നിയമസഭ പാസാക്കുന്ന ബില്ലുകള്‍ തിരസ്കരിക്കുന്നത് ഖേദകരം –മുഖ്യമന്ത്രി, സ്പീക്കര്‍

തിരുവനന്തപുരം: നിയമസഭ പാസാക്കുന്ന ബില്ലുകള്‍ രാഷ്ട്രപതിയും കോടതിയും തിരസ്കരിക്കുന്നത് ഖേദകരമെന്ന് മുഖ്യമന്ത്രിയും സ്പീക്കറും. നിയമനിര്‍മാണ സഭയാണെങ്കിലും ഭരണഘടനയുടെ അതിരുകള്‍ക്കുള്ളില്‍നിന്ന് നിയമനിര്‍മാണം നടത്തണമെന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. കേരള നിയമസഭ വജ്രജൂബിലിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സെമിനാര്‍ പരമ്പരയുടെ ഉദ്ഘാടനച്ചടങ്ങിലാണ് നേതാക്കള്‍ നിലപാട് വ്യക്തമാക്കിയത്.

നിയമസഭ പാസാക്കുന്ന നിയമങ്ങള്‍ക്ക് രാഷ്ട്രപതിയും ഗവര്‍ണറും അംഗീകാരം നല്‍കാതിരിക്കുന്നതും അംഗീകാരം കിട്ടിയവ കോടതി റദ്ദാക്കുന്നതും സംബന്ധിച്ച് അധ്യക്ഷപ്രസംഗത്തില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനാണ് ആദ്യം പരാമര്‍ശിച്ചത്. ജനഹിതമാണ് സഭയില്‍ പ്രതിഫലിക്കുന്നത്. പ്ളാച്ചിമട ദുരിതബാധിതര്‍ക്ക് സഹായധനം നല്‍കുന്നതുള്‍പ്പെടെ ഒമ്പത് ബില്ലുകള്‍ക്ക് അനുമതി ലഭിച്ചില്ല. അംഗീകാരം ലഭിച്ച ചിലത് കോടതികള്‍ റദ്ദാക്കി. സ്വാശ്രയനിയമത്തിന്‍െറ കാര്യത്തില്‍ സംഭവിച്ചത് ഇതിന് ഉദാഹരണമാണ്.
റദ്ദാക്കുന്നതിന് പകരം തിരുത്തലുകള്‍ വരുത്താന്‍ നിര്‍ദേശിച്ചിരുന്നെങ്കില്‍ വിദ്യാര്‍ഥികള്‍ ഇന്ന് വേദനിക്കേണ്ടിവരില്ലായിരുന്നു. യുക്തിക്ക് നിരക്കാത്ത കാരണങ്ങളുടെ പേരില്‍ ബില്ലുകള്‍ക്ക് അനുമതി ലഭിക്കാത്തത് വിലയിരുത്തപ്പെടണമെന്നും അദ്ദേഹം പറഞ്ഞു. ബില്ലുകളില്‍ രാഷ്ട്രപതി അംഗീകാരം നല്‍കുകയോ തിരിച്ചയക്കുകയോ ചെയ്യാത്തത് ഖേദകരമാണെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.
പ്ളാച്ചിമട ബില്ലും മാരിടൈം ബില്ലും അനുമതി കിട്ടാതെ കുടുങ്ങിക്കിടക്കുകയാണ്. തുടര്‍ന്ന് സംസാരിച്ച പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഇരുവരുടെയും നിലപാടുകളോട് വിയോജിച്ചു. ഭരണഘടന വ്യവസ്ഥകള്‍ മാനിക്കാതെ സഭയിലെ ഭൂരിപക്ഷം ഉപയോഗിച്ച് നിയമനിര്‍മാണം നടത്തിയാല്‍ രാഷ്ട്രപതിയുടെയും കോടതിയുടെയും അംഗീകാരം കിട്ടില്ളെന്ന് ഓര്‍മപ്പെടുത്തി. നിയമസഭ പാസാക്കിയിട്ടും കോടതി റദ്ദാക്കിയ നിയമങ്ങളുടെ പട്ടിക തയാറാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Tags:    
News Summary - kerala assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.