മലപ്പുറം: കഴിഞ്ഞ സീസണിൽ കേരളം കൃഷിചെയ്ത ആകെ സ്ഥലം 25,68,959 ഹെക്ടറെന്ന് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിൽനിന്ന് ലഭ്യമായ കണക്കുകൾ വ്യക്തമാക്കുന്നു. 9.40 ലക്ഷം ഹെക്ടറിൽ ഭക്ഷ്യവിളകളും 16.28 ലക്ഷം ഹെക്ടറിൽ ഭക്ഷ്യേതര വിളകളുമാണ് കേരളത്തിൽ സംസ്ഥാനത്ത് സാമ്പത്തിക വർഷം കൃഷി ചെയ്തത്.
ഭക്ഷ്യവിളകളിൽ പഴങ്ങളാണ് കൂടുതൽ കൃഷി ചെയ്തത്. 3.54 ലക്ഷം ഹെക്ടറിലാണ് പഴവർഗങ്ങൾ കൃഷിയിറക്കിയത്. ധാന്യങ്ങൾ 2.05 ലക്ഷം ഹെക്ടറിലും സുഗന്ധവ്യഞ്ജനങ്ങൾ 2.57 ലക്ഷം ഹെക്ടറിലും കൃഷി ചെയ്തു. മരച്ചീനി 64,245 ഹെക്ടർ, പച്ചക്കറികൾ 40,314 ഹെക്ടർ, കിഴങ്ങുകൾ 14,949 ഹെക്ടർ, കരിമ്പ് 2614 ഹെക്ടർ, പയറു വർഗം 2005 ഹെക്ടർ സ്ഥലത്തും കൃഷിയിറക്കിയിട്ടുണ്ട്.
ഭക്ഷ്യേതര വിളകളിൽ എണ്ണക്കുരുക്കൾ 7.71 ലക്ഷം ഹെക്ടറിലും തോട്ടവിളകൾ 6.87 ലക്ഷം ഹെക്ടറിലും കൃഷി ചെയ്തിട്ടുണ്ട്.
വിളകളിൽ കേരളത്തിൽ കൂടുതൽ കൃഷി ചെയ്യുന്നത് നാളികേരംതന്നെയാണ്. നിലവിലെ കണക്കനുസരിച്ച് 7.68 ലക്ഷം ഹെക്ടർ സ്ഥലത്താണ് നാളികേര കൃഷിയുള്ളത്. നാളികേര കൃഷി വിസ്തൃതിയിലും ഉൽപാദനത്തിലും കേരളമാണ് ഒന്നാമതെങ്കിലും ഉൽപാദനക്ഷമതയിൽ അഞ്ചാമതാണ്. വിളകളിൽ പിന്നീട് കൂടുതൽ സ്ഥലം കീഴടക്കിയത് റബറാണ്. 5.50 ലക്ഷം ഹെക്ടർ സ്ഥലത്താണ് സംസ്ഥാനത്തെ റബർ കൃഷി. നെല്ല് 2.05 ലക്ഷം ഹെക്ടറിലും അടക്ക 96,570 ഹെക്ടറിലും കൃഷി ചെയ്യുന്നുണ്ട്.
1960 -61 കാലഘട്ടത്തിൽ എട്ട് ലക്ഷം ഹെക്ടർ സ്ഥലത്ത് കൃഷി ചെയ്തിരുന്ന നെൽകൃഷിയാണ് ഇപ്പോൾ രണ്ട് ലക്ഷം ഹെക്ടറായി കുറഞ്ഞിരിക്കുന്നത്. പച്ചക്കറികളിൽ കൂടുതൽ മുരിങ്ങക്കായയാണ് കൃഷി ചെയ്യുന്നത്.
14394 ഹെക്ടറിലാണ് മുരിങ്ങക്കായ കൃഷിയിറക്കിയത്. 5922 ഹെക്ടറിൽ പയറും 22231 ഹെക്ടറിൽ കയ്പയും 2168 ഹെക്ടറിൽ ചീരയും കൃഷി ചെയ്തതായും കണക്കുകൾ വ്യക്തമാക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.