തൃശൂർ: പ്രളയത്തിൽ സംസ്ഥാനത്തെ വ്യാപാര-വ്യവസായ മേഖലക്ക് 1500 കോടിയുടെ നഷ്ടമെന്ന് പ്രാഥമിക വിലയിരുത്തൽ. വ്യവസായ മന്ത്രി ഇ.പി. ജയരാജന് സമർപ്പിക്കാൻ വ്യാപാരി സംഘടനകൾ തയ്യാറാക്കിയ റിപ്പോർട്ടിലാണ് ഏകദേശ കണക്കുകളും ഉൾപ്പെടുത്തിയിരിക്കുന്നത്. ഓണം-പെരുന്നാൾ ആഘോഷങ്ങളുടെ മുന്നൊരുക്കമായി വൻ നിക്ഷേപം നടത്തി കരുതിവെച്ചെതല്ലാം പ്രളയം കവർന്നു. നിവർന്നു നിൽക്കാൻ സർക്കാർ ഇടപെടൽ അനിവാര്യമാണെന്ന് ചൂണ്ടിക്കാട്ടി വ്യാപാരി സംഘടനകൾ വ്യവസായ മന്ത്രിയെ കാണാനൊരുങ്ങുകയാണ്.
കെട്ടിട നിർമാണ-അനുബന്ധമേഖല, ടെക്സ്റ്റൈൽ, ഹോസ്പിറ്റൽ, ഓട്ടോമൊബൈൽ, അരി, മരവ്യവസായങ്ങൾ തുടങ്ങിയവക്കും ടൂറിസം മേഖലക്കും കനത്ത തിരിച്ചടിയാണ് പ്രളയം. അരി മില്ലുകൾക്ക് 160 കോടിയുടെ നഷ്ടമുണ്ടായിട്ടുണ്ടെന്ന് കേരള റൈസ് മില്ലേഴ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി വർക്കി പീറ്റർ പറഞ്ഞു. കാലടി, പെരുമ്പാവൂർ, കാഞ്ഞൂർ, മറ്റൂർ പ്രദേശങ്ങളിലെ മുപ്പതോളവും ആലപ്പുഴ ജില്ലയിലെയിലെയും റൈസ് മില്ലുകൾക്ക് കനത്ത നഷ്ടമുണ്ടായി. മില്ലുകൾ പ്രവർത്തനക്ഷമമാക്കാൻ കോടികൾ വേണ്ടി വരും.
പ്രളയം ബാധിച്ച പ്രധാന ടൗണുകളിലെ വ്യാപാര സ്ഥാപനങ്ങൾക്കും നഷ്ടം കനത്തതാണ്. തൃശൂർ ജില്ലയിൽ ചാലക്കുടി നഗരത്തിൽ മാത്രം 28 കോടിയുടെ നഷ്ടമുണ്ടായെന്നാണ് ഏകദേശ കണക്ക്. ആറൻമുളയിൽ ഹാർഡ്വെയർ വ്യാപാരത്തിൽ 50 കോടിയുടെ നഷ്ടം കണക്കാക്കുന്നു. മിക്ക ടെക്സ്റ്റൈല്‍സ് സ്ഥാപനങ്ങളും സൂററ്റ്, തിരുപ്പൂര്‍ എന്നിവിടങ്ങളില്‍ നല്‍കിയിരുന്ന ഓര്‍ഡറുകള്‍ റദ്ദാക്കി. പ്രതിവര്‍ഷ വില്പനയുടെ 50 ശതമാനവും ഓണക്കാലത്ത് ലഭിക്കുന്ന ഇലക്ട്രോണിക്സ്-ഹോം അപ്ലയന്‍സസ് വിപണിയും പ്രളയത്തിൽ മുങ്ങി.
മരവ്യവസായ മേഖലയിലെ പല യൂനിറ്റുകൾക്കും നഷ്ടം നേരിട്ടിട്ടുണ്ട്. പെരുമ്പാവൂരിലെ പ്ലൈവുഡ് ഫാക്ടറികളും എടയാര്‍ വ്യാവസായിക മേഖലയിലെ യൂനിറ്റുകളുമടക്കം നഷ്ടപ്പട്ടികയിൽ മുന്നിലുണ്ട്. പലയിടത്തും ഫാക്ടറികൾ തന്നെ വെള്ളത്തിനടിയിലായി. നിർമാണ മേഖലയും കനത്ത തിരിച്ചടി നേരിട്ടു. സംസ്ഥാനത്തെ നിർമാണ പ്രവര്‍ത്തനങ്ങൾ നിലച്ചമട്ടാണ്. ഫണ്ടിെൻറയും തൊഴിലാളികളുടെയും ക്ഷാമം ഈ മേഖലയുടെ തിരിച്ചു വരവിന് കാലതാമസം സൃഷ്ടിക്കും.
ആശുപത്രികൾ, ഓട്ടോ മൊബൈല്‍ ഡീലര്‍മാർ എന്നിവരെയും പ്രളയം വെള്ളത്തിലാക്കി. വിൽപനയ്ക്ക് വെച്ചിരുന്ന പല പുതിയ വാഹനങ്ങളടക്കം വെള്ളം കയറി നശിച്ചു. ടൂറിസം കേന്ദ്രങ്ങളും വന്‍ നഷ്ടമാണ് നേരിടുന്നത്. ആലപ്പുഴയിലെ ബാക്ക് വാട്ടര്‍ ടൂറിസം, വിദേശ, ആഭ്യന്തര ടൂറിസ്റ്റുകളുടെ പ്രധാന കേന്ദ്രമായ മൂന്നാര്‍, സാഹസിക യാത്രികരുടെ ഇഷ്ട ലൊക്കേഷനായ വയനാട് ഇവയെല്ലാം ഒന്നുമില്ലാതായ അവസ്ഥയിലാണ്. നഷ്ടത്തിെൻറ യഥാർഥ കണക്ക് ലഭിക്കാൻ ദിവസങ്ങളെടുത്തേക്കും. വിശദമായ റിപ്പോർട്ടുമായി വ്യാപാരി സംഘടന പ്രതിനിധികൾ വകുപ്പ് മന്ത്രിയെ നേരിൽ കാണുമെന്ന് വ്യാപാരി സംഘടന കോൺഫെഡറേഷൻ സംസ്ഥാന കൺവീനറും വ്യാപാരി സമിതി ട്രഷററുമായ ബിന്നി ഇമ്മട്ടി 'മാധ്യമ'ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.