കേരള ബാങ്ക് വിവാദം യു.ഡി.എഫിൽ ചർച്ച ചെയ്യാമെന്ന് പി.എം.എ. സലാം

മലപ്പുറം: പി. അബ്ദുൽ ഹമീദ് എം.എൽ.എ ഉൾപ്പെട്ട കേരള ബാങ്ക് വിവാദം ആവശ്യമെങ്കിൽ യു.ഡി.എഫിൽ ചർച്ച ചെയ്യാമെന്ന് മുസ്​ലിം ലീഗ്  ജനറൽ സെക്രട്ടറി പി.എം.എ. സലാം. ഡയറക്ടർ പദവി ഏറ്റെടുക്കുന്നതിന് മുമ്പ് അബ്ദുൽ ഹമീദ്, പാണക്കാട് സാദിഖലി തങ്ങളോട് അനുമതി വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

യു.ഡി.എഫ് വിരുദ്ധ നയം ലീഗ് സ്വീകരിക്കില്ല. യു.ഡി.എഫിലുള്ള ആരൊക്കെ സർക്കാർ സംവിധാനത്തിൽ ഏതൊക്കെ ബോർഡിൽ ഉണ്ടെന്ന് പരിശോധിക്കട്ടെ എന്നും പി.എം.എ. സലാം പറഞ്ഞു.

കേരള ബാങ്ക് ഡയറക്ടർ ബോർഡിലാണ് മുസ് ലിം ലീഗ് എം.എൽ.എയായ പി. അബ്ദുൽ ഹമീദിനെ ഉൾപ്പെടുത്തിയത്. ലീഗ് മലപ്പുറം ജില്ല ജനറൽ സെക്രട്ടറിയായ പി. അബ്ദുൽ ഹമീദ്, പട്ടിക്കാട് സഹകരണ ബാങ്ക് പ്രസിഡന്‍റ് ആണ്. കേരള ബാങ്കിൽ ആദ്യമായാണ് ഒരു യു.ഡി.എഫ് എം.എൽ.എയെ ഡയറക്ടർ ബോർഡ് അംഗമാക്കുന്നത് വിവാദത്തിന് വഴിവെച്ചു.

മലപ്പുറം ജില്ല സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനെതിരായ ഹരജി ഹൈകോടതിയുടെ പരിഗണനയിലാണ്. മലപ്പുറം ജില്ല ബാങ്ക് മുൻ പ്രസിഡന്‍റ് യു.എ. ലത്തീഫ് ആണ് സർക്കാർ നടപടിയെ ചോദ്യം ചെയ്ത് കോടതിയെ സമീപിച്ചത്. ലീഗ് പ്രതിനിധിയെ ഡയറക്ടർ ബോർഡിൽ കൊണ്ടു വരുന്നത് കേസിനെ ദുർബലപ്പെടുത്താനാണെന്നും ആരോപണമുണ്ട്.

അതേസമയം, ലീഗ് പ്രതിനിധിയെ നാമനിർദേശം ചെയ്തതിന് പിന്നിൽ രാഷ്ട്രീയ നീക്കമില്ലെന്നാണ് പി. അബ്ദുൽ ഹമീദ് എം.എൽ.എ പ്രതികരിച്ചത്. സഹകരണ മേഖലയുമായി മുസ് ലിം ലീഗ് വർഷങ്ങളായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്. അഭിപ്രായ വ്യത്യാസങ്ങൾ അതിന്‍റേതായ വേദിയിൽ പ്രകടിപ്പിക്കും. എൽ.ഡി.എഫ് ഭരിക്കുന്നത് കൊണ്ട് സഹകരണ മേഖലയിൽ നിന്ന് ലീഗ് മാറി നിന്നിട്ടില്ലെന്നും അബ്ദുൽ ഹമീദ് വ്യക്തമാക്കി.

Tags:    
News Summary - Kerala Bank Controversy Can be Discussed in UDF - PMA Salam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.