തിരുവനന്തപുരം: സംസ്ഥാനത്ത് വേരുറപ്പിക്കാൻ കുത്തക മദ്യകമ്പനിയായ ബക്കാർഡി വർഷങ്ങളായി നടത്തുന്നത് വൻ നീക്കങ്ങൾ. വർഷങ്ങൾക്ക് മുമ്പ് തന്നെ വീര്യം കുറഞ്ഞ മദ്യം എന്ന ആശയവുമായി ഈ കമ്പനി സംസ്ഥാനത്ത് സജീവമായെന്നും മദ്യവിതരണത്തിന് തെറ്റിദ്ധരിപ്പിക്കുന്ന പല പ്രചാരണങ്ങളും നടത്തിയെന്നും വ്യക്തമാകുന്നു. ഒന്നാം എൽ.ഡി.എഫ് സർക്കാറിന്റെ കാലത്തുതന്നെ വീര്യം കുറഞ്ഞ മദ്യത്തിന്റെ വിപണനത്തിന് ബക്കാർഡി കമ്പനി ശ്രമം നടത്തിയിരുന്നു. 2017ൽ ഇതുസംബന്ധിച്ച കത്ത് സർക്കാറിന് നൽകി. പിന്നീടാണ് 2021ലും ’23 ലും നികുതിയിളവ് ആവശ്യപ്പെട്ട് കത്ത് നൽകിയത്. കമ്പനിക്ക് വിൽപന നികുതി ഇളവ് നൽകുന്നതിൽ തീരുമാനമെടുത്തില്ലെന്ന് എൽ.ഡി.എഫ് നേതാക്കൾ അവകാശപ്പെടുമ്പോഴും സർക്കാർ തലത്തിൽ ശ്രമങ്ങൾ നടന്നെന്ന് വ്യക്തം.
നികുതിയിളവിനെ അനുകൂലിച്ചും പ്രതികൂലിച്ചും റിപ്പോർട്ടുകളും ആ കാലത്തുണ്ടായി. ആറുമാസത്തെ ഇടവേളയിലാണ് ഈ വിഷയവുമായി ബന്ധപ്പെട്ട് പരസ്പരവിരുദ്ധമായ രണ്ടു റിപ്പോർട്ടുകൾ ജി.എസ്.ടി വകുപ്പിൽനിന്ന് നൽകിയത്. നികുതി ഇളവ് നൽകരുതെന്നായിരുന്നു ആദ്യ റിപ്പോർട്ടെങ്കിൽ, ഇളവാകാം എന്നായിരുന്നു രണ്ടാമത്തേത്ത്. എന്നാൽ, സർക്കാർ തീരുമാനമെടുത്തില്ല.
യു.ഡി.എഫ് സർക്കാറിന്റെ കന്നി ബജറ്റിൽ ഇതേ വിഷയത്തിലാണ് നികുതി ഇളവ് നൽകിയത്. ബക്കാർഡി പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ കുത്തക കമ്പനിക്ക് ലാഭം കൊയ്യാനാണ് നികുതി ഇളവ് നൽകിയതെന്നും അതിൽ അഴിമതിയുണ്ടെന്നുമാണ് മുൻ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെ ഇപ്പോൾ ആരോപിക്കുന്നത്. 2022-’23ലെ അബ്കാരി നയത്തിൽ വീര്യം കുറഞ്ഞ മദ്യം കേരളത്തിൽ വിൽക്കാമെന്ന നിർദേശം വന്നതിനെ തുടർന്ന് ഈയിനത്തിലെ മദ്യത്തിന്റെ വീര്യം 0.5 ശതമാനം മുതൽ 20 ശതമാനം വരെയായിരിക്കുമെന്ന് കാണിച്ച് എക്സൈസ് വകുപ്പ് ക്ലാസിഫിക്കേഷൻ കൊണ്ടുവന്നിരുന്നു. ഇത് 2021ൽ എക്സൈസ് മന്ത്രിയായിരുന്ന എം.വി. ഗോവിന്ദന് കമ്പനി നൽകിയ കത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് ആക്ഷേപം. എന്നാൽ, പഴവർഗങ്ങളിൽനിന്നും വീര്യം കുറഞ്ഞ മദ്യം ഉൽപാദിപ്പിക്കാനായിരുന്നു ഇതെന്നാണ് ഇപ്പോൾ പ്രതിപക്ഷം പറയുന്നത്. വീര്യം കുറഞ്ഞ വിഭാഗത്തിന്റെ പുതിയ ക്ലാസിഫിക്കേഷൻ വന്നതോടെയാണ് നികുതി ഇളവിന് ബക്കാർഡി കമ്പനി 2023ൽ ജി.എസ്.ടി വകുപ്പിന് വഴി അപേക്ഷ നൽകിയത്.
