ബിനീഷ് കോടിയേരി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത ചിത്രം 

'ഒരേയൊരു കോടിയേരി': വൈറലായി ബിനീഷ് കോടിയേരിയുടെ ഫേസ്ബുക്ക്

തിരുവനന്തപുരം: 'ഒരേയൊരു കോടിയേരി'. പാർട്ടിയെ നയിക്കാൻ എം.വി. ഗോവിന്ദന് സാധിക്കുമോയെന്ന ചോദ്യമാണ് ഫേസ്ബുക്കിലൂടെ ബിനീഷ് കോടിയേരി ഉയർത്തുന്നത്. നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് നേരിട്ട പരാജയത്തിന് പിന്നാലെയാണ് സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരി ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തുവന്നത്. പുഷ്പനെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിൽ കോടിയേരി എത്തിയ ചിത്രത്തിനൊപ്പം ‘ഒരേയൊരു കോടിയേരി’ എന്നെഴുതിയാണ് പോസ്റ്റ്. ഈ പോസ്റ്റാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായത്.

‘കോടിയേരിയെ പോലെ ഗോവിന്ദൻ മാഷിന് ആവില്ല’ എന്നിങ്ങനെയുള്ള കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. പിണറായി കൊള്ളില്ല എന്നല്ലേ ഉദ്ദേശിച്ചത് എന്ന് മറ്റൊരാൾ ബിനീഷിനോട് ചോദിക്കുന്നു. ഇപ്പോൾ പാർട്ടിയെ നയിക്കുന്നത് വെള്ളാപ്പള്ളിയാണ് എന്ന് മറ്റോരു കമന്റ്. എം.വി. ഗോവിന്ദന് പാർട്ടിയെ നയിക്കാനാവില്ലെന്ന് പറയാതെ പറയുന്നതാണ് പല കമന്റുകളും. ബിനീഷ് പങ്കുവെച്ച ചിത്രത്തിൽ എ.എൻ. ഷംസീറും കോടിയേരിക്കൊപ്പം നിൽകുന്നുണ്ട്. കോടിയേരി ബാലകൃഷ്ണനുമായി അടുത്ത ബന്ധമുള്ള ഷംസീറിന് ഇത്തവണ സീറ്റ് ലഭിച്ചില്ല. പാർട്ടിക്ക് കോടിയേരിയെ പോലുള്ള പാർട്ടി സെക്രട്ടറിയെ കിട്ടില്ല. ചില നഷ്ടങ്ങൾ നികത്താനാവില്ലെന്നും കമന്‍റ്റുകളുണ്ട്. 

നിയമസഭ തെരഞ്ഞെടുപ്പിൽ കഴിഞ്ഞ തവണ 99 സീറ്റ് ലഭിച്ച് എൽ.ഡി.എഫിന് ഇത്തവണ 35 സീറ്റാണ് ലഭിച്ചത്. നിയമസഭ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്ക് നേരിട്ട ദയനീയ പരാജയത്തിന് പിന്നാലെ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും രംഗത്തുവന്നു. സംസ്ഥാനത്ത് ഉണ്ടായത് പ്രതീക്ഷിക്കാത്ത തിരിച്ചടിയാണ്. പാർട്ടിയുടെ ശക്തി കേന്ദ്രങ്ങളിൽനിന്ന് വോട്ടുകൾ ചോർന്നത് ഗൗരവത്തോടെ കാണുന്നു. കാരണങ്ങൾ ആഴത്തിൽ പരിശോധിക്കുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

മുൻ തെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തിരുത്തൽ പ്രക്രിയകൾ നടന്നെങ്കിലും അവ ഫലപ്രദമായില്ലെന്നതിൽ  പാർട്ടിക്കുള്ളിൽ തന്നെ വിമർശനമുയരുന്നതിനിടെയാണ് ഗോവിന്ദന്റെ പ്രതികരണം. ജനപിന്തുണ വീണ്ടെടുക്കാൻ പാർട്ടി ആവശ്യമായ സംഘടനാപരമായ മാറ്റങ്ങൾ കൊണ്ടുവരും. ഓരോ മണ്ഡലത്തിലും പ്രദേശത്തും എന്തു സംഭവിച്ചുവെന്ന്  പരിശോധിച്ച ശേഷം പരാജയത്തിന്റെ അടിസ്ഥാനം വ്യക്തമാകൂവെന്ന് അദ്ദേഹം പറഞ്ഞു.

കണ്ണൂരിലെ പാർട്ടിയുടെ ഉരുക്കുകോട്ടകൾ തകർന്നടിഞ്ഞത് നേതൃത്വത്തെ അമ്പരപ്പിച്ചിട്ടുണ്ട്. കേരള ചരിത്രത്തിൽ മുമ്പും തിരിച്ചടികൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇത്തവണത്തെ ആഘാതം വലുതാണ്. വോട്ടുകളുടെ ഏകീകരണം പരാജയത്തിന് പിന്നിലുണ്ടോയെന്ന ചോദ്യത്തിന് അതും പരിശോധനയുടെ ഭാഗമാണെന്നായിരുന്നു മറുപടി. പരാജയത്തിൽനിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് പാർട്ടിയെയും മുന്നണിയെയും ദിശാബോധത്തോടെ തിരികെ കൊണ്ടുവരുമെന്നും അദ്ദേഹം ഉറപ്പുനൽകി.

Tags:    
News Summary - 'The only Kodiyeri': Bineesh Kodiyeri's Facebook goes viral

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.