വീര്യത്തിലാണല്ലോ...? തിരുവനന്തപുരത്ത് അന്താരാഷ്ട്ര മയക്കുമരുന്ന് വിരുദ്ധ ദിന റാലി ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും എക്സൈസ് മന്ത്രി
എം. ലിജുവും സംഭാഷണത്തിൽ -വൈ.ആർ. വിപിൻദാസ്
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യത്തിനുള്ള നികുതി നിർദേശം ജൂലൈ ഒന്നിന് നിയമസഭയിലെത്തുന്ന ധനബില്ലിൽനിന്ന് ഒഴിവാക്കില്ല. ബജറ്റ് പ്രഖ്യാപനത്തിലെ ഇതടക്കമുള്ള നികുതിനിർദേശങ്ങൾ ചട്ടപ്രകാരമുള്ള അംഗീകാരത്തിന് സമർപ്പിക്കുന്നുവെന്നതിനപ്പുറം, ഇതുവഴി മദ്യക്കമ്പനികൾക്ക് ഏതെങ്കിലും തരത്തിൽ അവകാശവാദങ്ങൾക്കുള്ള നിയമപരമായ സാധുത ലഭിക്കില്ലെന്നാണ് സർക്കാർ വാദം.
പുതിയ നികുതികൾ ചുമത്തൽ, നിലവിലെ നികുതികളിൽ മാറ്റംവരുത്തൽ എന്നിവക്ക് നിയമസഭയുടെ അംഗീകാരം വാങ്ങുന്ന പ്രക്രിയയാണ് ധനബിൽ അവതരണം. ധനമന്ത്രി സഭയിൽ വെക്കുന്നതോടെ, ബിൽ പ്രകാരമുള്ള നികുതി ഭേദഗതി പ്രാബല്യത്തിൽവരും. 120 ദിവസം വരെ ഇത്തരത്തിൽ നികുതി സമാഹരിക്കാം.
ഇക്കാലയളവിൽ സർക്കാറിന് വേണമെങ്കിൽ നിയമസഭ ചേർന്ന്, നേരത്തെ അവതരിപ്പിച്ച നികുതി ഭേദഗതിയിൽനിന്ന് പിന്മാറാമെന്നതും ചട്ടമാണ്. കമ്പനികൾക്ക് അപേക്ഷ സമർപ്പിക്കാനുള്ള നിയമസാഹചര്യം ഒരുങ്ങണമെങ്കിൽ സർക്കാർ മദ്യനയം അവതരിപ്പിക്കുകയും എക്സൈസ് വകുപ്പ് ഇതുസംബന്ധിച്ച് തുടർനടപടികൾ സ്വീകരിക്കുകയും വേണം.
സർക്കാറിന്റെ മദ്യനയമാണ് വീര്യം കുറഞ്ഞ മദ്യം വിൽക്കണോ വേണ്ടയോ എന്നത് തീരുമാനിക്കുന്നത്. നിയമസഭയിൽ മദ്യത്തിനുള്ള നികുതിനിർദേശമടങ്ങിയ ധനബിൽ പാസാക്കിയെന്ന് കരുതി, ഇത് മുൻനിർത്തി കമ്പനികൾക്ക് കോടതിയിൽ പോകാനാവില്ല. നിലവിലുള്ള ഏതെങ്കിലും നിയമത്തിന് എതിരാവുകയോ ഭരണഘടനാ വിരുദ്ധ വ്യവസ്ഥകൾ ഉൾപ്പെടുകയോ ചെയ്താൽ മാത്രമേ ബില്ലിനെതിരെ ഈ ഘട്ടത്തിൽ കോടതിയെ സമീപിക്കാനാകൂ.
മാത്രമല്ല, ധനബില്ലിലെ വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി നിർദേശം നടപ്പാക്കാൻ മറ്റൊരു തീയതി നിശ്ചയിച്ചും ബിൽ അവതരിപ്പിക്കാം. ഇതടക്കം നിരവധി സാധ്യതകൾ ധനബില്ലിലുണ്ട്. ഇതിൽ ഏതെങ്കിലും ഓപ്ഷൻ സ്വീകരിക്കാനും സാധ്യതയുണ്ട്.
രാഷ്ട്രീയ ചർച്ചകളുടെ അടിസ്ഥാനത്തിൽ മദ്യനയം നിശ്ചയിക്കുന്നത് വരെ വേണമെങ്കിൽ സർക്കാറിന് നീട്ടിവെക്കാം. ബുധനാഴ്ചയാണ് ബിൽ നിയമസഭയിലെത്തുന്നതെങ്കിലും ചൊവ്വാഴ്ചയോടെയേ ഇക്കാര്യങ്ങളിൽ തീരുമാനമാകൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.