സംസ്ഥാന ബി.ജെ.പി ആർ.എസ്.എസ് നിയന്ത്രണത്തിലേക്ക്

കാസർകോട്: ബി.ജെ.പി സംസ്ഥാന ഘടകത്തെ പൂർണമായും ആർ.എസ്.എസ് നിയന്ത്രണത്തിലേക്ക് കൊണ്ടുവരുന്നു. കാസർകോട് ജില്ലയിൽ കെ. സുരേന്ദ്രൻ വിഭാഗത്തിന്റെ നിയന്ത്രണത്തിലായിരുന്ന ജില്ലാ ഘടകത്തെ ആർ.എസ്.എസ് നിയന്ത്രണത്തിലാക്കിയതിന്റെ മാതൃക പിൻപറ്റിയാണ് നീക്കം. ഡിസംബറോടെ സംഘടന തെരഞ്ഞെടുപ്പ് നടക്കും. രാജ്യവ്യാപകമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ ഭാഗമായി കേരളത്തിലെ തെരഞ്ഞെടുപ്പിൽ കെ. സുരേന്ദ്രനെ നീക്കും. പകരം ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരിയെ നിയോഗിക്കാനാണ് ആർ.എസ്.എസ് ആലോചിക്കുന്നത്. കാസർകോട്ട് കെ. സുരേന്ദ്രൻ പക്ഷക്കാരനായ അഡ്വ. കെ. ശ്രീകാന്തിനെ സംസ്ഥാന സെക്രട്ടറിയാക്കുകയും പകരം ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന രവീശ തന്ത്രി കുണ്ടാറിനെ ജില്ലാ പ്രസിഡന്റാക്കുകയുമാണ് ചെയ്തത്. ഇത് ആർ.എസ്.എസ് തീരുമാനമായിരുന്നു.

ബി.ജെ.പിയുടെ സംഘടനാപരമായ പാളിച്ചകളും വിഭാഗീയതയുമാണ് മഞ്ചേശ്വരത്ത് നിയമസഭ തെരഞ്ഞെടുപ്പിൽ തുടർച്ചയായി പരാജയപ്പെടാൻ കാരണമെന്ന് ആർ.എസ്.എസ് റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിലാണ് കാസർകോട് ജില്ല കമ്മിറ്റിയെ ആർ.എസ്.എസ് 'ഏറ്റെടുത്തത്'. കൊടകര കുഴൽപണ കേസ്, മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് എന്നിവ കെ. സുരേന്ദ്രനെ പാർട്ടിയിൽ അനഭിമതനാക്കിയിരുന്നു. പ്രധാനമന്ത്രിയുൾപ്പടെ പാർട്ടി ദേശീയ നേതാക്കളുടെ കേരള സന്ദർശനത്തിലും സുരേന്ദ്രൻ പഴികേട്ടിരുന്നു. കേന്ദ്രം നൽകിയ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ച കണക്ക് ഇതുവരെ ഒരുഘടകത്തിലും സുരേന്ദ്രൻ അവതരിപ്പിച്ചിട്ടില്ല. ഗ്ലാമർതാരങ്ങളെ നേതൃത്വം ഏൽപിച്ചാലും രക്ഷയുണ്ടാകില്ലെന്ന നിഗമനത്തിലാണ് സംഘ് രംഗത്തിറങ്ങുന്നത്.  

Tags:    
News Summary - Kerala BJP to RSS control

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-19 01:03 GMT