മുഖ്യമന്ത്രി പ്രഖ്യാപനശേഷം വി.ഡി.സതീശൻ തിരുവനന്തപുരം ഇന്ദിരാഭവനിലെത്തിയപ്പോൾ ഫോട്ടോ- വൈ.ആർ. വിപിൻദാസ്
തിരുവനന്തപുരം: ഗണിതശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദവും ഒപ്പം അളന്നുമുറിച്ച സെർവുകളും പ്ലെയിസിങ്ങും അറ്റാക്കിങ് തന്ത്രങ്ങളുമായി കളം നിറഞ്ഞുനിന്ന ഒരുകാലത്തെ വോളിബാൾ താരം കൂടിയാണ് കെ.സി. വേണുഗോപാൽ. കുഴപ്പിക്കുന്ന രാഷ്ട്രീയ സൂത്രവാക്യങ്ങളുടെ സംഘടനവഴികളിൽ പിഴവുകളില്ലാത്ത അൽഗോരിതം പോലെയായിരുന്നു ഇതുവരെയുള്ള പ്രയാണം. പക്ഷേ, മുഖ്യമന്ത്രി കസേര ഉന്നമിട്ടുള്ള കെ.സിയുടെ ഉഗ്രൻ സ്മാഷിന് കേരള ജനതയുടെ പവർബ്ലോക്കായിരുന്നു വ്യാഴാഴ്ച കണ്ടത്. സ്വന്തം കോർട്ടിലെ പാസ് പിഴച്ചെന്ന് മാത്രമല്ല, ആഞ്ഞടിക്കാനായി സെറ്റർ ഉയർത്തിയിട്ട പന്തിലും അളവുതെറ്റി. ഇതോടെയാണ് വല കടന്നു, കടന്നില്ല എന്ന ഘട്ടത്തിൽ പന്ത് തടുത്തിടുന്നതിലേക്ക് കാര്യങ്ങളെത്തിയത്.
കേരളത്തിന്റെ ചുമതലയുള്ള സംഘടന ജനറൽ സെക്രട്ടറി മുതൽ കെ.പി.സി.സി വർക്കിങ് പ്രസിഡന്റും മൂന്നു വൈസ് പ്രസിഡന്റുമാരും കെ.എസ്.യു, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റുമാരും ഒപ്പം എം.എൽ.എമാരിൽ ഭൂരിഭാഗവും ഒപ്പമുണ്ടായിട്ടും ‘മത്സരിക്കാത്തയാളെ മുഖ്യമന്ത്രിയാക്കേണ്ട അനിവാര്യത എന്ത്’ എന്ന ചോദ്യത്തിലാണ് സംഘടന താൽപര്യവും ജനകീയ യുക്തിയും ഒരു ബിന്ദുവിൽ കൂട്ടിമുട്ടാതെ സമാന്തരമായിപ്പോയത്. ഏറ്റവുമൊടുവിൽ കെ.പി.സി.സി മുൻ പ്രസിഡന്റുമാരുടെ മനസ്സറിഞ്ഞതിലും കെ.സിക്ക് തരക്കേടില്ലാത്ത ഭൂരിപക്ഷമുണ്ടായിരുന്നു. സംഘടനയുടെ മൊത്തം വികാരവും താൽപര്യവുമാണ് കെ.സി എന്ന വ്യാഖ്യാനത്തിലേക്ക് ഒരുവേളയെത്തിയെങ്കിലും കേരളത്തിന്റെ പൊതുവികാരമെന്ന ന്യായം അപ്പോഴും വഴിമുടക്കി.
ഇപ്പോൾ മുഖ്യമന്ത്രിയായില്ലെങ്കിൽ ഇനി കെ.സിക്ക് മറ്റൊരു അവസരമില്ലെന്ന വ്യക്തിപരമായ സെന്റിമെന്റിലേക്ക് ചർച്ചകൾ വഴിമാറിയെങ്കിലും കേരളത്തിന്റെ പൊതുസെന്റിമെന്റ് അവിടെയും വിലങ്ങുതടിയായി.
പ്രാദേശിക രാഷ്ട്രീയത്തിൽനിന്ന് ദേശീയ രാഷ്ട്രീയത്തിന്റെ നയരൂപവത്കരണ കേന്ദ്രങ്ങളിലേക്കുള്ള വളർച്ചയുടെ പടവുകളിലെല്ലാം പരാജയത്തിന്റെ നെഗറ്റിവ് ഘടകങ്ങളെ വെട്ടിമാറ്റി, വിജയത്തിന്റെ പോസിറ്റിവ് സംഖ്യകൾ കൂട്ടിയിണക്കിയ കെ.സിക്ക് പക്ഷേ, ഇവിടെ അടിതെറ്റി.
കണ്ണൂരിലെ കൊച്ചു ഗ്രാമത്തിൽനിന്ന് ഡൽഹിയിലെ 24 അക്ബർ റോഡിലെ കോൺഗ്രസ് ആസ്ഥാനത്തെ ഏറ്റവും ശക്തമായ അധികാര കേന്ദ്രമായി അദ്ദേഹം മാറിയത് നാല് പതിറ്റാണ്ടിലേറെ നീണ്ട അക്ഷീണമായ പ്രവർത്തനത്തിന്റെ ഫലമായി കൂടിയാണ്. ഗണിതശാസ്ത്രത്തിലെ സങ്കീർണമായ ‘ഇക്വേഷനുകൾ’ പരിഹരിച്ച് ശീലിച്ച കെ.സിക്ക് രാഷ്ട്രീയത്തിലെ ഗ്രൂപ്പ് സമവാക്യങ്ങൾ വെറും ‘സിമ്പിൾ’ മാത്രമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ കരിയർ ഗ്രാഫ് അടിവരയിടുന്നു.
രാഹുൽ ഗാന്ധിയുടെ വിശ്വസ്തനായ സഹചാരി എന്നതിലുപരി, ഇന്ത്യൻ പ്രതിപക്ഷ രാഷ്ട്രീയത്തിന്റെ ഐക്യനിരയായ ‘ഇൻഡ്യ’ സഖ്യത്തിന്റെ ഏകോപനത്തിലും അദ്ദേഹത്തിനുള്ളത് നിർണയക സ്വാധീമാണ്.
ഏറ്റവുമൊടുവിൽ കേന്ദ്രസർക്കാറിനെ മുട്ടുകുത്തിച്ച വനിതസംവരണ ഭരണഘടന ഭേദഗതി ബില്ലിൽ പ്രതിപക്ഷനിരയെ അപസ്വരങ്ങളില്ലാതെ ഏകോപിപ്പിച്ചതും കെ.സിയായിരുന്നു. ഇത്തരത്തിൽ ദേശീയ രാഷ്ട്രീയത്തിലെ സുപ്രധാന ദൗത്യങ്ങൾക്ക് ത്രാണിയും പ്രാപ്തിയുമുള്ളയാൾ എന്തിന് സംസ്ഥാന രാഷ്ട്രീയത്തിലേക്ക് കടന്നുവരണമെന്ന് മുഖ്യമന്ത്രി നിർണയ ചർച്ചക്കിടെ സാമൂഹികമാധ്യമങ്ങളിൽ നിരന്തരം ഉയർന്ന ചോദ്യത്തിന് മറുപടികൂടിയാണ് ഹൈകമാൻഡ് തീരുമാനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.