പ്രളയ പുനർനിർമാണം: േവണ്ടത് 31,000 കോടി –യു.എൻ
തിരുവനന്തപുരം: പ്രളയത്തിൽ തകർന്ന കേരളത്തിെൻറ പുനർനിർമാണത്തിന് 31,000 കോടി രൂപ വേണ്ടിവരുമെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ പഠനറിപ്പോർട്ട്. ഡല്‍ഹിയിലെ യു.എന്‍ െറസിഡൻറ് കോഓഡിനേറ്റര്‍ യൂറി അഫാനിസീവാണ് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് കൈമാറിയത്. തകർന്ന വീടുകൾ പുനർനിർമിക്കാനാണ് കൂടുതൽ തുക; 5443 കോടി രൂപ.
മത്സ്യത്തൊഴിലാളികളുടെ രക്ഷാപ്രവർത്തനം പ്രത്യേകം എടുത്തുപറയുന്നുണ്ട്. 4537 മത്സ്യത്തൊഴിലാളികൾ 669 ബോട്ടുകൊണ്ട് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിൽ 65,000 പേരെ രക്ഷിക്കാനായി. കേരളത്തിെൻറ പുനര്‍നിര്‍മാണത്തിന് അന്താരാഷ്ട്രതലത്തില്‍ അംഗീകരിക്കപ്പെട്ട സാങ്കേതികവിദ്യ ലഭ്യമാക്കാൻ യു.എന്‍ സഹായിക്കാമെന്ന് മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ യൂറി അഫാനിസീവ് പറഞ്ഞു. അന്താരാഷ്ട്ര ഏജന്‍സികളില്‍നിന്ന് ആവശ്യമായ വിഭവലഭ്യത ഉറപ്പാക്കാനും സഹായിക്കാം. പുനര്‍നിര്‍മാണത്തിനുള്ള ആസൂത്രണം, മേല്‍നോട്ടം എന്നീ കാര്യങ്ങളിലും സഹായിക്കാന്‍ കഴിയും.
തീവ്രമഴ കാരണമാണ് അണക്കെട്ടുകള്‍ തുറന്നുവിടേണ്ടിവന്നത്. 10 ജില്ലകളിലായി 341 സ്ഥലങ്ങളിൽ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. പ്രളയം 14 ജില്ലകളെയും ബാധിച്ചു. ആലപ്പുഴ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, തൃശൂര്‍, വയനാട് ജില്ലകളെയാണ് കൂടുതല്‍ ബാധിച്ചത്. പ്രളയക്കെടുതി 54 ലക്ഷം പേരെ ബാധിച്ചു. 14 ലക്ഷം പേരെ മാറ്റിപ്പാര്‍പ്പിച്ചു. ജനസംഖ്യയുടെ 20 ശതമാനത്തോളം പേര്‍ക്കുള്ള ശുദ്ധജലവിതരണം തകരാറിലായി. മൂന്നുലക്ഷത്തിലേറെ കിണറുകള്‍ നശിക്കുകയോ മലിനമാവുകയോ ചെയ്തു. 1,74,500 കെട്ടിടങ്ങള്‍ പൂര്‍ണമായോ ഭാഗികമായോ തകര്‍ന്നു. സംസ്ഥാന ആഭ്യന്തരവരുമാനത്തിെൻറ 2.6 ശതമാനം വരുന്ന തുക നഷ്ടമായി. എല്ലാ പ്രാഥമികമേഖലകളും പരിഗണിച്ചാല്‍ നഷ്ടം സംസ്ഥാന ആഭ്യന്തരവരുമാനത്തിെൻറ മൂന്നിലൊന്നാണ്.
നവകേരളനിര്‍മിതിക്ക് നാലുഘടകങ്ങളുള്ള നയസംബന്ധമായ ചട്ടക്കൂട് യു.എന്‍ മുന്നോട്ടുെവച്ചു. സംയോജിത ജലവിഭവ മാനേജ്മെൻറ്, പ്രകൃതിസൗഹൃദ ഭൂവിനിയോഗം, ജനകേന്ദ്രീകൃത വികസനസമീപനം, നൂതന സാങ്കേതികവിദ്യ എന്നിവയാണിവ. ഭൂവിനിയോഗസമ്പ്രദായത്തിെൻറ പുനഃപരിശോധന, ഉപഭോഗരീതിയിലുള്ള മാറ്റം, അതിജീവന ശേഷിയുള്ള കെട്ടിടനിര്‍മാണം, പരമാവധി സൗരോര്‍ജ ഉപയോഗം, സംയോജിത ഖരമാലിന്യ മാനേജ്മെൻറ്, ടൂറിസം മേഖലയുടെ ഹരിതവത്കരണം തുടങ്ങിയ പദ്ധതികളും ഉള്‍പ്പെടുന്നു. ഭവനനിര്‍മാണത്തിന് ഏറ്റവും അനുയോജ്യം പ്രീ-ഫാബ്രിക്കേറ്റഡ് സാങ്കേതികവിദ്യയാണെന്ന് യു.എന്‍ സംഘം അഭിപ്രായപ്പെട്ടു.
മഴ കൂടുതലുള്ള സംസ്ഥാനമെന്ന നിലക്ക് ഈടുനില്‍ക്കുന്ന റോഡുകള്‍ പണിയുന്നതിന് നൂതനമായ സാങ്കേതികവിദ്യ ലഭ്യമാക്കുന്നതിന് യു.എന്‍ സഹായം ആവശ്യമാണെന്ന നിര്‍ദേശം ഉയര്‍ന്നുവന്നു. ചുരുങ്ങിയ സമയത്തിനകം സമഗ്രമായ പഠനറിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന് യു.എന്‍ സംഘത്തെ മുഖ്യമന്ത്രി അഭിനന്ദിച്ചു. ദുരന്തത്തിെൻറ ആഘാതം കണക്കാക്കി വീണ്ടെടുപ്പിനുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുെവക്കുന്ന ഇത്തരമൊരു പഠനം ഇന്ത്യയില്‍ ആദ്യമായാണ് നടത്തുന്നത്. കേരളത്തെ മികച്ച നിലയില്‍ പുനര്‍നിര്‍മിക്കാന്‍ റിപ്പോര്‍ട്ടിലെ നിര്‍ദേശങ്ങള്‍ പ്രയോജനപ്പെടുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.എന്‍ സംഘത്തില്‍ ഡോ. മുരളി തുമ്മാരുകുടി, ജോബ് സക്കറിയ, ആനി ജോര്‍ജ്, രഞ്ജിനി മുഖര്‍ജി എന്നിവരും ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.