മാലിന്യ സംസ്‌കരണം: നിയമങ്ങൾ കര്‍ശനമായി നടപ്പാക്കും, ലംഘിച്ചാൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്താകെ മാലിന്യ സംസ്‌കരണമെന്ന ചുമതല യുദ്ധകാലാടിസ്ഥാനത്തിലും വിട്ടുവീഴ്ചയില്ലാതെയും നടപ്പാക്കണമെന്നതാണ് ബ്രഹ്‌മപുരത്തിന്റെ പാഠമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യത്തില്‍ സമയബന്ധിതമായി സമഗ്ര കര്‍മപദ്ധതി ജനപങ്കാളിത്തത്തോടെ നടപ്പാക്കാന്‍ സര്‍ക്കാര്‍ നേതൃത്വം കൊടുക്കും.

ഖരദ്രവമാലിന്യങ്ങള്‍, കെട്ടിടാവശിഷ്ടങ്ങള്‍, ബയോമെഡിക്കല്‍ മാലിന്യങ്ങള്‍, ഇ-വേസ്റ്റ് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ എന്നിവയുടെ ശാസ്ത്രീയമായ സംസ്‌കരണവും ഇതിന്റെ ഭാഗമായി ഒരുക്കും. ജനങ്ങളെയാകെ ബോധവല്‍ക്കരിക്കുന്നതിന് വിപുലമായ പ്രചാരണ പരിപാടികള്‍ സംഘടിപ്പിക്കും. മാലിന്യ സംസ്‌കരണം സംബന്ധിച്ച നിയമങ്ങളും ചട്ടങ്ങളും സംസ്ഥാനത്താകെ കര്‍ശനമായി നടപ്പാക്കുന്നുവെന്ന് ഉറപ്പുവരുത്തും. നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമില്ലാത്ത നടപടികള്‍ സ്വീകരിക്കും.

മാലിന്യ സംസ്‌കരണ പ്ലാന്‍റുകള്‍ക്കെതിരായി സങ്കുചിത താല്പര്യത്തോടെ ആസൂത്രിതമായി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങള്‍ കേരളത്തിന് ഇനിയും താങ്ങാനാവില്ല. അത്തരം പ്രതിഷേധങ്ങളെ ഇനിയും വകവെച്ചുകൊടുത്തുകൊണ്ട് മുന്നോട്ടു പോകാനാവില്ല -മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യമുക്ത കേരളമെന്ന ലക്ഷ്യം കൈവരിക്കാനായി രണ്ട് ഘട്ടങ്ങളായുള്ള സമഗ്ര പദ്ധതിയാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിട്ടുള്ളത്. മാര്‍ച്ച് 13 മുതല്‍ മെയ് 31 വരെയും സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഡിസംബര്‍ 31 വരെയുമുള്ള രണ്ട് ഘട്ടങ്ങളായാണ് സര്‍ക്കാര്‍ ഇത് നടപ്പാക്കുക. ഉറവിട മാലിന്യസംസ്‌കരണം, അജൈവ മാലിന്യങ്ങളുടെ വാതില്‍പ്പടി ശേഖരണം, ഹരിതകര്‍മ സേനയുടെ സമ്പൂര്‍ണ വിന്യാസം, പൊതുസ്ഥലങ്ങള്‍ മാലിന്യമുക്തമാക്കല്‍, ജലസ്രോതസ്സുകളുടെ ശുചീകരണം എന്നിവ ഈ കര്‍മ്മപദ്ധതിയുടെ പ്രധാന ഉള്ളടക്കമാണ്.

ഗാര്‍ഹിക ജൈവമാലിന്യം ഉറവിടത്തില്‍ തന്നെ സംസ്‌കരിക്കുന്നതിനുള്ള സാങ്കേതിക പിന്തുണ തദ്ദേശസ്ഥാപനങ്ങള്‍ മുഖേന ലഭ്യമാക്കും. തദ്ദേശ സ്ഥാപന, ജില്ല, സംസ്ഥാന തലങ്ങളില്‍ വാര്‍ റൂമുകള്‍ സജ്ജീകരിക്കും. ജില്ലാതലത്തില്‍ എന്‍ഫോഴ്സ്മെന്റ് ടീമുകളും വിജിലന്‍സ് സ്‌ക്വാഡുകളും രൂപീകരിക്കും. കര്‍മ്മപദ്ധതിയുടെ നടത്തിപ്പ് സംബന്ധിച്ച് തദ്ദേശ സ്ഥാപന തലത്തില്‍ സോഷ്യല്‍ ഓഡിറ്റും നടത്തും. ഇനിയും മെല്ലെപ്പോക്ക് ഇക്കാര്യങ്ങളില്‍ തുടരനാവില്ലെന്നും ദൃഢനിശ്ചയത്തോടെ സര്‍ക്കാര്‍ മുന്നോട്ടുപോവുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. 

Tags:    
News Summary - kerala assembly updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.