തിരുവനന്തപുരം: അതിതീവ്രമഴ, ചുഴലിക്കാറ്റ് മുന്നറിയിപ്പിനെതുടർന്ന് സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റിയും ജില്ല ഭരണകൂടങ്ങളും അതിജാഗ്രത നിർദേശം നൽകി. മത്സ്യബന്ധനത്തിനുപോയ ബോട്ടുകളും വള്ളങ്ങളും മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാണ്. ഇടുക്കി, പാലക്കാട്, തൃശൂർ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരുന്നു. വ്യാഴാഴ്ച ഉച്ചയോടെ തൃശൂർ, പാലക്കാട് ജില്ലകളിലെ റെഡ് അലർട്ട് പിൻവലിച്ചു. ഇടുക്കിയിൽ മുന്നറിയിപ്പുണ്ട്. മലപ്പുറത്ത് കൂടി റെഡ് അലർട്ട് പ്രഖ്യാപിച്ചു. മിക്ക ജില്ലകളിലും അഞ്ചുമുതൽ ഏഴുവരെ യെല്ലോ അലർട്ടാണ്. കൊല്ലം, ആലപ്പുഴ ജില്ലകളിൽ ഏഴ്, എട്ട് തീയതികളിൽ ഗ്രീൻ അലർട്ടും പ്രഖ്യാപിച്ചു.
മലമ്പുഴ ഡാമിലെ നാല് ഷട്ടറും മാട്ടുപ്പെട്ടിയുടെ ഷട്ടറുകളും തുറന്നു. ഇടുക്കി ഡാമിൽ പരമാവധി ജലനിരപ്പ് 2403 അടിയേക്കാള്‍ 15 അടി കുറവാണെങ്കില്‍പോലും വെള്ളം ഒഴുക്കിവിടും. കേരള-ഷോളയാര്‍ ഡാമിെൻറ ഒരു ഷട്ടറും പെരിങ്ങല്‍കുത്ത് ഡാമിെൻറ രണ്ട് സ്ല്യൂയിസ് ഗേറ്റുകളും തുറന്ന് വെള്ളം ഒഴുക്കിത്തുടങ്ങി. ഇടമലയാര്‍ ജലനിരപ്പ് 160 മീറ്റര്‍ താഴെയാണെങ്കിലും ഗേറ്റുകള്‍ തുറക്കും.
ബാണാസുരസാഗര്‍, കുറ്റ്യാടി ഡാമുകളിൽനിന്ന് ആവശ്യമെങ്കിൽ ജലം പുറത്തേക്കൊഴുക്കാൻ കെ.എസ്.ഇ.ബി തീരുമാനിച്ചു. ശബരിമലയിലെ നിര്‍മാണ പ്രവര്‍ത്തനം കണക്കിലെടുത്താകും പമ്പ, കക്കി ഡാം തുറക്കുക. മാട്ടുപ്പെട്ടി, പൊന്മുടി, കുണ്ടള ഡാമുകളില്‍നിന്ന് ഒഴുകുന്ന ജലത്തിെൻറ അളവ് ആവശ്യമെങ്കില്‍ ഉയർത്തും.
വെള്ളിയാഴ്ച മുതൽ മൂന്നാർ യാത്രക്ക് നിരോധനമുണ്ട്. നെല്ലിയാമ്പതി യാത്ര ഒഴിവാക്കണമെന്ന് പാലക്കാട് ജില്ല ഭരണകൂടം നിർദേശിച്ചു. മലയോരമേഖലകളിൽ രാത്രി യാത്ര ഒഴിവാക്കണം.
അറബിക്കടലിെൻറ തെക്ക് കിഴക്ക് രൂപപ്പെട്ട മർദം ശ്രീലങ്കക്ക് സമീപം വെള്ളിയാഴ്ചയോടെ ശക്തിപ്രാപിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിെൻറ മുന്നറിയിപ്പ്. ന്യൂനമർദം ശനിയാഴ്ച ശക്തി പ്രാപിച്ച് ഏഴിന് ശക്തവും അതിശക്തവും അതിതീവ്രവുമായ മഴക്ക് സാധ്യതയുണ്ട്.
ദേശീയ ദുരന്തനിവാരണ സേന വീണ്ടും കേരളത്തിൽ
തൃശൂർ: കനത്ത മഴയും ചുഴലിക്കാറ്റും ഉണ്ടാകുമെന്ന കാലാവസ്ഥ പ്രവചനവും ചില ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപനവും കണക്കിലെടുത്ത് ദേശീയ ദുരന്തനിവാരണ സേന കേരളത്തിൽ എത്തി. സേനയുടെ നാലാം ബറ്റാലിയെൻറ ആസ്ഥാനമായ തമിഴ്നാട്ടിലെ ആരക്കോണത്തു നിന്ന് അഞ്ച് ടീമാണ് എത്തിയത്. തൃശൂർ രാമവർമപുരത്തെ പൊലീസ് അക്കാദമിയിലെ കേരള ക്യാമ്പിൽ നേരത്തെതന്നെ മൂന്ന് ടീം നിലയുറപ്പിച്ചിട്ടുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശപ്രകാരം ഇൗ എട്ട് ടീമുകളും പ്രവർത്തിക്കുമെന്ന് ദേശീയ ദുരന്തനിവാരണ സേന സീനിയർ കമാൻഡൻറ് അറിയിച്ചു.
ക്യാമ്പ് സജ്ജമാക്കുന്നു
തിരുവനന്തപുരം: വെള്ളിയാഴ്ച മുതൽ മുമ്പ് പ്രളയവും ഉരുള്‍പൊട്ടലും ബാധിച്ച സ്ഥലങ്ങളില്‍ ക്യാമ്പ് സജ്ജമാക്കാന്‍ നിര്‍ദേശം. പ്രാദേശിക ഭരണകൂടങ്ങൾ അറിയിക്കുന്ന സുരക്ഷിതമായ സ്ഥാനങ്ങളിലേക്ക് എത്രയുംപെട്ടെന്ന് മാറാൻ ശ്രമിക്കണമെന്ന്ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. രാത്രികാല മലയോരയാത്ര ഒഴിവാക്കുക. മലയോരമേഖലയിലും ബീച്ചുകളിലും വിനോദസഞ്ചാരം ഒഴിവാക്കുക. നീലക്കുറിഞ്ഞി സന്ദര്‍ശനവും ഒഴിവാക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.