കാലാവസ്ഥാ പ്രവചനം തെറ്റി; പ്രളയത്തിൽ നഷ്ടമായത് 483 ജീവനുകൾ - മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനം നേരിട്ടത് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ. നാടിനെ നടുക്കിയ പ്രളയത്തിൽ 483 ജീവനുകൾ നഷ്ടപ്പെട്ടു. 14 പേരെ കാണാതായി. 59,296 പേർ ഇപ്പോഴും ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നു. എന്നാൽ രക്ഷാപ്രവർത്തകർ സ്വജീവൻ പണയം വെച്ച് പ്രവർത്തിച്ചു. പ്രളയത്തെ സർക്കാർ എല്ലാ സംവിധാനങ്ങളും ഉപയോഗിച്ച് ഫലപ്രദമായി നേരിട്ടു. സർക്കാർ സംവിധാനങ്ങൾ പൊതു ജനങ്ങളുമായി ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയ എല്ലാവർക്കും ഭരണ പ്രതിപക്ഷ ഭേദമില്ലാതെ ഒറ്റക്കെട്ടായി നിന്ന സഭയിലെ എല്ലാ അംഗങ്ങൾക്കും മുഖ്യമന്ത്രി നന്ദി അറിയിച്ചു.
ബഹുജനങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് ദുരിതാശ്വാസ പ്രവർത്തനങ്ങൾ നടത്തിയത്. കേന്ദ്ര സേനയെയും സൈന്യത്തെയും പൊലീസ്, മറ്റ് സംസ്ഥാന സംവിധാനങ്ങളെയും ഫലപ്രദമായി പെങ്കടുപ്പിച്ചാണ് രക്ഷാപ്രവർത്തനം നടത്തിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം ആഗസ്ത് ഒമ്പതിന് തുടങ്ങി. ദുരന്തബാധിത പ്രദേശങ്ങളിൽ പ്രത്യേക ഉദ്യോഗസ്ഥരെ നിയോഗിച്ചു. രക്ഷാ പ്രവർത്തനത്തിെൻറ ഏകോപനം മന്ത്രിമാരുടെ നേതൃത്വത്തിൽ നടന്നു. രക്ഷാപ്രവർത്തനത്തിെൻറ ചുമതല പൊലീസിന് നൽകി. മത്സ്യത്തൊഴിലാളികളെ ഉൾക്കൊള്ളിച്ചു. ലക്ഷക്കണക്കിന് പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. ദിനേന രണ്ടു നേരം അവലോകന യോഗം ചേർന്നു. യോജിച്ചു നിന്ന് പ്രവർത്തിക്കാൻ സർവ കക്ഷിയോഗവും ചേർന്നു. വിവിധ ഘട്ടങ്ങളിൽ മന്ത്രിസഭാ യോഗങ്ങളും ചേർന്നു.
7443 പേർ കേന്ദ്ര സേനകളിൽ നിന്ന് രക്ഷാപ്രവർത്തനത്തിന് വന്നു. 40,000 പൊലീസും 3200 ഒാളം അഗ്നിശമന സേനാ വിഭാഗവും രക്ഷാ പ്രവർത്തനത്തിൽ അണിനിരന്നു. കൂടാതെ മറ്റ് സേനാ വിഭാഗങ്ങളും വന്നു. മത്സ്യത്തൊഴിലകളികൾ രക്ഷാ സേനകളായി.
നഷ്ടങ്ങൾ, പാരിസ്ഥിതിക മാറ്റങ്ങൾ തുടങ്ങി എല്ലാം കണക്കിലെടുത്താൽ വൻ നഷ്ടമാണുണ്ടായത്. കാലാവസ്ഥാ കേന്ദ്രങ്ങൾ കാലവർഷക്കെടുതി പ്രവചിച്ചപ്പോൾ അത് നേരിടാൻ എല്ലാ ശ്രമങ്ങളും സർക്കാർ നടത്തിയിരുന്നു. 2018 മെയ് മുതൽ തന്നെ അതിനു വേണ്ട പ്രവർത്തനങ്ങൾ തുടങ്ങി. എന്നാൽ പ്രവചിച്ചതിനേക്കാൾ വലിയ രീതിയിലാണ് കാലവർഷം വന്നത്. ഇതാണ് സംവിധാനങ്ങൾ അപര്യാപ്തമാക്കുന്നതിനിടയാക്കിയത്. കാലാവസ്ഥാ പ്രവചനത്തിെൻറ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച മഴയാണ് സംസ്ഥാനത്ത് പെയ്തത്. കേന്ദ്ര കാലാവസ്ഥാ വകുപ്പ് കണക്കു കൂട്ടിയതിനേക്കാൾ മൂന്നിരിട്ടി മഴയാണ് ഉണ്ടായത്. 82 ഡാമുകളും നിറഞ്ഞു കവിഞ്ഞു. കോഴിക്കോട് കട്ടിപ്പാറയിൽ ഉരുൾപൊട്ടൽ ഉണ്ടായതോടെയാണ് ദുരന്തങ്ങൾ തുടങ്ങിയത്. പല ജില്ലകളും ഉരുൾപ്പൊട്ടലുകളിൽ ഒറ്റപ്പെട്ടു. ജീവനുകൾ നഷ്ടമായി. പലയിടങ്ങളിലും നദികൾ വഴിമാറി ഒഴുകി. ഉരുൾപ്പൊട്ടലിലും മഴയിലും ഭൂമിയുടെ ഘടന തന്നെ മാറി മറഞ്ഞു. ഇൗ നൂറ്റാണ്ടു കണ്ട ഏറ്റവും വലിയ പ്രളയത്തിലേക്ക് സംസ്ഥാനം എടുത്തെറിയപ്പെട്ടു.
അതിജീവനത്തിെൻറ ആദ്യഘട്ടമായ രക്ഷാ പ്രവർത്തനം പൂർത്തിയായിട്ടുണ്ട്. ഇനി പുനരധിവാസമാണ്. ഒറ്റക്കെട്ടായുള്ള നമ്മുടെ സമീപനം കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകാൻ കഴിയണം. ത്യാഗ സന്നദ്ധതയുടെയും ആത്മസമർപ്പണത്തിെൻറയും പുതു വഴികളാണ് ഇൗ രക്ഷാപ്രവർത്തനം തുറന്നത്. ക്യാമ്പുകളിലുള്ളവർക്ക് അടിസ്ഥാന സഹായമൊരുക്കുന്നവർക്ക് വലിയ സഹായമാണ് സംസ്ഥാനത്തിെൻറയും രാജ്യത്തെയും ലോകത്തിെൻറയും വിവിധ ഭാഗങ്ങളിൽ നിന്നുണ്ടായത്.
പുനരധിവാസ പ്രവർത്തനങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. വൈദ്യുതി, കുടിവെള്ളം, ഗതാഗത സൗകര്യങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ ഒരുക്കുന്നത് നല്ല രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുന്നു. കേരളത്തിലെ ജനങ്ങൾ നടത്തിയത് അതിജീവനത്തിെൻറ പോരാട്ടമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. രണ്ടു മണിവരെയാണ് സഭ ചേരുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.