക്ഡൗൺ സാധരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കിയ സാഹചര്യം കൂടി പരിഗണിച്ചാകും സർക്കാർ തീരുമാനം. അതുകൊണ്ട് ശക്തമായ ലോക്ഡൗൺ ഇനിയും തുടരാൻ സാധ്യതയില്ല. രോഗവ്യാപനം കൂടുതലുള്ള മേഖലകളിൽ മാത്രം നിയന്ത്രണങ്ങൾ തുടർന്നാൽ മതിയെന്ന നിർദേശം സർക്കാർ പരിഗണിക്കുന്നുണ്ട്. നേരത്തെ ഉണ്ടായിരുന്ന 'മിനി ലോക്ഡൗൺ' നടപ്പാക്കുകയെന്ന കാര്യവും സർക്കാർ ആലോചിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.