ബിയറിനും ഇന്ത്യൻ നിർമിത വിദേശമദ്യത്തിനും ബാധകമായ നികുതിയുടെ മധ്യത്തിൽ നികുതി നിശ്ചയിക്കാമെന്നും അല്ലെങ്കിൽ വീര്യം കണക്കാക്കി വ്യത്യസ്ത നികുതി നിരക്കുകളാകാമെന്നുമായിരുന്നു ജി.എസ്.ടി വകുപ്പിന്റെ ശിപാർശ. എൽ.ഡി.എഫ് ഭരണകാലത്തെ ഈ ശിപാർശ പ്രകാരമാണെങ്കിൽ സ്വകാര്യ കമ്പനിയുടെ മദ്യത്തിന് ബിയറിന് തുല്യമായ 116 ശതമാനം നികുതിയാണ് നിർദേശിച്ചത്. യു.ഡി.എഫ് സർക്കാർ ഇപ്പോൾ 120 ശതമാനമായാണ് നികുതി നിർദേശിച്ചത്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് നടക്കാത്ത കാര്യം നടപ്പാക്കാൻ സ്വകാര്യ കമ്പനി കൃത്യമായ നീക്കം നടത്തിയെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. ഈ സർക്കാർ അധികാരത്തിലേറി ദിവസങ്ങൾക്കകം ഏഴ് ഉദ്യോഗസ്ഥർ ഈ ഫയൽ കണ്ടെന്ന പ്രതിപക്ഷ ആരോപണവും ഗൗരവതരമാണ്.
തിരുവനന്തപുരം: നികുതി നിശ്ചയിച്ചാലും എക്സൈസ് വകുപ്പ് ബ്രാൻഡ് രജിസ്ട്രേഷൻ അനുവദിച്ചാൽ മാത്രമേ സംസ്ഥാനത്ത് മദ്യവിൽപന സാധ്യമാകൂവെന്ന് മന്ത്രി എം.ലിജു. അതിനാൽ ബജറ്റിൽ നിർദേശിക്കുന്ന നികുതി നിർണയത്തിന്റെ പേരിൽ, യു.ഡി.എഫ് നയം രൂപീകരിക്കുംമുമ്പ് വീര്യംകുറഞ്ഞ മദ്യം വിൽക്കാൻ കഴിയില്ലെന്ന് അദ്ദേഹം വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കി. നികുതി തീരുമാനിച്ചതുകൊണ്ട് മാത്രം വീര്യം കുറഞ്ഞ മദ്യം വിൽക്കാൻ കഴിയില്ല. മദ്യനയം രൂപീകരിച്ചശേഷമേ വീര്യംകുറഞ്ഞ മദ്യത്തിന്റെ വിൽപന, ബാറുകളുടെ പ്രവർത്തന സമയം തുടങ്ങി എല്ലാ കാര്യങ്ങളിലും തീരുമാനമെടുക്കൂ.
വീര്യംകുറഞ്ഞ മദ്യത്തിന്റെ വിൽപന നികുതി ബജറ്റിൽ നിശ്ചയിച്ചതുമായി ബന്ധപ്പെട്ട് താൻ വിയോജിപ്പ് പറഞ്ഞിട്ടില്ല. കുറച്ച് പുതിയ നികുതി പ്രഖ്യാപിക്കുക മാത്രമാണ് ബജറ്റിൽ ചെയ്തത്. എന്നാൽ, അത് വിൽക്കാൻ തീരുമാനിച്ചിട്ടില്ല. നയരൂപീകരണത്തിന് മുന്നോടിയായി നിയമസഭ സമ്മേളനം കഴിഞ്ഞാലുടൻ വിവിധ വിഭാഗങ്ങളുമായി എക്സൈസ് വകുപ്പ് ചർച്ച നടത്തും. കരട് നയം യു.ഡി.എഫിൽ ചർച്ചചെയ്ത് അന്തിമമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.