അടിസ്ഥാന വികസനത്തിലും ജനക്ഷേമത്തിലും ഊന്നുന്ന ബജറ്റ്

തിരുവനന്തപുരം: കേരളത്തിന്‍റെ പശ്ചാത്തല സൗകര്യ വികസനത്തിലും പൊതുവിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും ഊന്നുന്ന ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിച്ചത്. ജീവിത ശൈലീരോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ്ണ പ്രതിരോധവും സൗജന്യ ചികിത്സയും വാഗ്ദാനം ചെയ്യുന്നതാണ് 2017-18 വർഷത്തേക്കുള്ള ബജറ്റ്. ആദായ നികുതി അടക്കാത്തതും മറ്റ് വരുമാനമോ പെന്‍ഷനുകളോ ഇല്ലാത്ത 60 വയസ് കഴിഞ്ഞ എല്ലാവര്‍ക്കും ക്ഷേമ പെന്‍ഷനുകള്‍ ഏർപ്പെടുത്തിയത് കൂടാതെ നിലവിലുള്ള എല്ലാ ക്ഷേമ പെന്‍ഷനുകളും 1100 രൂപയാക്കി ഉയർത്തിയിട്ടുണ്ട്.

5,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസന പരിപാടികളും 5,628 കോടി രൂപ റോഡുകള്‍ക്കും പാലങ്ങൾക്കും‍ മേല്‍പ്പാലങ്ങള്‍ക്കും വേണ്ടിയും 2,557 കോടി രൂപ തീരദേശഹൈവേക്കും 6,500 കോടി മലയോരഹൈവേക്കും 3,500 കോടി രൂപയും നീക്കി വെച്ചുകൊണ്ട് അടിസ്ഥാന പദ്ധതികൾക്ക് വലിയ പ്രാധാന്യമാണ് ബജറ്റിൽ നൽകിയിരിക്കുന്നത്. വരൾച്ച നേരിടാനായി കുടിവെള്ള പദ്ധതികള്‍ക്ക് 1696 കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.  

പൊതുവിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യവികസനത്തിനും നിലവാരവർധനക്കും വേണ്ടി 1,000 കോടിയുടെ പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്‍. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ 2,500 പുതിയ തസ്തികകള്‍ സൃഷ്ടിക്കും. പൊതുജനാരോഗ്യ സംവിധാനത്തിന് 2,500 കോടി രൂപ വകയിരുത്തി. സൗജന്യവും സാര്‍വത്രികവുമായ ആരോഗ്യരക്ഷ ലക്ഷ്യവെച്ച് ആശുപത്രികളുടെ നിലവാര വർധനക്ക് 8,000 പുതിയ തസ്തികകള്‍ സൃഷ്ടിക്കുമെന്നും ബജറ്റിൽ പറയുന്നു.

നോട്ട് നിരോധത്തെക്കുറിച്ചുള്ള എം.ടി വാസുദേവന്‍ നായരുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് ധനമന്ത്രി തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. നോട്ടു നിരോധനം കൊണ്ട് സംസ്ഥാനത്തെ സാമ്പത്തികരംഗം ഗുരുതര പ്രതിസന്ധിയിലാണെന്ന് ധനമന്ത്രി പറഞ്ഞു. ജി.എസ്.ടി നടപ്പാക്കുന്ന വിഷയത്തിൽ തീരുമാനം വരാത്തതിനാൽ  നികുതി നിർദേശങ്ങളില്ലാത്ത ബജറ്റാണ് ധനമന്ത്രി സഭയിൽ അവതരിപ്പിച്ചത്.

ബജറ്റ് വിശദാംശങ്ങൾ അവതരണത്തിനിടെ ചോർന്നെന്ന് ആരോപിച്ച്  പ്രതിപക്ഷ നിയമസഭയിൽ ബഹളം വെച്ചു. ബജറ്റ് സാമൂഹിക മാധ്യമങ്ങളിലും ദൃശ്യ മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാമെന്ന് സ്പീക്കർ ശ്രീരാമകൃഷ്ണൻ, മുഖ്യമന്ത്രി, ധനമന്ത്രി എന്നിവർ ഉറപ്പ് നൽകിയെങ്കിലും ഇതിൽ തൃപ്തരാവാതെ പ്രതിപക്ഷം മുദ്രാവാക്യം വിളിച്ച് നടുത്തളത്തിലിറങ്ങി. ഇതേ തുടർന്ന് അൽപസമയം ബജറ്റ് അവതരണം തടസപ്പെട്ടു. തുടർന്ന് പ്രതിഷേധ മുദ്രാവാക്യം വിളിച്ച് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

Tags:    
News Summary - kerala budget 2017-18

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.